താമരശ്ശേരി∙ ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റിൽ നിർത്തിയിട്ടിരുന്ന 7 വലിയ വാഹനങ്ങളും ഒരു ഓട്ടോയും 3 ഇരുചക്ര വാഹനങ്ങളും സംഘർഷത്തിൽ കത്തിനശിച്ചു. പ്ലാന്റിന്റെ പല ഭാഗങ്ങളും തീപിടിച്ചു നശിച്ചു. പരുക്കേറ്റവരെ ഉടൻ തന്നെ ആംബുലൻസിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്കു നീക്കി.
കണ്ണീർവാതകം പ്രയോഗിക്കുന്നതിനിടയിൽ അവശനിലയിലായ വനിതാ പൊലീസുകാരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കല്ലേറിൽ പരുക്കേറ്റ വടകര എസ്പി കെ.ഇ.ബൈജു, താമരശ്ശേരി എഎസ്ഐ സൂരജ്, റൂറൽ എസ്പിയുടെ ഗൺമാൻ സുഗേഷ് എന്നിവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലേറിൽ റൂറൽ എസ്പിയുടെ മൂക്കിലും ചുണ്ടിലും മുറിവുകളുണ്ട്. നടക്കാവ് സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കു ശേഷം രാത്രി എട്ടരയോടെ അരയിടത്തുപാലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
എഎസ്ഐ സൂരജിന്റെ ഇടത് കണങ്കാലിനു മുകളിലാണ് കല്ലേറിൽ എല്ലു പൊട്ടിയത്. ഇന്ന് ശസ്ത്രക്രിയ നടത്തുമെന്നു ആശുപത്രി അധികൃതർ പറഞ്ഞു.
കല്ലേറിൽ ഗൺമാൻ സുഗേഷിനു ഇടത്തേ കൈ പത്തിക്കാണ് പരുക്കേറ്റത്. മറ്റു 16 പൊലീസുകാരെ താമരശ്ശേരി, കൊടുവള്ളി ഭാഗത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളവർ: സി.കെ.ഷുഹൈബ്(44), പ്രകാശൻ (50), ശ്രീജിത് (44), റെജിൻ (39), സുഭാഷ് ചന്ദ്രബോസ് (58), മഹേഷ് (30), ഷംസീറ (40).
സമാധാനപരമായി സമരം ചെയ്യുന്നതിനിടെയാണു പൊലീസ് ആക്രമിച്ചതെന്നു സംഘർഷത്തിൽ പരുക്കേറ്റ ഷുഹൈബ് പറഞ്ഞു. ഗ്രനേഡ് പൊട്ടിത്തെറിച്ച് ശുഹൈബിന്റെ കാലിനും ഇടതു കൈക്കും പരുക്കേറ്റു. മകനും 7 വയസ്സുള്ള മകൾക്കുമൊക്കെ കണ്ണീർ വാതകമേറ്റു ശ്വാസം മുട്ടലുണ്ടായിതായും ഷുഹൈബ് പറഞ്ഞു.
ഫ്രഷ് കട്ട് അടച്ചുപൂട്ടിയേ തീരൂ: എം.കെ.മുനീർ എംഎൽഎ
താമരശ്ശേരി∙ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി സമാധാനത്തോടെ സമരം ചെയ്തവരെ ക്രൂരമായി നേരിട്ടവർ മറുപടി പറയേണ്ടിവരുമെന്ന് കൊടുവള്ളി എംഎൽഎ എം.കെ.മുനീർ.
ആയിരക്കണക്കിന് ജനങ്ങളുടെ സ്വൈര ജീവിതത്തിന് ഭീഷണിയായ ഫ്രഷ് കട്ട് മാലിന്യ കേന്ദ്രത്തിന് എതിരായ പ്രതിഷേധം അടിച്ചമർത്തുന്നത് പ്രതിഷേധാർഹമാണ്. കിലോമീറ്ററുകൾ ചുറ്റളവിൽ ദുർഗന്ധം പരത്തുന്ന ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സമരസമിതി നടത്തിയ സമരത്തെ ചോരയിൽ മുക്കി ഇല്ലാതാക്കാനാണ് അധികൃതരും പൊലീസും ശ്രമിച്ചത്.
പ്രതിഷേധിച്ച ജനങ്ങൾക്ക് നേരെ മുന്നറിയിപ്പില്ലാതെ ടിയർ ഗ്യാസ് ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് അതിക്രമം അഴിച്ചുവിട്ടത് മൂലം ഒട്ടേറെ സമരക്കാർക്കാണ് പരുക്കേറ്റത്. സമാധാനപരമായി സമരം ചെയ്യുന്നവർക്ക് നേരെ നടന്ന ഈ കയ്യേറ്റം അംഗീകരിക്കാനാവില്ല.
