ബാലുശ്ശേരി ∙ തലേ ദിവസം ഉണ്ടായ സംഘർഷത്തെക്കുറിച്ച് പൊലീസ് സ്റ്റേഷനിൽ മൊഴി നൽകി തിരികെ പോവുകയായിരുന്ന വാർഡ് മെംബർക്കും യൂത്ത് കോൺഗ്രസ് നേതാവിനും നേരെ നടുറോഡിൽ ഗുണ്ടാ ആക്രമണം. കോട്ടൂർ പഞ്ചായത്ത് 12–ാം വാർഡ് മെംബർ കെ.കെ.റെനീഷ് (34), യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജന.സെക്രട്ടറി സുവീൻ ചെറിയമഠത്തിൽ (29) എന്നിവർക്കു നേരെയാണ് ആക്രമണം ഉണ്ടായത്.
പരുക്കേറ്റ ഇരുവരെയും ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബോർഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വാകയാട് അങ്ങാടിയിൽ സിപിഎം, യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൊഴി നൽകി തിരികെ പോകുമ്പോൾ വൈകിട്ട് കാട്ടാമ്പള്ളി റോഡിൽ തറോൽ കയറ്റത്തിൽ വച്ചായിരുന്നു ആക്രമണമെന്ന് വാർഡ് മെംബർ പറഞ്ഞു. രണ്ട് ബൈക്കുകളിലായാണു റെനീഷും സുവീനും സഞ്ചരിച്ചിരുന്നത്.
മറ്റൊരു ബൈക്കിൽ എത്തിയവർ മുന്നിൽ സഞ്ചരിച്ചിരുന്ന മെംബറെ തടഞ്ഞു.
ഉടൻ പിന്നാലെ ഇന്നോവ കാറിൽ എത്തിയ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് സുവീൻ പറഞ്ഞു. മെംബറെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് സുവീനു പരുക്കേറ്റത്.
നാട്ടുകാർ ഓടിക്കൂടിയതിനാൽ മാത്രമാണ് തങ്ങൾ രക്ഷപ്പെട്ടതെന്നും അക്രമി സംഘം മാരകായുധങ്ങൾ കരുതിയിരുന്നതായും ഇവർ പറഞ്ഞു.
കഴിഞ്ഞ ദിവസം സംഘർഷം ഉണ്ടാക്കിയതിനു സിപിഎം നേതാക്കൾക്കെതിരെ പരാതി നൽകാൻ പോയതിനാണു ഇരുവരെയും ക്വട്ടേഷൻ സംഘത്തെ വിട്ട് വധിക്കാൻ ശ്രമിച്ചതെന്ന് യുഡിഎഫ് ആരോപിച്ചു. ഇത് സിപിഎം നിഷേധിച്ചു.
പരാതി സ്വീകരിക്കുകയോ മൊഴികൾ കൃത്യമായി രേഖപ്പെടുത്തുകയോ ചെയ്യാതെ എസ്എച്ച്ഒ സിപിഎമ്മിനു വേണ്ടി പ്രവർത്തിക്കുകയാണെന്ന് ആരോപിച്ച് യുഡിഎഫ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഗേറ്റ് തള്ളിത്തുറക്കാൻ പ്രവർത്തകർ ശ്രമിച്ചത് സംഘർഷം സൃഷ്ടിച്ചു.
തുടർന്ന് പേരാമ്പ്ര ഡിവൈഎസ്പി എൻ.രാജേഷ് എത്തി യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

