രാമനാട്ടുകര∙ ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യഘട്ട നവീകരണം പൂർത്തിയായ ചിറക്കാംകുളത്തിന് പുതുമോടി.
ചെളി നീക്കി ആഴം കൂട്ടിയ കുളത്തിന്റെ പാർശ്വ ഭിത്തികൾ പുതുക്കിപ്പണിതു. 25 മീറ്റർ ദൂരം ഭിത്തി പുനർനിർമാണ പ്രവൃത്തിയാണ് ആദ്യഘട്ടത്തിൽ ബാക്കിയുള്ളത്.
മഴയെ തുടർന്നു നിർത്തിവച്ച പ്രവൃത്തി ഉടൻ പുനരാരംഭിക്കും.കരയിൽ കൈവരി സ്ഥാപിക്കൽ, പൂട്ടുകട്ടകൾ പാകിയുള്ള നടപ്പാത നിർമാണം, അലങ്കാര വിളക്കുകൾ സ്ഥാപിക്കൽ എന്നിവയാണ് രണ്ടാം ഘട്ടത്തിൽ പദ്ധതിയിടുന്നത്. ഇതിനു പദ്ധതി സമർപ്പിച്ചിട്ടുണ്ട്.
അനുമതി ലഭിക്കുന്ന മുറയ്ക്ക് പൂർത്തീകരണ പ്രവൃത്തി നടപ്പാക്കും.
നഗരസഞ്ചയ പദ്ധതിയിൽ അനുവദിച്ച 40 ലക്ഷം രൂപയും അമൃത് പദ്ധതിയിലെ 40 ലക്ഷവും നഗരസഭ വകയിരുത്തിയ 5 ലക്ഷം രൂപയും ഉൾപ്പെടെ 85 ലക്ഷം രൂപ ചെലവിട്ടാണ് രാമനാട്ടുകരയിലെ പ്രധാന ജലസ്രോതസ്സായ കുളം സംരക്ഷിക്കുന്നത്. നഗരസഭ എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവൃത്തി. നഗരസഭ ഒൻപതാം വാർഡിൽ 90 സെന്റ് വ്യാപ്തിയുള്ള ജലസ്രോതസ്സാണ് ചിറക്കാംകുളം.
പതിറ്റാണ്ടുകൾക്കു മുൻപ് സമീപത്തെ പുലാപ്ര തറവാട്ടുകാർ അന്നത്തെ പഞ്ചായത്തിനു വിട്ടുനൽകിയതാണ്. വേനൽക്കാലത്ത് മേഖലയിൽ ഭൂജലവിതാനം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ജലസ്രോതസ്സ് വൃത്തിയും വെടിപ്പും ഇല്ലാതെ കിടക്കുകയായിരുന്നു.
വേനൽ കടുത്താൽ പ്രദേശവാസികൾ അലക്കാനും കുളിക്കാനും ഉപയോഗിക്കാറുള്ള കുളം ചെളിയടിഞ്ഞ് ആഴവും കുറയുകയും മഴ പെയ്യുമ്പോൾ ചെളിവെള്ളം ഒഴുകിയെത്തുന്ന സ്ഥിതിയുമായിരുന്നു.
ഇതോടെയാണ് നഗരസഭ നേതൃത്വത്തിൽ കുളം സംരക്ഷണ പദ്ധതി തയാറാക്കി നടപ്പാക്കുന്നത്. ജനങ്ങൾക്ക് ഉല്ലാസം പകരാൻ ഭാവിയിൽ കുളക്കരയിൽ ചെറിയ ഉദ്യാനം നിർമിക്കാനും നഗരസഭ ലക്ഷ്യമിടുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]