
ചക്കിട്ടപാറ ∙ കെഎസ്ഇബി ചക്കിട്ടപാറ സെക്ഷൻ ഓഫിസിന്റെ പരിധിയിൽ വൈദ്യുതലൈൻ താഴ്ന്നു കിടക്കുന്നതും ട്രാൻസ്ഫോമറും തൂണുകളും വള്ളിപ്പടർപ്പിലായതും ജനങ്ങൾക്ക് അപകട ഭീഷണിയാകുന്നതായി പരാതി.
നാട്ടുകാർ ഒട്ടേറെ തവണ അധികൃതരെ വിവരമറിയിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.കുളത്തുവയൽ പള്ളിത്താഴെ – മറുമണ്ണ് റോഡിൽ മറുമണ്ണിലെ സിഎൻപി 76ാം നമ്പർ തൂൺ ഭാഗത്ത് വൈദ്യുതലൈൻ താഴ്ന്നതാണ് അപായ ഭീഷണി. ഒട്ടേറെ സ്കൂൾ ബസുകൾ ഉൾപ്പെടെ സഞ്ചരിക്കുന്ന റൂട്ടാണിത്.
ബസിനു തട്ടുന്ന വിധം താഴ്ന്നാണ് ലൈൻ സ്ഥിതി ചെയ്യുന്നത്.
സമീപത്തെ സ്വകാര്യ ഭൂമിയിലെ പന ചെരിഞ്ഞ് വൈദ്യുതലൈനിലേക്കു വീഴാറായ നിലയിലാണ്. ഒട്ടേറെ തവണ നാട്ടുകാർ പരാതി നൽകിയിട്ടും ഉദ്യോഗസ്ഥരെ നേരിൽ സ്ഥിതി കാണിച്ചിട്ടും നടപടിയുണ്ടായില്ല.പെരുവണ്ണാമൂഴി പള്ളിയുടെ സമീപത്തെ എർത്ത് ഡാമിന്റെ മേഖലയിൽ വൈദ്യുതത്തൂണും ലൈനും വള്ളിപ്പടർപ്പിലാണ്.
ജനവാസ കേന്ദ്രങ്ങളിൽ വൈദ്യുതലൈനിന്റെ തടസ്സം മാറ്റുന്ന ജോലി കൃത്യമായി നടക്കാത്തതാണ് പ്രശ്നം. സെക്ഷൻ പരിധിയിൽ ഒട്ടേറെ തൂണുകൾ വള്ളിപടർപ്പിന്റെ പച്ചപ്പിലാണ്.പെരുവണ്ണാമൂഴി –പൊൻമലപ്പാറ റോഡിൽ റിക്രിയേഷൻ ക്ലബ്ബിന്റെ സമീപത്ത് പാതയോരത്തെ ട്രാൻസ്ഫോമറും വള്ളിപ്പടർപ്പിലായതും അപകട
ഭീഷണിയാകുന്നുണ്ട്.
ട്രാൻസ്ഫോമറിന്റെ സുരക്ഷാവേലി കാടുമൂടിയ നിലയിലാണ്. വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ ആളുകൾ സഞ്ചരിക്കുന്ന റോഡാണിത്.
സെക്ഷൻ പരിധിയിലെ വൈദ്യുതത്തൂൺ, ലൈൻ, ട്രാൻസ്ഫോമർ എന്നിവയുടെ അപകടാവസ്ഥ പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
ബാലുശ്ശേരി സ്കൂളിന് സമീപം അപകട ഭീഷണി
കൂറ്റൻ തണൽ മരത്തിന്റെ ശിഖരങ്ങൾക്കടിയിലൂടെ കടന്നു പോകുന്ന വൈദ്യുതലൈൻ അപകട
ഭീഷണി ഉയർത്തുന്നു. മരക്കൊമ്പുകൾ ഏതു നിമിഷവും വീഴാറായ നിലയിലാണ്.
ബാലുശ്ശേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിനു സമീപമാണ് അപകട
ഭീഷണിയുള്ളത്. മരക്കൊമ്പുകൾ വെട്ടിമാറ്റി ഭീഷണി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ മനോജ് കുന്നോത്ത് കെഎസ്ഇബി അധികൃതർക്ക് പരാതി നൽകി.
തോട്ടിൽ വൈദ്യുതത്തൂൺ
അറപ്പീടിക മരപ്പാലത്തിനു സമീപം തോട്ടിൽ സ്ഥാപിച്ച വൈദ്യുതത്തൂൺ മാറ്റാത്തതിൽ പ്രതിഷേധം.
വൈദ്യുതത്തൂൺ തോടിന്റെ ഒഴുക്കിനു തടസ്സമാകുന്നതായി പരാതിയുണ്ട്. ഒഴുക്ക് തടസ്സപ്പെട്ട് തോട് നിറഞ്ഞൊഴുകുന്നതു പ്രദേശത്ത് ദുരിതം സൃഷ്ടിക്കുന്നു.
വൈദ്യുതത്തൂൺ വീഴാനുള്ള സാധ്യതയുണ്ടെന്നു നാട്ടുകാർ പറഞ്ഞു. പ്രശ്നത്തിനു പരിഹാരം ആവശ്യപ്പെട്ട് കെഎസ്ഇബി അധികൃതർക്ക് ഒട്ടേറെ പരാതികൾ നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണു ആക്ഷേപം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]