
ഒരുതുള്ളി വെള്ളമില്ലാതെ പീച്ചാംപാറ; ഇരുതുള്ളിപ്പുഴ മാത്രം ആശ്രയം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോടഞ്ചേരി ∙ പഞ്ചായത്തിലെ മൈക്കാവ് പീച്ചാംപാറ മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷം. 38 കുടുംബങ്ങൾ താമസിക്കുന്ന പീച്ചാംപാറയിൽ കുടിവെള്ള വിതരണ പദ്ധതികൾ പലതും സ്ഥാപിച്ചെങ്കിലും വെള്ളം മാത്രം ഇല്ല. ഇപ്പോൾ 5 ദിവസം കൂടുമ്പോൾ ഒരു ദിവസം പഞ്ചായത്ത് വാഹനത്തിൽ എത്തുന്ന കുടിവെള്ളത്തെ ആശ്രയിച്ചാണ് പീച്ചാംപാറ നിവാസികൾ കഴിയുന്നത്.
40 വർഷം മുൻപ് പീച്ചാംപാറയ്ക്ക് സമീപം കുളവും ജലസംഭരണിയും മോട്ടർ പമ്പ് സെറ്റും പൈപ്പ് ലൈനുകളും സ്ഥാപിച്ചെങ്കിലും പമ്പ് സെറ്റിന്റെ പവർ കുറവായതിനാൽ പമ്പിങ് നടന്നില്ല. പിന്നീട് ആ പദ്ധതി പുനരാരംഭിക്കാനും നടപടി ഉണ്ടായില്ല. തുടർന്ന് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കുടിവെള്ള വിതരണ പദ്ധതി വന്നെങ്കിലും വിതരണം ഉണ്ടായില്ല.
പിന്നീട് ജല അതോറിറ്റിയുടെ ശുദ്ധജല വിതരണ പൈപ്പുകളും രണ്ടാമത്തെ ജല സംഭരണിയും സ്ഥാപിച്ചെങ്കിലും ഉയരം കൂടിയ പ്രദേശമായ പീച്ചാംപാറയിലേക്ക് പൈപ്പുകളിൽ വെള്ളം എത്തുന്നത് വല്ലപ്പോഴും മാത്രമായി. പിന്നീട് അതും വരാതെയായി. പൈപ്പുകളിൽ കുടിവെള്ളം കിട്ടുന്നില്ലെങ്കിലും ജല അതോറിറ്റിയിൽ ഭാരിച്ച തുക കുടിശികയാണ് ഓരോ കുടുംബത്തിനും. കുടിവെള്ളം കിട്ടാത്ത പൈപ്പ് കണക്ഷനുകൾക്കു ചാർജ് അടയ്ക്കാതെ പ്രതിഷേധ സമരത്തിലാണ് പല കുടുംബങ്ങളും.
പുതിയ പദ്ധതിയായ ജലജീവൻ മിഷന്റെ ശുദ്ധ ജല വിതരണ പൈപ്പുകളും ഇവിടെ സ്ഥാപിക്കുന്നതിനു നടപടി വൈകുകയാണ്. ത്രിതല പഞ്ചായത്തുകളും സംസ്ഥാന ജല അതോറിറ്റിയും പീച്ചാംപാറയോട് കാണിക്കുന്ന കടുത്ത അവഗണനയിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ. കുടിവെള്ളം കിട്ടാതായതോടെ പീച്ചാംപാറയിൽ നിന്നു 4 കുടുംബങ്ങൾ വീട് ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് താമസം മാറിപ്പോയി.പഞ്ചായത്ത് വാഹനങ്ങളിൽ എത്തിക്കുന്ന കുടിവെള്ള വിതരണം ഒന്നിടവിട്ട ദിവസങ്ങളിലായി ക്രമപ്പെടുത്തി പീച്ചാംപാറയിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരം ഉണ്ടാക്കണമെന്ന് നിവാസികൾ ആവശ്യപ്പെട്ടു.
കുടിവെള്ളം കിട്ടാൻ ഓട്ടോ പിടിക്കണം
പീച്ചാംപാറയിൽ കിടപ്പുരോഗികളുള്ള 4 വീടുകളുണ്ട്. ആവശ്യത്തിനു വെള്ളം ഇല്ലാതെ ബുദ്ധിമുട്ടുകയാണ് ഓരോ കുടുംബവും. ഇവിടത്തുകാർ ഓട്ടോറിക്ഷ വിളിച്ച് ഏറെ ദൂരെ ഇരുതുള്ളിപ്പുഴയിൽ പോയാണ് കുളിക്കുന്നതും വസ്ത്രങ്ങൾ അലക്കുന്നതും. 2000 രൂപ നൽകിയാണ് പല കുടുംബങ്ങളും വാഹനങ്ങളിൽ വെള്ളം എത്തിക്കുന്നത്. കൂടാതെ പ്രായമായവരും കുട്ടികളും അടക്കം കുന്നു കയറി ദൂരത്തുള്ള വീടുകളിലെ കിണറുകളിൽ നിന്നും തലച്ചുമടായും വെള്ളം കൊണ്ടു വരുന്നുണ്ട്.