ബേപ്പൂർ ∙ സാഹിത്യ സുൽത്താന്റെ ഓർമയ്ക്കായി ബേപ്പൂരിൽ നിർമിച്ച ‘ആകാശ മിഠായി’ വൈക്കം മുഹമ്മദ് ബഷീർ സ്മാരകം ആദ്യഘട്ടം 24ന് നാടിനു സമർപ്പിക്കും. വൈകിട്ട് 6ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും.
വിനോദ സഞ്ചാര വകുപ്പ് അനുവദിച്ച 10.07 കോടി രൂപ ചെലവിട്ട് ബിസി റോഡിൽ പഴയ കമ്യൂണിറ്റി ഹാൾ ഭൂമിയിലാണ് 11,000 ചതുരശ്ര അടി വിസ്തീർണത്തിൽ ബഷീർ സ്മാരകം ഉയർന്നത്.
പുതു മാതൃകയിൽ നിർമിച്ച ഇരുനില കെട്ടിടത്തിനു പുറമേ കോൺഫറൻസ് ഹാൾ, കഫെറ്റീരിയ, ശുചിമുറി, ലിഫ്റ്റ്, ഓപ്പൺ സ്റ്റേജ്, കരകൗശല–അലങ്കാര വസ്തുക്കളുടെ വിൽപനകേന്ദ്രം എന്നിവയാണ് ആദ്യഘട്ടത്തിൽ ഒരുക്കിയത്. സംസ്ഥാന സർക്കാരിന് കീഴിൽ തുടക്കമിടുന്ന മലബാർ ലിറ്റററി സർക്കീറ്റിന്റെ ഭാഗമായാണ് ബേപ്പൂരിലെ ആകാശ മിഠായി വിഭാവനം ചെയ്തിരിക്കുന്നത്.
ആർക്കിടെക്ട് വിനോദ് സിറിയക്കിന്റെ സ്പേസ് ആർട്ട് രൂപകൽപന ചെയ്ത സ്മാരകത്തിന്റെ നിർമാണം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഏറ്റെടുത്തു നടത്തിയത്.
പ്രകൃതിസൗഹൃദ രീതിയിലാണ് നിർമാണം.ബഷീർ സ്മാരകം ബേപ്പൂരിന്റെ സാംസ്കാരിക ടൂറിസം രംഗത്തും വലിയ മുതൽക്കൂട്ടാകും.
രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് 9.97 കോടിയുടെ ഭരണാനുമതി
ആകാശ മിഠായി രണ്ടാംഘട്ട
നിർമാണ പ്രവർത്തനങ്ങൾക്കായി 9.97 കോടി രൂപയുടെ പദ്ധതികൾക്ക് ടൂറിസം വകുപ്പ് ഭരണാനുമതി നൽകി. ബഷീർ ആർക്കൈവ്സ്, കിനാത്തറ (കിനാവ് കാണുന്ന തറ), ബോർഡ് റൂം, ലൈബ്രറി എന്നിവയടങ്ങുന്ന കൾചറൽ ബിൽഡിങ്, അക്ഷരത്തോട്ടം, കേരള ലളിതകലാ അക്കാദമി നടപ്പാക്കുന്ന ക്യൂറേഷൻ വർക്ക് എന്നിവയാണ് രണ്ടാംഘട്ടത്തിൽ വിഭാവനം ചെയ്യുന്നത്. ഇതിനായി സമീപത്തെ 17 സെന്റ് കൂടി ഏറ്റെടുക്കുന്നതിനു കോർപറേഷൻ നടപടി പുരോഗമിക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

