
കല്യാണ വീട്ടിൽനിന്ന് ‘സമ്മാനപ്പെട്ടി’ പൊക്കി കള്ളൻ; കവർന്നത് പണം നിറച്ച കവർ ഇട്ട പെട്ടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പേരാമ്പ്ര ∙ കല്യാണ വീട്ടിൽ കവർച്ച. ‘സമ്മാനപ്പെട്ടി’ പൊക്കി കള്ളൻ. കല്യാണ വീട്ടിൽ എത്തുന്നവർ പണം നിറച്ച കവർ ഇട്ട പെട്ടിയാണ് കള്ളൻ കൊണ്ടുപോയത്. പേരാമ്പ്ര പൈതോത്ത് റോഡിലെ കോറോത്ത് സദാനന്ദന്റെ വീട്ടിലായിരുന്നു മോഷണം. ഞായറാഴ്ച സദാനന്ദന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹമായിരുന്നു. കല്യാണത്തിന് വധുവിനു ലഭിച്ച പാരിതോഷികങ്ങൾ അടങ്ങിയ പെട്ടിയാണ് കള്ളൻ കവർന്നത്.
പണം അടങ്ങിയ പെട്ടി വിവാഹ ശേഷം വീട്ടിനകത്ത് മുറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. വീട്ടുകാർ ഉറങ്ങുന്ന സമയത്ത് വീടിന്റെ പിൻവശത്തെ ഇരുമ്പ് ഗ്രില്ലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് പണമടങ്ങിയ പെട്ടി എടുക്കുകയായിരുന്നു.
പെട്ടി വീടിനു സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് പണമടങ്ങിയ കവറുകളുമായി കടന്നു. തിങ്കളാഴ്ച കാലത്ത് പന്തൽ പൊളിക്കാനായി എത്തിയ തൊഴിലാളികളാണ് പെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടെയാണ് പെട്ടി നഷ്ടപ്പെട്ട വിവരം വീട്ടുകാരും അറിയുന്നത്. രാത്രി വീട്ടിൽ സദാനന്ദനും ഭാര്യയും മകനും മാത്രമാണ് ഉണ്ടായിരുന്നത്. പെട്ടിയുടെ പൂട്ട് തകർത്ത നിലയിലാണ്. സദാനന്ദന്റെ പരാതി പ്രകാരം പേരാമ്പ്ര ഡിവൈഎസ്പി വി.വി.ലതീഷിന്റെ നേതൃത്വത്തിൽ പൊലീസും ഡോഗ് സ്ക്വാഡും വടകരയിൽ നിന്ന് വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി.