
പാലം വന്നില്ലെങ്കിൽ നാട് വെള്ളത്തിൽ; ദുരിതം സൃഷ്ടിക്കുന്നെന്നു പരാതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നാദാപുരം∙ ചെക്യാട്, തൂണേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മയ്യഴിപ്പുഴയ്ക്കു കുറുകെ ചേട്യാലക്കടവിൽ പണി തുടങ്ങിയ പാലത്തിന്റെ പ്രവൃത്തി പൂർത്തിയാകാത്തത് തൂണേരി പഞ്ചായത്തിൽപ്പെടുന്ന മുടവന്തേരി ഭാഗത്തുകാർക്ക് ദുരിതം സൃഷ്ടിക്കുന്നെന്നു പരാതി. പാലത്തിന്റെ ഉപരിതലം കോൺക്രീറ്റ് പൂർത്തീകരിച്ചെങ്കിലും അപ്രോച്ച് റോഡിന്റെ പണി ഒച്ചിന്റെ വേഗത്തിൽ നീങ്ങുന്നതാണ് പ്രശ്നമായത്. പുഴയോരത്തു താമസിക്കുന്ന ചെമ്പോടത്തിൽ പുരുഷുവിന്റെ വീട്ടിലേക്ക് പുഴ വെള്ളം കയറി താമസത്തിനു പറ്റാത്ത പരുവത്തിലാകുമെന്നതാണു സ്ഥിതി. മുൻ വർഷങ്ങളിൽ പാലം പണി ഈ പ്രദേശത്തുകാർക്ക് ഏറെ ദുരിതങ്ങൾ സമ്മാനിച്ചിരുന്നു.
പണി തീരുന്നതോടെ ദുരിതം തീരുമെന്നു കരുതി കാത്തിരുന്നെങ്കിലും കരാറുകാരൻ ആവശ്യത്തിനു ജോലിക്കാരെ നിയോഗിക്കാതിരിക്കുന്നതിനാൽ ഇത്തവണയും മഴ തുടങ്ങുന്നതോടെ ദുരിതം പേറേണ്ടി വരുമെന്നതാണു സ്ഥിതി. അപ്രോച്ച് റോഡ് മണ്ണിട്ടുയർത്തിയെങ്കിലും ബാക്കി പണികൾ നടക്കാതായതോടെ മഴ പെയ്തു തുടങ്ങിയാൽ പുഴ വെള്ളം വീടുകളിലേക്കും സമീപത്തെ കൃഷിയിടങ്ങളിലേക്കും ഇരച്ചു കയറും.
പിഡബ്ല്യുഡി 10 കോടി രൂപ അനുവദിച്ച പാലത്തിന്റെ പണി ആദ്യം കരാർ നൽകിയ സ്വകാര്യ കരാറുകാരനെ നിബന്ധനകൾ പാലിച്ചില്ലെന്ന പേരിൽ മാറ്റിയാണ് വയനാട്ടുകാരനായ മറ്റൊരു കരാറുകാരനു നൽകിയത്. ഈ കരാറുകാരനും നാട്ടുകാർക്ക് ദുരിതം വിതയ്ക്കുകയാണെന്നാണു പരാതി.