കോഴിക്കോട്∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വന്നതോടെ കണക്കുകൂട്ടലിലേക്കും വിലയിരുത്തലുകളിലേക്കും കടന്ന് മുന്നണികൾ. വിജയ–പരാജയ കാരണങ്ങൾ ചർച്ച ചെയ്യുന്നതിനു പുറമേ സംഘടനാ പരിഹാര നടപടികളും തദ്ദേശ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിൽ ഉണ്ടാകും.
കോഴിക്കോട് ജില്ലയിൽ തീർത്തും അനുകൂലമായ വിധിയെഴുത്താണ് എന്നാണ് യുഡിഎഫ് വിലയിരുത്തൽ.
300 വോട്ടുകളുടെ വ്യത്യാസത്തിലാണ് കോർപറേഷൻ ഭരണം നഷ്ടമായത്. പുതിയറ(9), ചെലവൂർ(17), അരക്കിണർ(19), ചെറുവണ്ണൂർ വെസ്റ്റ്(22), പുതിയങ്ങാടി(62), പാളയം(73), പൂളക്കടവ്(92) എന്നിവയാണ് കുറഞ്ഞ വോട്ടിന് നഷ്ടമായത്.
ഇവ കൂടി പിടിച്ചിരുന്നെങ്കിൽ ചരിത്രത്തിലാദ്യമായി ജില്ലാ പഞ്ചായത്തിനൊപ്പം കോർപറേഷൻ കൂടി ഭരിക്കാൻ കഴിയുമായിരുന്നു എന്നാണ് വിലയിരുത്തൽ.
കോൺഗ്രസിന്റെ പ്രധാന തോൽവികൾ അന്വേഷിക്കാൻ കമ്മിഷനെ വയ്ക്കാൻ തീരുമാനിച്ചു. മേയർ സ്ഥാനാർഥിയും ജില്ലയിലെ മുതിർന്ന നേതാവുമായ പി.എം.നിയാസ് പാറോപ്പടിയിൽ തോറ്റതാണ് പ്രധാനമായും അന്വേഷിക്കുന്നത്.
ഇതിനായി രണ്ട് അംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ചു.
കാരശ്ശേരി, മുക്കം–വടകര നഗരസഭകൾ, അത്തോളി എന്നിവിടങ്ങളിൽ ഭരണം നഷ്ടപ്പെട്ടതിനു പിന്നൽ സംഘടനാ വിരുദ്ധ നടപടികൾ ഉണ്ടായതായി സംശയമുണ്ട്. പ്രവർത്തിക്കാത്ത ഭാരവാഹികൾക്കും പാർട്ടിക്കെതിരെ സമുഹമാധ്യമങ്ങളിൽ പരസ്യമായ അധിക്ഷേപങ്ങൾ നടത്തിയവർക്കും നോട്ടിസ് നൽകിയിട്ടുണ്ട്.
നാളെ ചേരുന്ന നേതൃയോഗത്തിനു ശേഷം ജില്ലാ പഞ്ചായത്ത് അധ്യക്ഷ, ഉപാധ്യക്ഷൻ, നഗരസഭ അധ്യക്ഷൻ, ഉപാധ്യക്ഷൻ എന്നിവരെ പ്രഖ്യാപിക്കും. പഞ്ചായത്തുകളിലെ രാഷ്ട്രീയ സ്ഥിതികൾ വിലയിരുത്തി പരമാവധി സമവായത്തിലുടെ അധ്യക്ഷരെ തീരുമാനിക്കാൻ നിർദേശം നൽകിയിട്ടുണ്ട്
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്നലെ ചേർന്നെങ്കിലും തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യമായ അവലോകനങ്ങൾ നടന്നിട്ടില്ല.
മേയർ സ്ഥാനാർഥികളെ കുറിച്ചുള്ള ആലോചന മാത്രമാണ് ഇന്നലെ നടന്നത്. മറ്റന്നാൾ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷമായിരിക്കും അവലോകനം അടക്കം നടത്തുക.
മുസ് ലിം ലീഗിന്റെ സംസ്ഥാന നേതൃയോഗം ഇന്നോ നാളെയോ നടക്കും.
മേയർ ചർച്ച സജീവം
കോഴിക്കോട്∙ കോർപറേഷനിൽ നിലവിൽ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷമില്ല. എങ്കിലും ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയിൽ സിപിഎമ്മിന്റെ മേയറും ഡപ്യൂട്ടി മേയറും വരാനാണ് സാധ്യത.
എൽഡിഎഫ് മേയർ സ്ഥാനത്തേക്കു പരിഗണിച്ചിരുന്ന സി.പി.മുസാഫർ അഹമ്മദ് പരാജയപ്പെട്ടതോടെ മറ്റൊരു മേയർ സ്ഥാനാർഥിയെ കണ്ടെത്തേണ്ട അവസ്ഥയിലാണ് പാർട്ടി.
മേയർ സ്ഥാനം ജനറലും ഡപ്യൂട്ടി മേയർ വനിത സംവരണവുമാണ്.
സിപിഎം കോട്ടൂളി ലോക്കൽ കമ്മിറ്റി അംഗവും നിലവിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയുമായ ഡോ.എസ്.ജയശ്രീ, കോഴിക്കോട് നോർത്ത് ഏരിയ കമ്മിറ്റി അംഗം ഒ.സദാശിവൻ, ഫറോക്ക് ഏരിയ കമ്മിറ്റി അംഗം പി.രാജീവ്, മുൻ ഡപ്യൂട്ടി കലക്ടറായിരുന്ന ഇ.അനിതകുമാരി എന്നിവരെയാണ് നിലവിൽ മേയർ, ഡപ്യൂട്ടി മേയർ സ്ഥാനത്തേക്കു പരിഗണിക്കുന്നത്. ഏതെങ്കിലും രണ്ടു മുന്നണികൾ പരസ്പരം പിന്തുണയ്ക്കാൻ സാധ്യതയില്ല. യുഡിഎഫും എൻഡിഎയും പ്രത്യേകം മേയർ സ്ഥാനാർഥികളെ നിർത്തുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
കോൺഗ്രസ് മത്സരിക്കും
കോഴിക്കോട് ∙ കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് കോൺഗ്രസ് മത്സരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ.
സിപിഎമ്മിന്റെ അഴിമതി തുറന്നു കാട്ടിയതു കൊണ്ടാണ് കോർപറേഷനിൽ യുഡിഎഫ് മുന്നേറ്റം ഉണ്ടായത്. അവരുമായി കൂട്ടുകെട്ടിന് ഇല്ല.മേയറെ തീരുമാനിക്കാൻ സിപിഎം യോഗം ചേർന്നെന്നു കേട്ടു.
എന്നാൽ അതിനുള്ള ഭൂരിപക്ഷം സിപിഎമ്മിന് ഉണ്ടോ? മേയർ സ്ഥാനത്തേക്ക് യുഡിഎഫ് മത്സരിക്കും.
എന്നാൽ ബിജെപിയുടെ പിന്തുണ സ്വീകരിക്കില്ല. ഡപ്യൂട്ടി മേയർ സ്ഥാനം കോൺഗ്രസിന് എൽഡിഎഫ് വാഗ്ദാനം ചെയ്തെന്ന ചില വാർത്തകൾ വരുന്നുണ്ടല്ലോ എന്ന ചോദ്യത്തോട് അതിലും ഭേദം ആത്മഹത്യ അല്ലേ എന്നായിരുന്നു ഡിസിസി പ്രസിഡന്റിന്റെ മറുപടി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

