ചെറുവണ്ണൂർ∙ മൂന്നു കോടി രൂപ ചെലവിട്ടു നിർമിച്ച കുണ്ടായിത്തോട് ആമാംകുനി റെയിൽ അടിപ്പാതയിൽ വാഹനഗതാഗതം സാധ്യമാകില്ലെന്ന ആശങ്കയിൽ നാട്ടുകാർ. റെയിൽപാതയുടെ പ്രതലത്തിൽ നിന്ന് ഒന്നര മീറ്ററോളം താഴ്ചയിൽ കോൺക്രീറ്റ് ബോക്സ് സ്ഥാപിച്ചതാണ് പ്രതിസന്ധി.
റെയിലിന് കുറുകെ ബോക്സ് സ്ഥാപിച്ചതോടെയാണ് പോരായ്മകൾ വെളിച്ചത്തു വന്നത്.
ഭൂനിരപ്പിൽ നിന്നു 3 മീറ്റർ ഉയരം ലക്ഷ്യമിട്ടാണ് ആമാംകുനി അടിപ്പാതയുടെ രൂപരേഖ. 8.5 മീറ്റർ നീളത്തിൽ നിർമിച്ച 2 കോൺക്രീറ്റ് ബോക്സുകൾ റെയിലിനു അടിഭാഗത്തെ മണ്ണ് തുരന്ന് ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ചാണ് തള്ളി നീക്കിയത്.
അടിത്തറ കോൺക്രീറ്റ് ചെയ്യാതെ ഒരുമാസം മുൻപ് സ്ഥാപിച്ച കോൺക്രീറ്റ് ബോക്സ് ക്രമേണ ഒരു അടിയോളം ചെളിയിൽ താഴ്ന്നതായി നാട്ടുകാർ പറഞ്ഞു.
ചതുപ്പു പ്രദേശത്ത് നിർമിച്ച അടിപ്പാതയിൽ വെള്ളം കെട്ടിനിൽക്കുകയാണ്. മഴ മാറിയിട്ടും വെള്ളം വറ്റാത്തതിനാൽ ഇതുവഴി എങ്ങനെ വാഹനങ്ങളുമായി പോകുമെന്ന ചോദ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.
കുത്തനെ കയറ്റമായ ചെറുവനശ്ശേരി പറമ്പ് റോഡിലേക്ക് പ്രവേശിക്കുന്ന വിധത്തിലാണ് അടിപ്പാത നിർമിച്ചിരിക്കുന്നത്. ഇതിനാൽ അപ്രോച്ച് റോഡ് നിർമാണം വലിയ വെല്ലുവിളിയാണ്.
നിലവിലെ റോഡ് ഏറെ താഴ്ചയിൽ മണ്ണെടുത്തു വേണം അപ്രോച്ച് റോഡ് ബന്ധിപ്പിക്കാൻ.
ഇതു റോഡിന് ഇരുവശത്തെയും താമസക്കാരെ ബാധിക്കുമെന്ന ആധിയുണ്ട്. പരിസരവാസികൾക്ക് വീടുകളിലേക്കു കടക്കാൻ പറ്റാത്ത സ്ഥിതിയാകും.
അടിപ്പാതയുടെ റെയിലിനു കുറുകെയുള്ള ഭാഗം മാത്രമാണ് റെയിൽവേ നിർമിക്കുക. റെയിൽവേയുടെ പ്രവൃത്തികൾ കഴിഞ്ഞതിനാൽ ഇനിയൊരു മാറ്റം സാധ്യമല്ല. ഇരുവശത്തും അപ്രോച്ച് റോഡ് നിർമാണം പെട്ടെന്നു നടപ്പാക്കിയാൽ മാത്രമേ കോടികൾ മുടക്കിയ അടിപ്പാത ജനങ്ങൾക്ക് ഉപകാരപ്രദമാകൂ.
കുണ്ടായിത്തോട് മനോജ് പാക്കേജിങ് റോഡിൽ റെയിലിനു കുറുകെയുള്ള 950-ാം നമ്പർ ഓവുപാലത്തിനു സമീപത്താണ് അടിപ്പാത. 3 മീറ്റർ ഉയരത്തിലും 4 മീറ്റർ വീതിയിലും നിർമിച്ച പാതയ്ക്ക് 28 മീറ്റർ നീളമുണ്ട്.
റെയിൽവേ സമർപ്പിച്ച എസ്റ്റിമേറ്റ് തുകയായ 2.98 കോടി രൂപ സംസ്ഥാന സർക്കാർ ഡിപ്പോസിറ്റ് ചെയ്താണ് നിർമാണം തുടങ്ങിയത്.
ഡിപിആർ തയാറാക്കുന്നതിനു സെന്റേജ് ചാർജായി 4.58 ലക്ഷം രൂപയും നേരത്തേ റെയിൽവേക്കു കൈമാറിയിരുന്നു. മൊത്തം 3.02 കോടി രൂപ ചെലവായെങ്കിലും നാട്ടുകാരുടെ ചിരകാല സ്വപ്നം യാഥാർഥ്യമാകാൻ ഇനിയുമേറെ കാത്തിരിക്കണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

