മുക്കം∙ അഗസ്ത്യൻമൂഴിയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ട്രാഫിക് പരിഷ്കരണ നടപടികൾ ആരംഭിച്ചു. 10 നിർദേശങ്ങൾ അടങ്ങിയ ട്രാഫിക് പരിഷ്കരണ നടപടികൾക്കായിരുന്നു ജനകീയ കൂട്ടായ്മ രൂപം നൽകിയിരുന്നത്.
നഗരസഭാധ്യക്ഷ കെ.പി.ചാന്ദ്നി വിളിച്ചു ചേർത്ത പൊലീസ് അധികാരികളുടെയും ജനപ്രതിനിധികളുടെയും ബസ് ഓണേഴ്സ്, ഓട്ടോ ടാക്സി ഡ്രൈവർമാർ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ യോഗത്തിലായിരുന്നു തീരുമാനം.
അഗസ്ത്യൻമൂഴി അങ്ങാടിയിലെ 4 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ പുനഃക്രമീകരണമാണ് ഒന്നാം ഘട്ടത്തിൽ ഇന്നലെ നടപ്പാക്കിയത്. അഗസ്ത്യൻമൂഴി അങ്ങാടിക്ക് സമീപം വളവിൽ തന്നെ കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നത് പ്രശ്നം സൃഷ്ടിച്ചിരുന്നു.
ഇവിടെ നിന്നും ബസുകൾ യാത്രക്കാരെ കയറ്റുന്നത് പെട്രോൾ പമ്പിന് മുൻവശത്തേക്ക് മാറ്റി.
ഓമശ്ശേരി ഭാഗത്തേക്കുള്ള ബസുകൾ യാത്രക്കാരെ കയറ്റുന്നതും ഓമശ്ശേരി റോഡിലേക്ക് കയറിയതിനു ശേഷമാക്കി മാറ്റി സ്ഥാപിച്ചു. മുക്കം ഭാഗത്തേക്കുള്ള ബസുകൾ മിനി സിവിൽ സ്റ്റേഷന് മുന്നിലും നിർത്തണം. തിരുവമ്പാടി ഭാഗത്തേക്കുള്ള ബസുകൾ നിലവിൽ നിർത്തിയിരുന്നതിന് കുറച്ചുകൂടി മുന്നിലേക്കായി നിർത്തണം.
ഇതിനായി ട്രാഫിക് ബോർഡുകളും സ്ഥാപിച്ചു.
നഗരസഭ കൗൺസിലർമാരായ റൈനീഷ് നീലാംബരി ചെയർമാനും സുഹറ വഹാബ് വൈസ് ചെയർമാനായും ട്രാഫിക് പരിഷ്കരണ കമ്മിറ്റിയും രൂപീകരിച്ചിരുന്നു. നഗരസഭാധ്യക്ഷ കെ.പി.ചാന്ദ്നി, കൗൺസിലർ റൈനീഷ് നീലാംബരി, ഇൻസ്പെക്ടർ കെ.പി.ആനന്ദ്, എഎസ്ഐ: റഫീഖ്, സന്നദ്ധ സംഘടന പ്രവർത്തകരായ ബിജു പാറക്കൽ, ടി.പ്രകാശൻ, ഇ.കെ.അബ്ദുസ്സലാം, എൻ.ശശികുമാർ തുടങ്ങിയവരും ബസ് കാത്തിരിപ്പുകേന്ദ്രങ്ങളുടെ പുനഃക്രമീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
സംസ്ഥാന പാതയിൽ മുക്കം അഗസ്ത്യൻമൂഴി റൂട്ടിലാണ് ഗതാഗതക്കുരുക്ക് രൂക്ഷം.
മുക്കം അഭിലാഷ് ജംക്ഷൻ മുതൽ പെരുമ്പടപ്പ് വരെ നീളുന്നതാണ് മിക്ക സമയത്തെയും കുരുക്ക്. മണിക്കൂറുകൾ വരെ യാത്രക്കാർ ബ്ലോക്കിൽ അകപ്പെടുന്ന അവസ്ഥയാണ്.
കുറ്റിപ്പാല മാമ്പറ്റ ബൈപാസ് നവീകരണ പ്രവൃത്തി നീളുന്നതും കുരുക്ക് രൂക്ഷമാക്കുന്നു.
ബസ് സ്റ്റോപ്പുകളുടെ പുനഃക്രമീകരണം, പാർക്കിങ് നിരോധനം കർശനമാക്കൽ, യെല്ലോ ബോക്സ് വരയ്ക്കൽ, ബദൽ റോഡ് നിർമാണം, സന്നദ്ധ സേന രൂപീകരണം, തുടങ്ങിയ നിർദേശങ്ങളാണ് ജനകീയ യോഗത്തിൽ ഉയർന്നിരുന്നത്. പത്തിന നിർദേശങ്ങൾ ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് നീക്കം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

