
പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന് കെഎസ്യു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്യു ജില്ലാ കമ്മിറ്റി കോഴിക്കോട് ആർഡിഡിക്ക് നിവേദനം നൽകി. ജില്ലയിൽ ആവശ്യമായ ബാച്ചുകൾ അനുവദിച്ച് പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണാൻ സർക്കാർ തയാറാവണമെന്ന് കെഎസ്യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം പൂർത്തിയായപ്പോൾ ജില്ലയിൽ പ്രവേശനം ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കുള്ള സീറ്റ് ലഭ്യമല്ലാത്ത സ്ഥിതിയാണെന്ന കെഎസ്യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ് പറഞ്ഞു. 48,056 വിദ്യാർഥികളാണ് ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചത്. കഴിഞ്ഞവർഷത്തെ സർക്കാർ കണക്കുകൾ പ്രകാരം 31,909 മെറിറ്റ് സീറ്റുകൾ മാത്രമാണ് ജില്ലയിൽ ലഭ്യമായിട്ടുള്ളത്. ഇതു പ്രകാരം തന്നെ 16,147 മെറിറ്റ് സീറ്റുകളുടെ കുറവ് ജില്ലയിൽ ഉണ്ടെന്ന് വി.ടി.സൂരജ് വിവരിച്ചു.
എയ്ഡഡ് സ്കൂളുകളിലെയും അൺ എയ്ഡഡ് സ്കൂളുകളിലെയും 11,233 സീറ്റുകളും ചേർത്തുള്ള കണക്കാണ് സർക്കാർ മൊത്തം സീറ്റുകളുടെ എണ്ണമായി പറയുന്നത് പറയുന്നത്. ഇത്തരം സീറ്റുകളിൽ അഡ്മിഷൻ ലഭിക്കാൻ പണം കൊടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇതിന് ശാശ്വതമായ പരിഹാരം കാണാൻ സർക്കാർ തയാറാകണം. എല്ലാവർഷവും സംഭവിക്കുന്നതുപോലെ സീറ്റ് വർധന എന്ന നാടകം കൊണ്ട് ഈ പ്രതിസന്ധി പരിഹരിക്കാൻ സാധ്യമല്ല. സീറ്റ് വർധന ഒരു ക്ലാസ് മുറിയിൽ 65 ൽ അധികം കുട്ടികളെ കുത്തിനിറച്ച് ഇരുത്തേണ്ട ഗതികേടിലേക്കാണ് സ്കൂളുകളെ എത്തിക്കുന്നത്. ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ തന്നെ ബാധിക്കും.
സാധാരണക്കാരായ വിദ്യാർഥികൾക്ക് മെറിറ്റ് സീറ്റിൽ അഡ്മിഷൻ കിട്ടാനുള്ള സാഹചര്യങ്ങൾ ഒരുക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ വരും നാളുകളിൽ കെഎസ്യു ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും വി.ടി സൂരജ് സൂചിപ്പിച്ചു. കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി സനൂജ് കുരുവട്ടൂർ ജില്ലാ ഭാരവാഹികളായ ഫുആദ് സനീൻ, തനുദേവ് കൂടാംപൊയിൽ, വി.കെ അയിഷ, ജോയൽ ആന്റണി എന്നിവരും ആർഡിഡിക്ക് നിവേദനം സമർപ്പിക്കാൻ ജില്ലാ പ്രസിഡന്റിന് ഒപ്പമുണ്ടായിരുന്നു.