കോഴിക്കോട് ∙ ‘മറ്റാരെങ്കിലുമായിരുന്നെങ്കിൽ ആത്മഹത്യ ചെയ്തു പോയേനെ…’ എസ്ഐആർ പ്രവർത്തനത്തിനുള്ള ബിഎൽഒയും മരാമത്തു വകുപ്പിലെ സീനിയർ ക്ലാർക്കുമായ പി.എം.അസ്ലം പറയുന്നതു കഴിഞ്ഞ ശനിയാഴ്ച മേലുദ്യോഗസ്ഥരിൽ നിന്നു നേരിട്ട മോശം അനുഭവങ്ങൾ.
വീഴ്ച വരുത്തിയെന്ന് ആരോപിച്ച് അസ്ലമിനു കഴിഞ്ഞ ദിവസം ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസറുടെ ചുമതലയുള്ള സബ് കലക്ടർ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു.
‘പരിചയമല്ലാത്ത ബൂത്ത് ആയതിനാൽ മാറ്റിത്തരണമെന്ന അഭ്യർഥന തുടക്കത്തിലേ തള്ളി. ആദ്യദിനം 300 ഫോമുകളും പിന്നീട് 500 ഫോമുകളുമാണു തന്നത്.
കുറച്ചു ദിവസം കഴിഞ്ഞാണു ബാക്കി തന്നത്. 984 വോട്ടർമാരാണു ബൂത്തിലുള്ളത്.
പക്ഷേ, മൂന്നാം ദിവസം മുതൽ ഇആർഒയുടെ ഓഫിസിൽനിന്നു വിളിച്ച് സമ്മർദം തുടങ്ങി. ഫോം വിതരണം തീരെക്കുറവാണെന്നു പറഞ്ഞായിരുന്നു വിളികൾ.
വളരെ മോശമായാണ് അവർ സംസാരിച്ചത്. 390 ഫോം മാത്രമേ വിതരണം ചെയ്തുള്ളൂവെന്നു പറഞ്ഞ് 14ന് എനിക്കു കാരണം കാണിക്കൽ നോട്ടിസ് ലഭിച്ചു.
പക്ഷേ, ഇതു കംപ്യൂട്ടർ തകരാറാണ്. ഞാൻ, അപ്പോഴേക്കും 500 പേരെ ചേർത്തിട്ടുണ്ട്.
15നു മറുപടിയുമായി ഇആർഒയുടെ ഓഫിസിൽ എത്തിയപ്പോഴും വളരെ മോശം അനുഭവമാണു നേരിട്ടത്.
മറ്റു ജീവനക്കാരുടെ മുന്നിൽ വച്ച്, ശകാരിക്കുന്ന രീതിയിലാണു സബ് കലക്ടർ സംസാരിച്ചത്. അപമാനിക്കുന്ന വാക്കുകളാണ് ഉപയോഗിച്ചത്.
25 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ ആദ്യമായാണ് ഇത്രയും മോശമായ അനുഭവമുണ്ടായത്. എന്നെ പിരിച്ചുവിടണമെന്നും മെമ്മോ ഉടൻ അയയ്ക്കുമെന്നും എന്റെ മേലുദ്യോഗസ്ഥനോടു ഫോണിൽ വിളിച്ചു പറഞ്ഞു.
മറ്റൊരാളായിരുന്നു എന്റെ സ്ഥാനത്തെങ്കിൽ ആത്മഹത്യ ചെയ്തേനെ…’ അസ്ലം പറയുന്നു.
പരിചിതമല്ലാത്ത വാർഡ് ആയതിനാൽ, 24 മണിക്കൂർ ജോലി ചെയ്താൽ പോലും 100 ഫോമുകൾ ഒരു ദിവസം സത്യസന്ധമായി വിതരണം ചെയ്യാൻ കഴിയില്ലെന്നും അസ്ലം പറഞ്ഞു. ‘കൃത്യമായി പറഞ്ഞു മനസ്സിലാക്കിക്കാൻ, 10 മിനിറ്റെങ്കിലും ഒരിടത്തു വേണം.
ഇതിനു ശേഷം, അവർ ഫോം പൂരിപ്പിക്കുമ്പോഴും വിളിക്കും. ആ സംശയങ്ങളും തീർത്തുകൊടുക്കണം.
പകൽ, മിക്ക വീടുകളിലും ആളുണ്ടാകില്ല. അതിരാവിലെയും വൈകിട്ടും രാത്രിയിലും മാത്രമേ ജോലി നടക്കൂ.
രാവിലെ ഇറങ്ങിയാൽ, രാത്രി 10 കഴിഞ്ഞാലും പൂർത്തിയാകാത്ത സ്ഥിതി’ – അസ്ലം പറഞ്ഞു. കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ 96–ാം നമ്പർ ബൂത്താണ് അസ്ലത്തിനു ലഭിച്ചത്.
എൻജിഒ ക്വാർട്ടേഴ്സും സിഎച്ച് കോളനിയും ഉൾപ്പെടുന്നതാണീ ഭാഗം.
ജോലി സമ്മർദം തുടരുന്നതായി ബിഎൽഒമാർ
കോഴിക്കോട് ∙ ജീവനക്കാരന്റെ ആത്മഹത്യയ്ക്കും വിവാദങ്ങൾക്കിടയിലും എസ്ഐആർ ജോലി സമ്മർദം തുടരുന്നതായി ബിഎൽഒമാർ. വിശദാംശങ്ങൾ പൂരിപ്പിച്ച ശേഷം വോട്ടറുടെ കയ്യിൽനിന്നു തിരിച്ചു വാങ്ങിയ എന്യൂമറേഷൻ ഫോമുകളിലെ വിവരങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതു സംബന്ധിച്ച സമ്മർദം തുടങ്ങിയെന്നാണു പരാതി. ഇന്നു മുതൽ വെള്ളി വരെ, ക്യാംപുകളിലും പ്രത്യേക കേന്ദ്രങ്ങളിലും ഓഫിസുകളിലും വിശദാംശങ്ങൾ ഓൺലൈൻ ആയി നൽകണമെന്നാണു നിർദേശം.
ആയിരത്തോളം ഫോമുകളിലെ വിശദാംശങ്ങൾ ഓൺലൈൻ ആയി നൽകാൻ 3 ദിവസം മതിയാകില്ലെന്നാണു ബിഎൽഒമാർ പറയുന്നത്.
ഓൺലൈൻ ആയി വിവരം നൽകുന്നതിനു പരിശീലനം ലഭിച്ചിട്ടില്ലെന്നും ഇതു പ്രയാസമുണ്ടാക്കുന്നുവെന്നുമാണു പരാതി.
ഫോം വിതരണം ചെയ്യുമ്പോൾ ഫോട്ടോ എടുത്ത് മൊബൈൽ ആപ് വഴി അപ്ലോഡ് ചെയ്യണമെന്നു നിർദേശമുണ്ട്. ടാർജറ്റ് തികയ്ക്കുന്നതിന്, വിതരണം ചെയ്യാത്ത ഫോമുകളുടെ ഫോട്ടോ അപ്ലോഡ് ചെയ്തവർ ഏറെയുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