പൊതുജനാരോഗ്യത്തെയും പ്രദേശവാസികളുടെ സമാധാനപരമായ ജീവിതത്തെയും ബാധിക്കുന്ന ഈ മാലിന്യ പ്ലാന്റ് എത്രയും പെട്ടെന്ന് അടച്ചുപൂട്ടാൻ അധികൃതർ തയാറാകണം. ആയിരക്കണക്കിന് ജനങ്ങളെ ബന്ധികളാക്കി കുത്തക മാലിന്യ കേന്ദ്രത്തെ സംരക്ഷിക്കാമെന്നത് വ്യാമോഹമാണ്.
ഫ്രഷ് കട്ട് അടച്ചുപൂട്ടുക മാത്രമാണ് സമാധാനത്തിനുള്ള പോംവഴിയെന്നും എം.കെ.മുനീർ വ്യക്തമാക്കി.
ആസൂത്രിത അക്രമം: ഡിഐജി യതീഷ് ചന്ദ്ര
താമരശ്ശേരി∙ നടന്നത് ആസൂത്രിതവും ക്രൂരവുമായ അക്രമമെന്നു കണ്ണൂർ മേഖലാ ഡിഐജി യതീഷ് ചന്ദ്ര പറഞ്ഞു. ‘അകത്തു ജീവനക്കാരുള്ളപ്പോൾ ഒരു സ്ഥാപനത്തിനു തീയിടുന്നതും അഗ്നിരക്ഷാസേനയെ തടഞ്ഞുനിർത്തുന്നതും എത്ര ക്രൂരമാണ്.
പൊലീസ് ഇതുവരെ മാനുഷിക പരിഗണന വച്ചാണെല്ലാം ചെയ്തത്. ഇനി ഞങ്ങൾ നിയമം മാത്രം നോക്കി കാര്യങ്ങൾ നീക്കും.
സ്ഥാപിത താൽപര്യക്കാർ പാവപ്പെട്ടവരെയും കുട്ടികളെയും മുന്നിൽ നിർത്തി നേട്ടമുണ്ടാക്കാൻ ശ്രമിച്ചതാണ്. അവരുടെ പേരിൽ നടപടിയെടുക്കും.’ അദ്ദേഹം പറഞ്ഞു.
ജനകീയ സമരത്തെ അടിച്ചമർത്തരുത്
കോഴിക്കോട്∙ജനകീയ സമരത്തെ അടിച്ചമർത്തുന്നതു പ്രതിഷേധാർഹമാണെന്നു വെൽഫെയർ പാർട്ടി പറഞ്ഞു.
സംഘർഷങ്ങൾക്ക് ഉത്തരവാദി പൊലീസാണെന്നും ജില്ലാ ജനറൽ സെക്രട്ടറി സാലിഹ് കൊടപ്പന പറഞ്ഞു.
മാലിന്യസംസ്കരണം
താമരശ്ശേരി∙ കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോടിലെ ഇറച്ചിപ്പാറയിലാണ് ഫ്രഷ്കട്ട് ഓർഗാനിക് പ്രൊഡക്ട്സ്. കോഴി മാലിന്യം സംസ്കരിക്കുന്നതിനുള്ള ജില്ലയിലെ ഏക പ്ലാന്റാണിത്.
സംയുക്ത ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ 5 വർഷത്തിലധികമായി ഇവിടെ നാട്ടുകാരുടെ സമരം നടക്കുന്നുണ്ട്. ഇരുതുള്ളിപ്പുഴ മലിനമാകുന്നുവെന്നും നാറ്റം കാരണം 4000ൽ പരം കുടുംബങ്ങൾക്കു ജീവിക്കാൻ പറ്റാത്ത സാഹചര്യമാണന്നും പറഞ്ഞാണു നാട്ടുകാർ സമരത്തിനിറങ്ങിയത്.
തൊട്ടടുത്തുള്ള താമരശ്ശേരി, കോടഞ്ചേരി, ഓമശ്ശേരി പഞ്ചായത്തുകളിൽ നിന്നുള്ളവരും പ്ലാന്റിനെതിരാണ്. കഴിഞ്ഞമാസം 7ന് നാട്ടുകാർ ഫാക്ടറിക്കു മുന്നിൽ രാത്രിയും പകലും പ്രതിഷേധിക്കുകയും മാലിന്യവുമായെത്തിയ വാഹനങ്ങൾ തടയുകയും ചെയ്തു. പിറ്റേന്ന്, കലക്ടർ സ്നേഹിൽ കുമാർ സിങ് അനുരഞ്ജന യോഗം വിളിച്ചുവെങ്കിലും അലസിപ്പിരിഞ്ഞു.
അനുവദനീയമായതിന്റെ പത്തിരട്ടി കോഴി മാലിന്യം സംസ്കരിക്കുന്നതിനാലാണു പരിസരവും പുഴയും മലിനപ്പെട്ടതെന്നാണു നാട്ടുകാരുടെ ആരോപണം. ദിവസവും 20 ടൺ ആണു പ്ലാന്റിന്റെ ശേഷി.
