
കൊട്ടാരമുക്ക് റോഡ് പണിയിലെ അപാകത: നാട്ടുകാരുടെ പരാതി കേൾക്കണമെന്ന് നിർദേശം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നടുവണ്ണൂർ ∙പ്രധാനമന്ത്രി സഡക് യോജനയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന നടുവണ്ണൂർ – കൊട്ടാരമുക്ക് റോഡ് പണിയിലെ അപാകത സംബന്ധിച്ച് നാട്ടുകാർ നൽകിയ പരാതി കേൾക്കാൻ കെഎസ്ആർആർഡിഎ ചീഫ് എൻജിനീയറുടെ നിർദേശം. 5.39 കോടി രൂപ അടങ്കലിൽ 5.34 കിലോമീറ്റർ ദൂരമാണു നവീകരിക്കുന്നത്. ഇത്രയും തുക അനുവദിച്ചിട്ടും റോഡിന് അത്യാവശ്യം വേണ്ട കാര്യങ്ങൾ ഒഴിവാക്കിയാണു നിർമാണം എന്നാണ് ആക്ഷേപം.കാർഗിൽ താഴെ ബസ് കാത്തിരിപ്പു കേന്ദ്രം മുതൽ ഉരുളമ്മൽ താഴെ വരെ റോഡിന്റെ വടക്കു ഭാഗത്തും പാറക്കൽ താഴെ മുതൽ വാകയാട് ഹയർ സെക്കൻഡറി സ്കൂൾ ജംക്ഷൻ വരെയും ഓവുചാൽ പൂർണമായി നിർമിച്ചിട്ടില്ല.
പല സ്ഥലത്തും തകർന്നു കിടക്കുന്ന നിലവിലെ ഓവുചാൽ ഒന്നും ചെയ്തിട്ടില്ല. പാറക്കൽ, മേയച്ചേരിതാഴെ നിലവിൽ ഉണ്ടായിരുന്ന ഡിപ് എടുത്തു മാറ്റിയതോടെ മഴവെള്ളം ഒഴുകി റോഡ് തകരാൻ സാധ്യതയുണ്ട്. വാകയാട് എച്ച്എസ്എസ് ജംക്ഷനിൽ ഓവുചാലിനു കവറിങ് സ്ലാബ് ഇടാത്തതിനാൽ കുട്ടികൾ ബസ് കാത്തു നിൽക്കുന്ന ഭാഗത്ത് അപായസാധ്യതയുണ്ട്.
കുന്നത്തുതാഴെ, നടുക്കണ്ടി താഴെ, ആമയാട്ടുതാഴെ എന്നിവിടങ്ങളിൽ ഓവുചാൽ പൂർത്തീകരിച്ചിട്ടില്ലെന്നും ചീഫ് എൻജിനീയർക്ക് നൽകിയ പരാതിയിൽ പറയുന്നു.നടുവണ്ണൂർ പഞ്ചായത്ത് ഓഫിസിനു സമീപം നിർമിച്ച പുതിയ കലുങ്കിന്റെയും ഓവുചാലിന്റെയും നിർമാണം മൂലം ഉണ്ടായ വെള്ളക്കെട്ട് തടയാൻ കോൺക്രീറ്റ് ഷട്ടർ ഇടുമെന്നു സാങ്കേതിക വിഭാഗവും കരാറുകാരനും ഉറപ്പു നൽകിയെങ്കിലും നടപടിയില്ല. കഴിഞ്ഞ മഴക്കാലത്ത് തൊട്ടടുത്ത വീട്ടുമുറ്റത്തേക്കാണ് വല്ലോറമല ഭാഗത്തു നിന്നുള്ള വെള്ളം എത്തിയത്. തെരുവിൻ തലക്കൽ ഭാഗത്ത് റോഡ് ഉയർന്നതിനാൽ കാഴ്ചപരിമിതി നേരിടുന്ന രണ്ടു വിദ്യാർഥികളും ഭിന്നശേഷിക്കാരിയായ അധ്യാപികയ്ക്കും വീട്ടിലേക്ക് എത്താൻ മാർഗമില്ലാതെ ബുദ്ധിമുട്ടുകയാണ്.
റോഡരികിലെ കൽക്കെട്ടിനു മുകളിൽ പൂർണമായും സ്ലാബിട്ട് മൂടണം എന്നാണ് വീട്ടുകാരുടെ ആവശ്യം. ഇക്കാര്യവും പരിഗണിക്കപ്പെട്ടിട്ടില്ല. അപാകത പരിഹരിച്ച് നാട്ടുകാർക്ക് ഉപകാരപ്പെടും വിധം റോഡ് പണി ഉടൻ പൂർത്തീകരിക്കണമെന്ന് റോഡ് നിരീക്ഷണ സമിതി ഭാരവാഹികളായ ഒ.എം.കൃഷ്ണ കുമാർ, പി.സുധീർ, ഒ.ശ്രീധരൻ എന്നിവർ ആവശ്യപ്പെട്ടു.