
കോഴിക്കോട്∙ ഹരിയാന കേന്ദ്രീകരിച്ച് ലഹരിക്കടത്തുകാർക്ക് എംഡിഎംഎ കൈമാറുന്ന സംഘത്തിന്റെ പണമിടപാടുകളിലെ പ്രധാന കണ്ണിയായ യുവതിയെ എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാമിലെ ഫാസിൽപുർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ബിഹാർ പറ്റ്ന സ്വദേശി സീമ സിൻഹ ആണ് അറസ്റ്റിലായത്.
3 വർഷത്തെ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസം മറ്റൊരു കേസിൽ തൃശൂർ ജില്ലയിൽ നിന്നാണു പിടികൂടിയത്.
ഇവർക്കൊപ്പം കേരളത്തിൽ പ്രവർത്തിച്ച യുവാവിനെ കഴിഞ്ഞ ദിവസം എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഫറോക്ക് കരുവൻതിരുത്തി സ്വദേശി കിച്ചു എന്ന പ്രജീഷിനെ അറസ്റ്റ് ചെയ്തതോടെയാണ് യുവതിയെക്കുറിച്ചു വിവരം ലഭിച്ചത്. ഇതോടെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഇതുവരെ 3 പേർ പിടിയിലായി.
2022ൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ 98 ഗ്രാം എംഡിഎംഎയുമായി രാമനാട്ടുകര ഫാറൂഖ് കോളജ് സ്വദേശി ഫാസിറിനെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതിക്ക് രാജ്യാന്തര ലഹരി മരുന്നു വിൽപന സംഘവുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയ സാഹചര്യത്തിൽ കേസ് അന്വേഷണം എക്സൈസ് ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.ജുനൈദിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ, ദക്ഷിണേന്ത്യയിലേക്കു കടത്തുന്ന ലഹരിമരുന്നിനു പണം എത്തുന്നത് ഹരിയാനയിൽ നിന്നാണെന്നു കണ്ടെത്തി.
പണം സീമ സിൻഹയുടെ അക്കൗണ്ടിലേക്കാണ് എത്തുന്നതെന്നും വിവരം ലഭിച്ചു.
നേരത്തേ പിടിയിലായ ഫാസിർ പന്തീരാങ്കാവ് പുത്തൂർമഠം സ്വദേശി അബ്ദുൽ ഗഫൂറുമായി ചേർന്നാണ് പണം യുവതിക്ക് അയച്ചതെന്നും കണ്ടെത്തി. മുത്തങ്ങ കേസിൽ 1,05,000 രൂപ അയച്ച വിവരം ലഭിച്ചു.
ഈ സംഭവത്തിൽ അബ്ദുൽ ഗഫൂറിനെയും അറസ്റ്റ് ചെയ്തു. എംഡിഎംഎ ബെംഗളൂരുവിൽ നിന്നു വാങ്ങിയത് കരുവൻതിരുത്തി സ്വദേശി പ്രജീഷാണെന്നു പിടിയിലായ പ്രതികൾ മൊഴി നൽകിയിരുന്നു.
സീമ സിൻഹയ്ക്ക് നോട്ടിസ് നൽകിയെങ്കിലും ഹാജരായില്ല.
തുടർന്ന് അന്വേഷണ സംഘം ഹരിയാന ഗുരുഗ്രാമിലെ ഫാസിൽപുരിൽ എത്തിയെങ്കിലും പ്രതി ബിഹാറിലേക്ക് കടന്നു. താൽക്കാലിക വിലാസത്തിൽ രേഖകൾ ഉണ്ടാക്കി ബാങ്ക് അക്കൗണ്ട് തുടങ്ങിയ ശേഷം ലഹരി മരുന്നുമായി ബന്ധപ്പെട്ട
ഇടപാടുകൾ നടത്തുന്നതായിരുന്നു യുവതിയുടെ രീതി. ഇതിനായി നൈജീരിയൻ സ്വദേശികളെയും ഉപയോഗിച്ചതായി എക്സൈസ് പറഞ്ഞു.
പ്രതിയുടെ 8 ബാങ്ക് അക്കൗണ്ടുകളിലൂടെ ഏതാനും ദിവസം കൊണ്ടു കോടികളുടെ പണമിടപാടാണ് നടന്നിരുന്നതെന്നു അന്വേഷണ സംഘം പറഞ്ഞു.
തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ലഹരിക്കേസിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയതിന് രണ്ടാഴ്ച മുൻപ് തൃശൂർ പൊലീസാണു സീമ സിൻഹയെ അറസ്റ്റ് ചെയ്തത്. തൃശൂർ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന സീമ സിൻഹയെ ഇന്നലെ ക്രൈംബ്രാഞ്ച് എക്സൈസ് സംഘം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ.വി.സുഗന്ധകുമാർ, പി.സജീവ്, സിവിൽ എക്സൈസ് ഓഫിസർ എ.ജിബിൽ, എൻ.രാജേഷ് എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]