
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് എക്സ്പ്രസ് വേഗം
കോഴിക്കോട്∙ നവീകരണം പുരോഗമിക്കുന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ മഴയ്ക്കു മുന്നേ പൈലിങ് ഉൾപ്പെടെ ഭൂമിക്കടിയിലെ പ്രവൃത്തികൾ തീർക്കാൻ തിരക്കിട്ട ശ്രമം.
സ്റ്റേഷനു പടിഞ്ഞാറു ഭാഗത്തെ പൈലിങ് ജോലികൾ ഏതാണ്ട് പൂർത്തിയായി. കിഴക്കു ഭാഗത്ത് മൾട്ടി ലവൽ പാർക്കിങ് പ്ലാസയുടെ നിർമാണത്തിന്റെ ഭാഗമായ പൈലിങ് അവസാനഘട്ടത്തിലാണ്. ഒന്നാം പ്ലാറ്റ്ഫോമിലെ പ്രധാന ടെർമിനലിന്റെ പൈലിങ് ആണ് ഇപ്പോൾ പുരോഗമിക്കുന്നത്.
ഒരേ സമയം പഴയ കെട്ടിടം പൊളിക്കലും പൊളിച്ച സ്ഥലത്ത് പുതിയ ടെർമിനലിനായി പൈലിങ് ജോലികളും നടക്കുകയാണ്. പഴയ കെട്ടിടം മുക്കാൽ ഭാഗവും പൊളിച്ചുകഴിഞ്ഞു.
പുതിയ ടെർമിനലിന് 200 പൈലിങ് വേണം. അതിൽ 40 എണ്ണം ഇന്നലെ പൂർത്തിയായി. പുതിയ ടെർമിനലായി ഒന്നാം പ്ലാറ്റ്ഫോമിൽ ഉയരുന്നത് 5 നില കെട്ടിടമാണ്.
ഇതിൽ 2 നിലകളും യാത്രക്കാരുടെ ആവശ്യങ്ങൾക്കും ബാക്കി 3 നിലകൾ വാണിജ്യാവശ്യങ്ങൾക്കും ആണ്. നിലവിലുള്ള പ്ലാറ്റ്ഫോമിന്റെ രണ്ടര ഇരട്ടി കൂടുതൽ വീതിയുണ്ടാകും പുതിയതിന്. നിലവിലുള്ള 10 മീറ്ററിൽനിന്ന് 26 മീറ്ററിലേക്കു വീതി വർധിക്കുമ്പോൾ നീളം 120 മീറ്ററായി ചുരുങ്ങും. പുതിയ സ്റ്റേഷൻ കെട്ടിടത്തിൽ അൺ റിസർവ്ഡ്, റിസർവേഷൻ കൗണ്ടറുകളുടെ എണ്ണം നിലവിലുള്ള ഏഴിൽനിന്ന് 19 വീതം ആയി വർധിക്കും.
ലിഫ്റ്റുകൾ 19 ആയും എസ്കലേറ്ററുകൾ 22 ആയും വർധിക്കും. 2027 ജൂണിലാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം പൂർത്തിയാകുക. 36 മാസമാണ് കരാറുകാർക്ക് റെയിൽവേ അനുവദിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]