കോഴിക്കോട് ∙ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നാളെ മുതൽ നടത്തുന്ന അനിശ്ചിതകാല പണിമുടക്കിൽ ജില്ലയിലെ മുഴുവൻ ബസുടമകളും പങ്കെടുക്കുമെന്ന് ജില്ലാ ബസ് ഉടമ സംയുക്ത സമര സമിതി ചെയർമാൻ കെ.ടി.വാസുദേവൻ, കൺവീനർ കെ.രാധാകൃഷ്ണൻ എന്നിവർ പറഞ്ഞു. ലിമിറ്റഡ് സ്റ്റോപ്, ദീർഘദൂര ബസുകളുടെ പെർമിറ്റ് അതേപടി പുതുക്കി നൽകുക, വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുക, ബസ് ജീവനക്കാർക്ക് പിസിസി വേണമെന്ന കരിനിയമം പിൻവലിക്കുക, ഇ–ചെലാൻ വഴിയുള്ള അനാവശ്യ പിഴ ചുമത്തൽ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ഇവിടെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് പിസിസി വേണ്ട, അതേ സമയം ബസ് ജീവനക്കാർക്ക് പിസിസി വേണമെന്നതാണ് നിയമമെന്നും കെ.ടി.വാസുദേവൻ പറഞ്ഞു.
പല കാര്യങ്ങളിലും കോടതിയുടെ ഉത്തരവു പോലും ഉദ്യോഗസ്ഥർ പരിഗണിക്കുന്നില്ല. 35,000 സ്വകാര്യ ബസുകൾ ഉണ്ടായിരുന്നത് എട്ടായിരമായി കുറഞ്ഞു.
പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഈ മേഖല മുന്നോട്ടു പോകുന്നത്. അശാസ്ത്രീയമായ രീതിയിൽ പെർമിറ്റ് നൽകുന്നതാണ് മത്സര ഓട്ടത്തിനു കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. സമരം ചെയ്താലേ ആനുകൂല്യം ലഭിക്കുകയുള്ളുവെന്ന അവസ്ഥയിലാണ് സ്വകാര്യ ബസ് മേഖലയെന്നും പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്തുമ്പോൾ മന്ത്രിയിൽ നിന്നു പോലും വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നും കെ.രാധാകൃഷ്ണൻ പറഞ്ഞു.
സർവീസ് നടത്തും: ഓപ്പറേറ്റേഴ്സ് ഫോറം
കോഴിക്കോട് ∙ ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറത്തിന്റെ മുഴുവൻ ബസുകളും സർവീസ് നടത്താൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ബസ് ഉടമകൾ ഉന്നയിച്ചിട്ടുള്ള പ്രധാന ആവശ്യങ്ങൾ ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനമായതിനാലും രാഷ്ടീയ തീരുമാനം ആവശ്യമായവ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്താമെന്നു മന്ത്രി അറിയിച്ചതിനാലുമാണ് സമരത്തിൽ പങ്കെടുക്കാത്തതെന്നു കമ്മിറ്റി അറിയിച്ചു. എം.കെ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.സി.ഗഫൂർ, പി.വി.ബഷീർ, പാറക്കിൽ അബു ഹാജി എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]