
മുക്കം∙ അങ്ങാടിയിലും പരിസരത്തും ജല അതോറിറ്റിയുടെ ശുദ്ധ ജലവിതരണം പുനരാരംഭിക്കുന്ന വിഷയത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടിട്ടും ഫലമില്ല. രണ്ടു വർഷം പിന്നിടുകയാണ് ജലവിതരണം മുക്കത്ത് നിലച്ചിട്ട്.
ഈ സാഹചര്യത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി.അലി അക്ബർ മനുഷ്യാവകാശ കമ്മിഷനു പരാതി നൽകുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്ത് 4 സിറ്റിങ് കഴിഞ്ഞു.
അഞ്ചാമത്തെ സിറ്റിങ് 26ന് നടക്കും.
ജല അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് അധികൃതർക്കെതിരെയാണു പരാതി. കഴിഞ്ഞ സിറ്റിങ്ങുകളിൽ ജല അതോറിറ്റി അധികൃതർ ഹാജരായപ്പോൾ പൊതുമരാമത്ത് അധികൃതർ ഹാജരായില്ല.
പൊതുമരാമത്ത് അധികൃതർ ഹാജരാകുമ്പോൾ ജല അതോറിറ്റിക്കാർ ഹാജരാകുന്നില്ല. അല്ലെങ്കിൽ ജൂനിയർ ഉദ്യോഗസ്ഥരെ അയയ്ക്കും.
വ്യക്തമായ മറുപടി പറയാൻ അവർക്ക് സാധിക്കുന്നില്ല.
ശുദ്ധജലം കിട്ടാതെ വ്യാപാരികളും നൂറുകണക്കിന് മറ്റ് ഉപയോക്താക്കളും നട്ടംതിരിയുകയാണ്. ചെറുകിട
ഹോട്ടലുകാരും കൂൾബാറുകാരും ഓട്ടോറിക്ഷയിലും മറ്റ് വാഹനങ്ങളിലും വെള്ളം എത്തിക്കുകയാണ്. റവന്യു, നഗരസഭ ഓഫിസുകളിലും വെള്ളം കിട്ടുന്നില്ല.
പെരളിയിൽ, എരിക്കഞ്ചേരി, ബസ് സ്റ്റാൻഡ് പരിസരം, ആലിൻചുവട് ഭാഗങ്ങളിലും ഗാർഹിക ഉപയോക്താക്കൾക്കു വെള്ളം കിട്ടുന്നില്ല.
കോടികൾ ചെലവഴിച്ച് നവീകരിച്ച റോഡ് കുത്തിപ്പൊളിച്ചാലേ ജലവിതരണം നിലച്ചതിന്റെ തകരാർ കണ്ടെത്താനാകൂ. ഇതിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി വേണം.
ഒപ്പം നല്ലൊരു തുക ജല അതോറിറ്റി കെട്ടിവയ്ക്കുകയും വേണം. ഫണ്ടില്ല എന്ന പല്ലവിയായിരുന്നു ജല അതോറിറ്റിക്ക്.
അതേസമയം കരാർ നൽകിയതായി കഴിഞ്ഞ സിറ്റിങ്ങുകളിൽ പറഞ്ഞു. പക്ഷേ, 2 തവണയും കരാർ എടുക്കാൻ ആരും എത്തിയില്ല എന്നാണ് മറുപടി.
മുഴുവൻ കക്ഷികളും പങ്കെടുക്കാത്തതിനാൽ കഴിഞ്ഞ 4 സിറ്റിങ്ങുകളും അപൂർണമായി.
കാലപ്പഴക്കം ചെന്ന ചെറിയ പൈപ്പുകളാണ് പലയിടത്തും പ്രശ്നകാരണമെന്നും തകരാർ കണ്ടുപിടിച്ച്പുതിയ പൈപ്പുകൾ സ്ഥാപിച്ചാലേ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയൂ എന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി. അലി അക്ബർ, ജനറൽ സെക്രട്ടറി വി.പി.അനീസുദ്ദീൻ, ട്രഷറർ ഡിറ്റോ തോമസ് എന്നിവർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]