ചെറുവണ്ണൂർ മേൽപാലം: നിര്മാണ ഉദ്ഘാടനം ഞായറാഴ്ച; ചെലവ് 89 കോടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഫറോക്ക് ∙ കോഴിക്കോട് നഗരപ്രവേശന കവാടമായ ചെറുവണ്ണൂരിൽ നിർമിക്കുന്ന മേൽപാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട് 5ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെ 89 കോടി ചെലവിൽ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മേൽപാലം നിർമാണം.
പദ്ധതിക്ക് തുടക്കം കുറിക്കുന്ന പരിപാടിയുടെ മുന്നോടിയായി വൈകിട്ട് കരുണ കേരള ബാങ്ക് ഭാഗത്തു നിന്നാരംഭിക്കുന്ന വർണശബളമായ ഘോഷയാത്രയിൽ നാട്ടുകാരും ജനപ്രതിനിധികളും പങ്കെടുക്കും. ചടങ്ങിൽ കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. കലക്ടർ സ്നേഹിൽകുമാർ സിങ് മുഖ്യാതിഥിയാകും.
അത്യാധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന 700 മീറ്റർ നീളവും 16 മീറ്റർ വീതിയുമുള്ള നാലുവരി മേൽപാലത്തിന്റെ ഇരുഭാഗത്തും 5.5 മീറ്റർ വീതിയിൽ സർവീസ് റോഡുകളുണ്ടാകും. നിർമാണം പൂർത്തീകരിക്കുന്നതിനൊപ്പം മേൽപാലത്തിന് താഴെ കളിക്കളങ്ങളും ഉദ്യാനവുമായി പൊതു ഇടമൊരുക്കാനും പദ്ധതിയുണ്ട്. സ്ഥലമടുപ്പിന് മാത്രമായി 30 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.
മേൽപാലത്തിന്റെ നിർവഹണം ഡിബിഎഫ്ഒടി (ഡിസൈൻ ബിൽഡ് ഫിനാൻസ് ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ) രീതിയിൽ നിന്നും മാറ്റി ഇപിസി (എൻജിനീയറിങ് പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ) മോഡിൽ കരാർ നൽകിയത് ടെൻഡർ നടപടികൾ അതിവേഗം പൂർത്തിയാക്കി നിർമാണ പ്രവൃത്തി വേഗത്തിലാക്കാൻ സഹായകരമായി.
പൊതുമരാമത്ത് വകുപ്പിന് കീഴിലെ കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) ആണ് മേൽനോട്ടം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി കരാറെടുത്തിരിക്കുന്നത്. ഒൻപതു മാസമാണ് നിർമാണ കാലപരിധിയെങ്കിലും ഇതിലും കുറഞ്ഞ കാലയളവിനകം പ്രവൃത്തി പൂർത്തീകരിച്ച് മേൽപാലം ജനങ്ങൾക്ക് സമർപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.