എന്നാൽ, 200 ടൺ കോഴിമാലിന്യമാണു പ്ലാന്റിൽ സംസ്കരിക്കുന്നത്. സമിതിയുടെ ചെയർമാൻ ബാബു കുടുക്കിൽ പറഞ്ഞു. പ്രക്ഷോഭത്തെ തുടർന്നു കഴിഞ്ഞ മേയിൽ ഒരു മാസത്തോളം പ്ലാന്റ് അടച്ചിരുന്നു.
പരിസരമലിനീകരണം പരിഹരിക്കാമെന്നു കമ്പനി ഉറപ്പു നൽകിയ ശേഷമാണു തുറന്നത്. എന്നാൽ, ഉറപ്പു പാലിച്ചില്ലെന്നു സംരക്ഷണ സമിതി പ്രവർത്തകർ ആരോപിച്ചു.
സ്ഥാപനത്തിന്റെ ലൈസൻസ് കട്ടിപ്പാറ പഞ്ചായത്ത് പുതുക്കിയില്ലെങ്കിലും ജില്ലാതല ഫെസിലിറ്റേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ അനുവാദത്തോടെയാണു പ്രവർത്തനം തുടരുന്നത്. കോടതി ഉത്തരവ് പ്രകാരം പൊലീസ് സംരക്ഷണവുമുണ്ട്.
തുടരുന്ന സമരം, സംഘർഷം
താമരശ്ശേരി∙ ഫ്രഷ് കട്ട് പ്ലാന്റിനെതിരായ സമരവുമായി ബന്ധപ്പെട്ടു സമരസമിതി ഭാരവാഹികളായ 2 പേരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയതു വൻ പ്രതിഷേധത്തിനു കാരണമായിരുന്നു.
സമരസതിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനു മുന്നിൽ വൻ പ്രതിഷേധം തീർത്തതോടെ ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചങ്കിലും പ്ലാന്റ് അടച്ചപൂട്ടണമെന്നാവശ്യപ്പെട്ട് സമരം ശക്തിപ്പെടുത്താൻ സമര സമിതി തീരുമാനിച്ചതിനെ തുടർന്നാണ് ഇന്നലെ രാവിലെ പ്ലാന്റിലേക്കുള്ള റോഡ് ഉപരോധം വീണ്ടും ആരംഭിച്ചത്. താമരശ്ശേരി ഡിവൈഎസ്പി ചന്ദ്രമോഹൻ, ഇൻസ്പെക്ടർ എ.സായൂജ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം എല്ലാവിധ സന്നാഹങ്ങളുമായി സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
താമരശ്ശേരി തഹസിൽദാർ കെ.ഹരീഷും സ്ഥലത്ത് എത്തി. രാവിലെ സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും പ്രതിഷേധം കനത്തതോടെ പൊലീസ് പിൻവാങ്ങുകയായിരുന്നു.
സമരസമിതി നേതാക്കളും ജനപ്രതിനിധികളും മറ്റുമായി ഡിവൈഎസ്പിയും തഹസിൽദാരും സംസാരിച്ചെങ്കിലും പ്ലാന്റ് അടയ്ക്കാതെ പിരിഞ്ഞ് പോകില്ലെന്ന നിലപാടിൽ സമരക്കാർ ഉറച്ച് നിന്നു.
ലാത്തിച്ചാർജിൽ പ്രതിഷേധം
കോടഞ്ചേരി∙ ശുദ്ധവായുവിനും ശുദ്ധജലത്തിനും വേണ്ടിയുള്ള അതിജീവനത്തിനായി അമ്പായത്തോട്ടിൽ കോഴി അറവു മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് ഇരുതുള്ളിപ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമാധാനപരമായി നടത്തിയ സമരത്തെ പൊലീസിനെ ഉപയോഗിച്ച് ഗ്രനേഡ് എറിഞ്ഞും ലാത്തിച്ചാർജ് നടത്തിയും ക്രൂരമായി മർദിച്ച നടപടിയിൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കോഴിക്കോട് ജില്ലയിലെ മുഴുവൻ അറവു മാലിന്യവും ചുമക്കേണ്ട
ബാധ്യത ഇരുതുള്ളിപ്പുഴയുടെ തീരത്ത് വസിക്കുന്ന ജനങ്ങൾക്ക് ഇല്ല എന്നും ഏകാധിപത്യപരമായി ഈ മേഖല കയ്യടക്കി വച്ചിരിക്കുന്ന എൽഡിഎഫ് നേതാക്കന്മാരെ ജനം തിരിച്ചറിയുമെന്നും യോഗം വിലയിരുത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോബി ഇലന്തൂർ യോഗം ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, യുഡിഎഫ് ചെയർമാൻ കെ.എം.പൗലോസ്, സണ്ണി കാപ്പാട്ടുമല, ജോസ് പൈക, ലിസി ചാക്കോ, ചിന്ന അശോകൻ, റെജി തമ്പി, വാസുദേവൻ ഞാറ്റുകാലായിൽ, ഫ്രാൻസിസ് മുണ്ടാട്ടിൽ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

