പേരാമ്പ്ര ചെറുവണ്ണൂർ കക്കറ മുക്കിൽ കാറിനുള്ളിൽ ഗർഭിണിയായ യുവതി വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. സോനയെന്ന യുവതിയുടെ മരണത്തിൽ ആത്മഹത്യാ സാധ്യത തള്ളിക്കളയുകയാണ് ബന്ധുക്കൾ.
പൊലീസ് പ്രാഥമികമായി ആത്മഹത്യയെന്ന നിഗമനത്തിൽ എത്തിയെങ്കിലും കുടുംബം ഇത് പൂർണമായും നിഷേധിക്കുകയാണ്. സംഭവദിവസം പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം വാങ്ങിയത് സോനയാണെങ്കിലും, ഭർത്താവ് രജിൻ ലാൽ നിർബന്ധിച്ച് വാങ്ങിപ്പിച്ചതാകാം എന്ന സംശയമാണ് യുവതിയുടെ അമ്മ വസന്ത ഉന്നയിക്കുന്നത്.
സംഭവം നടന്ന ദിവസം രാവിലെ 10.30-ന് താൻ സോനയുമായി ഫോണിൽ സംസാരിച്ചിരുന്നതായി വസന്ത വെളിപ്പെടുത്തി. കുടുംബപ്രശ്നങ്ങളൊന്നും ഉള്ളതായി അന്ന് സൂചന നൽകിയിരുന്നില്ലെന്നും, രണ്ട് ദിവസത്തിനുള്ളിൽ വീട്ടിലേക്ക് വരുമെന്ന് മകൾ പറഞ്ഞിരുന്നതായും അവർ വ്യക്തമാക്കി.
ഗർഭകാലത്തെ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് രണ്ട് മാസമായി പാലേരിയിലെ സ്വന്തം വീട്ടിലായിരുന്ന സോനയെ, രജിൻ ലാൽ ഗൾഫിൽ നിന്ന് തിരിച്ചെത്തിയ ശേഷമാണ് കൂട്ടിക്കൊണ്ടുപോയത്. കേസ് വഴിതിരിച്ചുവിടാൻ ശ്രമം നടക്കുന്നതായും മകൾക്ക് നീതി ലഭിക്കണമെന്നും അമ്മ ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന രജിൻ ലാലിന്റെ പിതാവ് രാജൻ മറുവാദവുമായി രംഗത്തെത്തി. തന്റെ മകനെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
“സോന ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. പെട്രോൾ വാങ്ങി അവളെയും മകനെയും കാറും കത്തിക്കാനാണ് ശ്രമിച്ചത്” എന്ന് രാജൻ ആരോപിച്ചു.
സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായുള്ള അന്വേഷണത്തിലാണ് പൊലീസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

