കൂടരഞ്ഞി ∙ പെരുമ്പൂളയിലെ കൃഷി സ്ഥലത്തെ പൊട്ടക്കിണറ്റിൽ അകപ്പെട്ടത് പുലിയാണെന്നു സ്ഥിരീകരിച്ചു. 4 ദിവസത്തെ തിരച്ചിലിനൊടുവിലാണു വനം വകുപ്പിന്റെ സ്ഥിരീകരണം.
വെള്ളമില്ലാത്ത കിണറിന്റെ അടിത്തട്ടിൽ ഗുഹയും ഒട്ടേറെ ഗർത്തങ്ങളുമുള്ളതിനാലാണു കിണറ്റിൽ അകപ്പെട്ട ജീവി ഏതാണെന്നു കണ്ടെത്താൻ ദിവസങ്ങൾ എടുത്തത്.
വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ വ്യാഴാഴ്ച രാത്രി ദൃശ്യം പതിഞ്ഞെങ്കിലും പുലി ആണോ കടുവ ആണോ എന്നു സ്ഥിരീകരിക്കാൻ സാധിച്ചില്ല. തുടർന്നു വെള്ളിയാഴ്ച വിഡിയോ ക്യാമറയും വനം വകുപ്പിന്റെ രാത്രികാഴ്ച ഉള്ള സ്റ്റിൽ ക്യാമറയും കിണറ്റിൽ ഇറക്കി.
ഇരയായി കോഴിയെയും വച്ചു. തുടർന്നുള്ള നിരീക്ഷണത്തിലാണ വെള്ളിയാഴ്ച രാത്രി ഗർത്തത്തിൽ നിന്നു പുറത്തെത്തിയ പുലി കോഴിയെ കൊണ്ടു പോകുന്നത് ക്യാമറയിൽ പതിഞ്ഞത്.
ആരോഗ്യമുള്ള പുലി ആണെന്ന് സ്ഥിരീകരിച്ചതോടെ പുലിയെ പിടികൂടാനുള്ള ശ്രമമാണ് ഇന്നലെ നടത്തിയത്.
കിണറ്റിനു സമീപം എത്തുന്നത് ഏറെ ശ്രമകരമാണ്. പെരുമ്പൂള അങ്ങാടിയിൽ നിന്നു വാഹനം വരുന്ന 2 കിലോമീറ്റർ കഴിഞ്ഞ് 250 മീറ്റർ കുന്ന് കയറി വേണം കിണറിനു സമീപം എത്താൻ. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ.പി.പ്രേംഷമീർ, ആർആർടി റേഞ്ച് ഓഫിസർ കെ.ഷജീവ്, ഡപ്യൂട്ടി റേഞ്ച് ഓഫിസർ പി.സുബീർ, മുക്കം അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫിസർ എം.അബ്ദുൽ ഗഫൂർ എന്നിവരുടെ നേതൃത്വത്തിൽ വനപാലകരും അഗ്നിരക്ഷാസേനയും പഞ്ചായത്ത് അംഗം ജോണി വാളിപ്ലാക്കലിന്റെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്നാണു കിണറിന്റെ സമീപത്തേക്ക് പ്രത്യേകം സജ്ജീകരിച്ച കൂട് ചുമന്ന് എത്തിച്ചത്. പിന്നീട്, അഗ്നിരക്ഷാസേനയുടെ റെസ്ക്യു സ്റ്റാൻഡ് ഉപയോഗിച്ച് കപ്പിയിൽ കിണറ്റിനു ഉള്ളിലേക്കു കൂട് ഇറക്കി.
കൂട്ടിൽ ഇരയായി കോഴിയെയും കെട്ടിയിട്ടുണ്ട്. പിന്നീട് കിണർ വലയിട്ടു മൂടി.
സമീപത്ത് ആർആർടിയും സെക്ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരും കാവൽ ഏർപ്പെടുത്തി.
രാത്രി കൂട്ടിൽ പുലി കുടുങ്ങിയാൽ അതിനെ പുറത്തെടുത്തു മറ്റേതെങ്കിലും പ്രദേശത്തുള്ള വനത്തിൽ തുറന്നു വിടുമെന്നാണു റേഞ്ച് ഓഫിസർ അറിയിച്ചത്. ഇതിനായി,വാഹനം എത്തുന്ന സ്ഥലം വരെ വലിയ കൂട് വനം വകുപ്പ് എത്തിച്ചു. 4 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ കിണറ്റിൽ അകപ്പെട്ടതു പുലിയാണെന്നു സ്ഥിരീകരിച്ചതിന്റെ ആശ്വാസത്തിലാണു നാട്ടുകാർ.
കഴിഞ്ഞ ജനുവരിയിൽ ഈ പ്രദേശത്തിന് സമീപത്ത് നിന്ന് ഒരു പുലിയെ വകുപ്പ് കൂട് വച്ചു പിടികൂടിയിരുന്നു.
അതിനു ശേഷവും പരിസര പ്രദേശങ്ങളിൽ പലരും ഒട്ടേറെ തവണ പുലിയെ കണ്ടതായി പറഞ്ഞിരുന്നു. ബുധനാഴ്ച രാവിലെയാണ് പെരുമ്പൂള കുര്യാളശ്ശേരി കുര്യന്റെ ഉപയോഗശൂന്യമായ, ആൾമറ ഇല്ലാത്ത കിണറ്റിൽ പുലി അകപ്പെട്ടത്. സമീപവാസികൾ ശബ്ദം കേട്ട് നോക്കിയപ്പോൾ കിണറിന്റെ അടിത്തട്ടിൽ പുലിയെ കണ്ടെങ്കിലും ആൾ പെരുമാറ്റം അറിഞ്ഞ പുലി ഗുഹയ്ക്കുള്ളിലേക്കു കയറി. തുടർന്നു പടക്കം പൊട്ടിച്ച് പുറത്തെത്തിക്കാൻ വനം വകുപ്പ് ശ്രമിച്ചെങ്കിലും അത് വിജയിച്ചിരുന്നില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]