
മഴ: ദുരിതങ്ങൾ തുടരുന്നു; വടകരയിൽ സർവീസ് റോഡിൽ വെള്ളക്കെട്ട്
വടകര ∙ പണി നടക്കുന്ന ദേശീയപാതയുടെ താൽക്കാലിക സർവീസ് റോഡിൽ വെള്ളക്കെട്ട്. ഇതു കാരണം ഗതാഗതക്കുരുക്ക് രൂക്ഷം.
വാഹനങ്ങൾ ദേശീയ പാതയിൽ നിന്നു മാറി ഇട റോഡുകളെ ആശ്രയിച്ചതോടെ അവിടെയും കുരുക്കായി.
കരിമ്പനപ്പാലത്ത് റോഡ് നിറയെ ചെളി മൂടിയതു കൊണ്ട് നടന്നു പോകാൻ പോലും ബുദ്ധിമുട്ടാണ്. പുതിയ ബസ് സ്റ്റാൻഡ് പരിസരം, ലിങ്ക് റോഡ് ജംക്ഷൻ, അടയ്ക്കാത്തെരു, പെരുവാട്ടിൻ താഴ എന്നിവിടങ്ങളിൽ കുഴിയും ചെളിയും നിറഞ്ഞു കിടക്കുകയാണ്.
മഴ കനക്കുമ്പോൾ വെള്ളക്കെട്ട് ഒഴിഞ്ഞു പോകുന്നില്ല. ഇത് കാരണം ഗതാഗതം ബുദ്ധിമുട്ടായി.
സമീപത്തെ കടകളിലേക്ക് കയറാൻ കഴിയുന്നില്ല. പല കടകളിലും കച്ചവടം നടക്കുന്നില്ല.
സർവീസ് റോഡ് പണിയുമ്പോൾ സമീപത്ത് ഓവുചാലുണ്ടാക്കി സ്ലാബിട്ടിരുന്നു. എന്നാൽ, ഇതിലെ മണ്ണും മാലിന്യവും നീക്കിയിരുന്നില്ല.
ഓവുചാലിലേക്ക് വെള്ളം ഒഴുകി പോകാനുള്ള വഴികളും അടഞ്ഞിരിക്കുകയാണ്. പാത പണിയുമ്പോൾ നിലവുള്ള ഓവുചാലുകളുടെ ഒഴുക്ക് തടസ്സപ്പെടുത്തിയതും പ്രശ്നമായി.
മഴ തുടർന്നാൽ ദേശീയ പാതയിലൂടെയുള്ള ഗതാഗതം തീർത്തും ബുദ്ധിമുട്ടാകുമെന്ന് ഡ്രൈവർമാർ പറയുന്നു. വടകര ദേശീയ പാതയിൽ ലിങ്ക് റോഡ് ജംക്ഷനു സമീപം ഇന്നലെ രാവിലെ പെയ്ത മഴയിൽ രൂപപ്പെട്ട
വെള്ളക്കെട്ട്.
അഴുക്കുചാൽ പണി വൈകുന്നു; കല്ലാച്ചിയിൽ കടകളിൽ വെള്ളം
കല്ലാച്ചി∙ മഴയിൽ സംസ്ഥാനപാതയിൽ വെള്ളക്കെട്ട് പതിവായതോടെ കടകളിലേക്ക് വെള്ളം കയറുന്നു. ടൗൺ വികസന പ്രവൃത്തി പൂർത്തിയാകാത്തതിനാൽ റോഡിലെ വെള്ളക്കെട്ട് പതിവാണ്. വ്യാപാരികളും കെട്ടിട
ഉടമകളും സ്ഥലം വിട്ടു നൽകാൻ വൈകിയതാണ് റോഡ്, അഴുക്കുചാൽ പ്രവൃത്തി തുടങ്ങാൻ വൈകാൻ കാരണം. ഇപ്പോൾ, ഭൂരിഭാഗം വ്യാപാരികളും സ്ഥലം വിട്ടു നൽകാൻ സന്നദ്ധരായിട്ടുണ്ട്.
ചില ഉടമകൾ സ്ഥലം വിട്ടു നൽകാതെ കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. വെള്ളക്കെട്ട് രൂപപ്പെടുന്നതോടെ റോഡിൽ ഗതാഗതക്കുരുക്കും പതിവാണ്.
അഴുക്കുചാൽ സ്ലാബിട്ടു മൂടി; കക്കട്ടിൽ ടൗണിൽ മഴവെള്ളം റോഡിൽ
കക്കട്ടിൽ∙ ടൗണിൽ അഴുക്കുചാൽ വീതികൂട്ടി സ്ലാബിട്ട് നടപ്പാത നിർമിച്ചപ്പോൾ റോഡിൽ നിന്നു മഴവെള്ളം ചാലുകളിലേക്ക് ഒഴുകിപ്പോകുന്നില്ലെന്നു പരാതി. വെള്ളം റോഡിലൂടെയാണ് ഒഴുക്കുന്നത്. റോഡ് പണി നടക്കുമ്പോൾ തന്നെ ഈ പ്രശ്നം ചൂണ്ടിക്കാണിച്ചെങ്കിലും ആരും ഗൗരവത്തിലെടുത്തില്ലെന്നാണ് യാത്രക്കാരുടെയും കച്ചവടക്കാരുടെയും പരാതി.
കനത്ത മഴയിൽ വെള്ളം കടകളിലേക്ക് കയറാൻ ഇടയുണ്ട്. റോഡിൽ നിന്ന് അഴുക്കുചാലിലേക്ക് വെള്ളം ഒഴുകിയെത്താൻ നടപ്പാതയുടെ സൈഡിൽ ചെറിയ ഗ്യാപ്പുകൾ വേണമെന്നാണ് കച്ചവടക്കാർ പറയുന്നത്. ടൗണിന് തൊട്ട് കിടക്കുന്ന പാറയിൽ താഴെ തോട്ടിലേക്ക് ടൗണിലെ മലിന ജലം ഒഴുകിയെത്തുന്നതെന്നാണ് പരാതി.
കൊതുകുശല്യം കാരണം വീടുകളിൽ ഇരിക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും പഞ്ചായത്തും ആരോഗ്യവകുപ്പും ഉറവിടം കണ്ടെത്തി നടപടി എടുക്കണമെന്നും പരിസരവാസികൾ പറയുന്നു. വീടുകളിലെ കിണർ വെള്ളം ഇത് മൂലം മലിനപ്പെടുമെന്ന ആശങ്കയിലാണ് പരിസരവാസികൾ.
കക്കട്ടിൽ ടൗണിൽ അഴുക്കുചാൽ വീതികൂട്ടി സ്ലാബിട്ട് നടപ്പാത നിർമിച്ചപ്പോൾ മഴവെള്ളം ചാലുകളിലേക്ക് പോകാതെ റോഡിലൂടെ ഒഴുകുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]