കോഴിക്കോട് ∙ ദേശീയപാത 66ൽ അഴിയൂർ – വെങ്ങളം റീച്ച് മാർച്ചിൽ പൂർത്തിയാകുമെന്നാണ് കഴിഞ്ഞ സെപ്റ്റംബറിൽ കലക്ടർ സ്നേഹിൽ കുമാർ സിങ്ങും ഒക്ടോബറിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസും പറഞ്ഞത്. അഴിയൂർ മുതൽ വെങ്ങളം വരെ യാത്ര ചെയ്ത് പ്രവൃത്തി വിലയിരുത്തിയാണ് കലക്ടർ പ്രതികരിച്ചതെങ്കിൽ, ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്, നിർമാണ പുരോഗതി വിലയിരുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
ജനുവരിയായി, പക്ഷേ, പ്രവൃത്തി കാര്യമായി പുരോഗമിച്ചിട്ടില്ലെന്ന് ഇതുവഴി യാത്ര ചെയ്യുന്ന ആർക്കും മനസ്സിലാകും.
അഴിയൂർ – നാദാപുരം റോഡ്, നാദാപുരം റോഡ് – പുതുപ്പണം ഭാഗങ്ങളിൽ നിർമാണം ഇഴയുകയാണെന്ന് ഇന്നലെ തന്നെ നമ്മൾ കണ്ടതാണല്ലോ. 40.78 കിലോമീറ്റർ പാത മാർച്ചിൽ തീരുമെന്നു പറഞ്ഞ്, സർ, നിങ്ങൾ ആരെയാണു പറ്റിക്കുന്നത്? നിർമാണത്തിനായി നികുതിപ്പണവും വാഹനം വാങ്ങുമ്പോൾ റോഡ് നികുതിയും നിർമാണ ശേഷം പാതയിലൂടെ യാത്ര ചെയ്യാൻ ടോളും നൽകുന്ന പാവം നാട്ടുകാരെയോ?
തിരുവങ്ങൂരിനു വേണം ഫ്ലൈ ഓവർ
വെങ്ങളം – അഴിയൂർ റീച്ച് ആരംഭിക്കുന്ന തിരുവങ്ങൂരിൽ അടിപ്പാതയുടെ നിർമാണം പുരോഗമിക്കുകയാണ്.
സർവീസ് റോഡുകളുടെ പണി പൂർത്തിയായിട്ടുണ്ട്. തിരുവങ്ങൂരിൽ ദേശീയപാതയുടെ നിർമാണം അശാസ്ത്രീയമാണെന്നു പരാതി ഉയർന്നിരുന്നു.
ഇവിടെ റോഡിൽ 700 മീറ്ററോളം നീളത്തിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്നു റോഡ് പൊളിച്ച് നീക്കി വീണ്ടും നിർമിക്കുന്ന പ്രവൃത്തിയാണു പുരോഗമിക്കുന്നത്. തിരുവങ്ങൂരിലെ മണ്ണിന്റെ ഗുണനിലവാരവും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കണക്കിലെടുത്ത് ഇവിടെ ഫ്ലൈ ഓവർ നിർമിക്കണമെന്ന് ഷാഫി പറമ്പിൽ എംപി ആവശ്യപ്പെട്ടിരുന്നു. തിരുവങ്ങൂർ അടിപ്പാതയ്ക്ക് സമീപം സർവീസ് റോഡുകൾക്കു വീതി കുറവായതും വെല്ലുവിളിയാണ്.
രാവിലെയും വൈകിട്ടും വലിയ ഗതാഗതക്കുരുക്കുണ്ട്. ഫ്ലൈഓവർ ആയാൽ സർവീസ് റോഡിനു വീതി കൂടുകയും ഈ പ്രശ്നത്തിനും പരിഹാരം കാണാൻ സാധിക്കുകയും ചെയ്യും.
കുന്നിടിയുമെന്ന് പേടിച്ച് ഇന്നും കുന്ന്യോറമല
നന്തി – ചെങ്ങോട്ടുകാവ് 11 കിലോമീറ്റർ ബൈപാസിൽ പന്തലായനി പുത്തലത്തു കുന്നിനും കുന്ന്യോറമലയ്ക്കുമിടയിലുള്ള ഒരു കിലോമീറ്ററാണു കാര്യമായി നിർമാണം ബാക്കി.
കുന്ന്യോറമലയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള ഭാഗത്തു വീണ്ടും ഭൂമി ഏറ്റെടുക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും നടപടി ഒന്നുമായിട്ടില്ലെന്ന് റവന്യു ഉദ്യോഗസ്ഥർ പറഞ്ഞു. കൂമൻതോട് റോഡിൽ നിർമിച്ച അടിപ്പാതയ്ക്കു സമീപം റോഡിൽ പാർശ്വഭിത്തി നിർമിക്കുന്ന പ്രവൃത്തി പൂർണമായിട്ടില്ല.
ഇവിടെ കനാൽ ക്രോസ് ചെയ്യുന്നിടത്തു നിർമിച്ച പാലത്തിനും കുന്ന്യോറമലയ്ക്കുമിടയിൽ ഇനിയും മണ്ണിട്ടുയർത്തേണ്ടതുണ്ട്. ഇവിടെ സർവീസ് റോഡിന്റെ പണി പൂർത്തിയായിട്ടില്ല.
നന്തിയിൽ കിഴൂർ റോഡിൽ അണ്ടർപാസ് നിർമാണം വൈകിയാണു തുടങ്ങിയത്. പൊയിൽക്കാവിൽ അണ്ടർപാസ് നിർമിച്ച സ്ഥലത്തു റോഡു നിർമാണം പൂർത്തിയായിട്ടില്ല. ചെങ്ങോട്ടുകാവിൽ അടിപ്പാതയുടെ കോൺക്രീറ്റ് പണി നടക്കുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

