
കോഴിക്കോട്∙ കടപ്പുറത്ത് ഇളകിമറിഞ്ഞു കിടക്കുന്ന മണൽത്തരികളെ ഇരുവശത്തേക്കും ചിതറിത്തെറിപ്പിച്ചു ടയറുകൾ ഉരഞ്ഞു. സാധാരണ വാഹനങ്ങളുടെ ടയറുകൾ ആഴ്ന്നുപോകുന്ന മണലിൽ 4 വീൽ ഡ്രൈവ് വാഹനങ്ങൾ ഇരമ്പിപ്പാഞ്ഞു.
യുദ്ധക്കളം പോലെ കടപ്പുറം ഇളക്കിമറിച്ചാണ് വനിതകളടക്കമുള്ള മത്സരാർഥികൾ വണ്ടികൾ ഓടിച്ചത്. മലബാറിൽ ആദ്യമായാണ് കടപ്പുറത്ത് സാൻഡി ട്രാക്ക് ചാലഞ്ച് നടക്കുന്നത്.
സംസ്ഥാനത്ത് രണ്ടാമത്തെ മത്സരമാണിത്. കഴിഞ്ഞ വർഷം ആലപ്പുഴയിലായിരുന്നു.
കോടഞ്ചേരിയിലെ ഓഫ് റോഡിങ് മത്സരങ്ങളും വണ്ടിപൂട്ടുമൊക്കെ നടത്തി ശ്രദ്ധേയരായ കെഎൽ 11 ഓഫ് റോഡേഴ്സ് സംഘമാണ് സാൻഡി ട്രാക്ക് ചാലഞ്ച് ഒരുക്കിയത്.
വിദേശത്തുനിന്നെത്തിച്ച നിസാൻ പട്രോൾ, ടൊയോട്ട ഹൈലക്സ്, ഫോർച്യൂണർ, ഫോഴ്സ് ഗൂർഖ, ഥാർ, ഥാർ റോക്സ് തുടങ്ങിയ വാഹനങ്ങളും മാരുതി സുസുക്കിയുടെ ജിംനിയും ജിപ്സിയുമടക്കമുള്ളവാഹനങ്ങൾക്കൊപ്പം മലയാളികളുടെ പ്രിയപ്പെട്ട
4 വീൽഡ്രൈവ് ജീപ്പുകളും മണപ്പുറത്തെ ഇളക്കിമറിക്കാനെത്തിയിരുന്നു. കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നുമുള്ള നൂറോളം വാഹനങ്ങൾ എലത്തൂരിലെ കടപ്പുറത്തെത്തി.
ഓഫ് റോഡ് വാഹനങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിട്ടതെന്ന് കെഎൽ 11 സംഘത്തിന്റെ പ്രസിഡന്റ് ജിയോ മെൽവിൻ, സെക്രട്ടറി എം.സുഹാസ് എന്നിവർ പറഞ്ഞു. എലത്തൂർ എസ്ഐ വി.ടി.ഹരീഷ്കുമാർ പതാക ഉയർത്തി.
എൻസിസി 9 കേരള ഗേൾസ് ബറ്റാലിയൻ കമാൻഡിങ് ഓഫിസർ ആർ.വെങ്കിടേഷ്, എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത് എന്നിവർ മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു.
മകൾക്കു കൂട്ട് അഛ്ഛൻ ; ഓഫ് റോഡിൽ ഒരു ഫാമിലി ട്രിപ്പ്
കോഴിക്കോട്∙ ‘‘ ആദ്യമായാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഓഫ് റോഡ് ഡ്രൈവിങ് എനിക്ക് ജീവനാണ്..’’ –18 വയസ്സുകാരി ട്രീസ ജോൺസൺ പറഞ്ഞു.
മഹീന്ദ്ര 4 വീൽ ജീപ്പിന്റെ ഡ്രൈവിങ് സീറ്റിൽ ട്രീസ മത്സരിക്കുമ്പോൾ കൂടെ കോ ഡ്രൈവറായി പങ്കെടുത്തത് ട്രീസയുടെ അച്ഛൻ ജോൺസണാണ്. ജോൺസണും ജീവിതത്തിലാദ്യമായാണ് ഓഫ്റോഡിങ് മത്സരത്തിൽ പങ്കെടുക്കുന്നത്.
അതും മകളുടെ നിർബന്ധപ്രകാരം !
ചെറുപുഴ പുതുപറമ്പിൽ ജോൺസന്റെയും സനിലയുടെയും 4 പെൺകുട്ടികളിൽ രണ്ടാമത്തെയാളാണ് ട്രീസ. ചിറ്റാരിക്കലിൽ ബിസിനസ്സുകാരനാണ് ജോൺസൺ.
എലത്തൂരിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ ഇന്നലെ രാവിലെ നാലു മണിയോടെ വീട്ടിൽനിന്ന് ജീപ്പോടിച്ചെത്തിയതാണ് ട്രീസയും ജോൺസണും സനിലയും മറ്റു മക്കളും. മംഗളൂരുവിൽ അനസ്തെറ്റിക്ക് ഇൻ ഓപ്പറേഷൻ കോഴ്സ് വിദ്യാർഥിയാണ് ട്രീസ.
ആനപ്പാറ കയറിയ വാഹനമോടിച്ച ഡോ.ഫഹദും എലത്തൂരിൽ
കോഴിക്കോട്∙ ‘‘ എലത്തൂരിലെ കടപ്പുറത്ത് വലിയ സാധ്യതകളാണുള്ളത്.
അടിപൊളി സ്ഥലമാണ്.’’ ഡോ.മുഹമ്മദ് ഫഹദ് ആവേശത്തിലാണ്. സമീപകാലത്ത് ഏറ്റവുമധികം വൈറലായ പരസ്യത്തിലെ നായകനാണ് ഡോ.ഫഹദ്. ഇവി ഹാരിയർ വാഗമണ്ണിലെ ആനപ്പാറയിൽ കയറുന്ന പരസ്യത്തിൽ വാഹനമോടിച്ചത് ഓഫ്റോഡിങ് വിദഗ്ധനായ ഫഹദാണ്.
ഇന്ത്യയിലെ ഏറ്റവും ദുർഘടം പിടിച്ച ഓഫ്റോഡ് ചാംപ്യൻഷിപ്പായ റെയിൻ ഫോറസ്റ്റിലെ കഴിഞ്ഞ വർഷത്തെ ചാംപ്യനാണ് ഫഹദ്.
‘‘ രാവിലെ ഇവിടെ ആദ്യവാഹനം ഓടിച്ച് ട്രാക്കിട്ടതു ഞാനാണ്. അടിപൊളി അനുഭവമായിരുന്നു’’– ഫഹദ് പറഞ്ഞു.
സാൻഡി ട്രാക്ക് ഓഫ് ഡ്രൈവിങ്ങിൽ പങ്കെടുക്കാൻ രാവിലെ ആറരയ്ക്ക് എത്തിയതാണ് ഡോ. ഫഹദ്.
ആദ്യം മാരുതി സുസുകി ജിംനിയുമായാണ് മണലിൽ ഇറങ്ങിയത്. വൈകിട്ട് സുഹൃത്തിന്റെ ജീപ്പുമായി ഇറങ്ങി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]