
പേരാമ്പ്ര∙ സ്വകാര്യ ബസ് ഇടിച്ച് വിദ്യാർഥി മരിച്ച സംഭവത്തിൽ രണ്ടാം ദിനവും വ്യാപക പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുറ്റ്യാടി –കോഴിക്കോട് റൂട്ടിൽ സർവീസ് നടത്താൻ എത്തിയ സ്വകാര്യ ബസ് പേരാമ്പ്ര ടൗണിൽ തടഞ്ഞു. പൊലീസ് എത്തി ബസ് തടഞ്ഞവരെ മാറ്റി.
പിന്നീട് പ്രവർത്തകർ ടൗണിൽ പ്രകടനവും വിശദീകരണ യോഗവും നടത്തി. ആർടിഒ ഓഫിസിലേക്ക് പ്രകടനമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കവാടത്തിൽ പൊലീസ് തടയാൻ ശ്രമിച്ചതോടെ മതിൽ ചാടി കടന്ന് ആർടിഒയുടെ മുറിയിൽ എത്തി കസേരയിൽ വാഴ വച്ച് പ്രതിഷേധിച്ചു.
വീണ്ടും പൊലീസ് എത്തിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പുറത്താക്കിയത്. 10 മണിയോടെ എസ്എഫ്ഐ പ്രവർത്തകരും ആർടിഒ ഓഫിസ് ഉപരോധം തുടങ്ങി. ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് ആരംഭിച്ച യൂത്ത് ലീഗ് പ്രകടനം ആർടിഒ ഓഫിസ് പരിസരത്ത് എത്തിയതോടെ സമരത്തിന്റെ ഗതി മാറി. ആയിരക്കണക്കിനു പ്രവർത്തകരെ തടയാൻ പൊലീസിനു കഴിഞ്ഞില്ല. യൂത്ത് ലീഗ് മാർച്ച് പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ മതിൽ ചാടിക്കടക്കാനുള്ള ശ്രമം തുടങ്ങി.
എസ്എഫ്ഐ പ്രവർത്തകരും ബാരിക്കേഡ് തകർത്ത് ഉള്ളിൽ കടക്കാനുള്ള ശ്രമം തുടങ്ങി. 11 മണിയോടെ ബിജെപിയും സമരവുമായി എത്തി.
ബിജെപി മാർച്ച് പൊലീസ് തടഞ്ഞതോടെ സംഘർഷത്തിൽ കലാശിച്ചു. ആർടിഒ ഓഫിസിനു മുന്നിൽ ആദ്യം സമരം തുടങ്ങിയ എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാതെ യൂത്ത് ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പൊലീസിനെതിരെ ജനരോഷം ഉയർന്നു.
ബലം പ്രയോഗിച്ചാണ് യൂത്ത് ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്.
എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങിയപ്പോൾ സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ എത്തി തടഞ്ഞു. ബിജെപി പ്രവർത്തകർ ബൈപാസിൽ എത്തി റോഡ് ഉപരോധിക്കാൻ തുടങ്ങിയതോടെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.ആർടിഒ ഓഫിസിനു മുന്നിൽ സമരം നടത്തിയ എസ്എഫ്ഐ പ്രവർത്തകർ പിന്നീട് പിരിഞ്ഞുപോയി.സമരം ഇന്നും തുടരുമെന്ന് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, ബിജെപി, എസ്എഫ്ഐ നേതാക്കൾ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]