
കൂരാച്ചുണ്ട് – എരപ്പാംതോട് റോഡ്: അപകടം പതിവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൂരാച്ചുണ്ട്∙ പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ കൂരാച്ചുണ്ട് – ബാലുശ്ശേരി റോഡിൽ പതിയിൽ ജംക്ഷൻ മുതൽ എരപ്പാംതോട് വരെ 1.400 കിലോമീറ്റർ ദൂരത്തിൽ നടക്കുന്ന പ്രവൃത്തി അശാസ്ത്രീയമെന്ന് പരാതി. 5.50 മീറ്റർ വീതിയിൽ ടാറിങ്ങിനു വേണ്ടി ഈ പ്രധാന റോഡ് ടാറിങ് പൊളിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞു.കാറ്റുള്ളമല പള്ളിയുടെ മുൻപിൽ റോഡരികിലെ വെള്ളക്കെട്ട് ഒഴിവാക്കാനായി പാത കുഴിച്ചതാണ് പ്രധാന പ്രശ്നം.
കഴിഞ്ഞ വർഷം നവീകരണം പൂർത്തീകരിച്ച പാതയുടെ അവസാന ഭാഗത്ത് വലിയ കുഴി രൂപപ്പെട്ടിരിക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ മറിഞ്ഞ് ഒട്ടേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്.ഈ ഭാഗത്ത് മുന്നറിയിപ്പ് ബോർഡ് പോലും സ്ഥാപിച്ചിട്ടില്ല. ഇവിടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നും പാത വെട്ടിപ്പൊളിച്ച ഭാഗത്ത് ക്വാറി അവശിഷ്ടം ഇട്ട് ഗർത്തം ഒഴിവാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വട്ടച്ചിറ ജംക്ഷൻ മേഖലയിലും കുഴി അപകടത്തിന് ഇടയാക്കുന്നുണ്ട്.സ്കൂളിനു മുൻപിൽ പാതയോരം മുതൽ എരപ്പാംതോട് അങ്ങാടിവരെ ഓവുചാൽ നിർമിച്ചാൽ മാത്രമേ റോഡിലെ വെള്ളപ്രശ്നം പരിഹരിക്കാൻ സാധിക്കൂ. ഇപ്പോൾ പള്ളിയുടെ മുൻപിലെ വെള്ളക്കെട്ട് പരിഹരിക്കാൻ റോഡ് വെട്ടിപ്പൊളിച്ച് താഴ്ത്തുന്നതു തികച്ചും അശാസ്ത്രീയമാണെന്ന് പരാതി ഉയർന്നു.
സമീപത്തെ വീടുകളും എരപ്പാംതോട് അങ്ങാടിയും റോഡും വെള്ളക്കെട്ടിലാവും. ഈ ഭാഗത്ത് ഓവുചാൽ നിർമിക്കാൻ എസ്റ്റിമേറ്റ് തയാറാക്കിയെന്നും ഫണ്ട് ലഭിച്ചാൽ മാത്രമേ പ്രവൃത്തി പൂർത്തീകരിക്കാൻ കഴിയൂവെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.ഈ റൂട്ടിലെ 40 വർഷത്തിലേറെ പഴക്കമുള്ള ആനപ്പാറ കുരിശുപള്ളിയുടെ സമീപത്തെ പാലം പുതുക്കിപ്പണിയാനും ഫണ്ട് അനുവദിച്ചിട്ടില്ല. 1.42 കോടി രൂപയുടെ പ്രവൃത്തി അശാസ്ത്രീയമാണെന്നു നാട്ടുകാർ പരാതിപ്പെടുന്നു. റോഡ് ടാറിങ് പൂർണമായും ഇളക്കിയിട്ടതിനാൽ വാഹന യാത്ര ദുഷ്കരമാണ്.