കോഴിക്കോട് ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ എൽഡിഎഫിന് കിട്ടിയ വോട്ട് കണക്കുകളിലൂടെ കണ്ണോടിച്ചാൽ ആരുമൊന്നു മോഹിച്ചു പോകും – എലത്തൂർ സീറ്റിനായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 11 സീറ്റിലെ വിജയത്തിൽ നിന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ എത്തുമ്പോൾ 3 സീറ്റുകളിൽ മാത്രം ഭൂരിപക്ഷം എന്ന നിലയിലേക്ക് എൽഡിഎഫ് പതറിയപ്പോൾ, വോട്ടുറപ്പിച്ച് ഇടതിനൊപ്പം നിന്നത് എലത്തൂർ മാത്രമായിരുന്നു.
10773 വോട്ടിന്റെ ഭൂരിപക്ഷം.
എലത്തൂർ സീറ്റ് എൻസിപിക്ക് തന്നെ തുടർന്നും നൽകുമോ അതോ എൽഡിഎഫ് ഏറ്റെടുക്കുമോ എന്നതു തന്നെയാണ് ചോദ്യം. ഉത്തരം കിട്ടാൻ എൻസിപിയിൽ നടക്കുന്ന പടലപിണക്കങ്ങളിലേക്കു കൂടി കണ്ണോടിക്കേണ്ടി വരും.എൻസിപിയുടെ 2 സീറ്റുകളിൽ നിലവിലുള്ളവർ തന്നെ മത്സരിക്കാൻ േദശീയ നേതൃത്വം നിർദേശം നൽകിയിട്ടുണ്ടെന്നാണ് സംസ്ഥാന പ്രസിഡന്റ് തോമസ് കെ.
തോമസ് ആലപ്പുഴയിൽ പറഞ്ഞത്. അതായത് കുട്ടനാട് സീറ്റിൽ തോമസ് കെ.തോമസും എലത്തൂരിൽ മന്ത്രി എ.കെ.ശശീന്ദ്രനും.
അതോടെ തുടങ്ങിയതാണ് എൻസിപിയിലെ പൊട്ടിത്തെറി.
എൽഡിഎഫ് ജില്ലാ കൺവീനർ കൂടിയായ മുക്കം മുഹമ്മദിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം എൻസിപിക്കാർ സംസ്ഥാന പ്രസിഡന്റിന്റെ ‘സ്വയം പ്രഖ്യാപന’ത്തിനെതിരെ രംഗത്തു വന്നു. ശശീന്ദ്രനെ എലത്തൂരിൽ മത്സരിക്കാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് മുക്കം മുഹമ്മദും കൂട്ടരും. 6 തവണ എംഎൽഎയും 2 തവണ മന്ത്രിയുമായ ശശീന്ദ്രൻ സജീവ രാഷ്ട്രീയത്തിൽ നിന്നു മാറി നിൽക്കണമെന്നാണ് ഇവരുടെ ആവശ്യം.
മാന്യമായ ഇറങ്ങിപ്പോക്കിന് അവസരം നൽകണമെന്ന ശശീന്ദ്രന്റെ അഭ്യർഥന കണക്കിലെടുത്താണ് കഴിഞ്ഞ തവണ മത്സരിക്കാൻ പാർട്ടി കൂട്ടു നിന്നതെന്നും ശശീന്ദ്രൻ വാക്കു പാലിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
ജില്ലാതല യോഗത്തിൽ 90% പാർട്ടിക്കാരും ശശീന്ദ്രന്റെ നീക്കത്തിന് എതിരാണെന്ന നിലപാടെടുത്ത അവർ മന്ത്രിയെ ഇക്കാര്യം നേരിൽ കണ്ട് ബോധ്യപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. എന്നിട്ടും അംഗീകരിക്കുന്നില്ലെങ്കിൽ ബ്ലോക്ക് തലത്തിലും വാർഡ് തലത്തിലും യോഗങ്ങൾ ചേർന്ന് പ്രമേയങ്ങൾ പാസാക്കുമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
ശശീന്ദ്രൻ മത്സരിക്കുകയാണെങ്കിൽ എലത്തൂർ സീറ്റ് നഷ്ടപ്പെടുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.
കയ്യിലുണ്ടായിരുന്ന 8 സീറ്റുകളിൽ ഭൂരിപക്ഷമില്ലെന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിക്കുമ്പോൾ, ഘടകകക്ഷിയിലെ ഉൾപ്പാർട്ടി പിണക്കങ്ങൾ കൊണ്ട് എലത്തൂർ നഷ്ടപ്പെടേണ്ട സാഹചര്യം ഒഴിവാക്കണമെന്നാണ് എൽഡിഎഫിലെ ചർച്ചകൾ.ബേപ്പൂരിൽ നിന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് എലത്തൂരിലേക്ക് മാറുന്നതിനുള്ള സാധ്യതകൾ ചർച്ചകളിലുണ്ട്.
ബേപ്പൂരിൽ വികസന പ്രവർത്തനങ്ങൾ ഏറെ ചെയ്തെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ 148 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് കണക്കുകളിൽ.
സുരക്ഷിത സീറ്റ് എന്ന നിലയിൽ എലത്തൂർ ഏറ്റെടുക്കണമെന്ന അഭിപ്രായമാണ് ഇടതു മുന്നണിയിൽ. എൻസിപിയിലെ ഒരു വിഭാഗം മണ്ഡലം വിട്ടു കൊടുക്കുന്നതിൽ സന്നദ്ധത പ്രകടിപ്പിച്ചിട്ടുമുണ്ട്.
എലത്തൂർ വിട്ടുകൊടുത്ത്, പകരം കുന്നമംഗലം നൽകുകയാണെങ്കിൽ മത്സരിക്കാൻ ഒരുക്കം കൂട്ടുകയാണ് മുക്കം മുഹമ്മദ്. മണ്ഡലത്തിലുള്ള എപി സുന്നി വിഭാഗക്കാരുടെ വോട്ടുകളും വ്യാപക സുഹൃദ്ബന്ധങ്ങളിലൂടെയുമുള്ള വോട്ടുകളും അനുകൂലമാകുമെന്ന് മുക്കം മുഹമ്മദ് മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.
അതേസമയം ദേശീയ നേതൃത്വത്തിന്റെ അംഗീകാരമുണ്ടെന്ന് അവകാശപ്പെടുന്ന ശശീന്ദ്രൻ വീണ്ടും മത്സരിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ്.ശശീന്ദ്രനായാലും റിയാസായാലും ഇത്തവണ എലത്തൂർ സീറ്റ് പിടിക്കുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്.
ബേപ്പൂരിൽ നിന്ന് മാറി, റിയാസ് എലത്തൂരിൽ എത്തുകയാണെങ്കിൽ, ഇടതു മുന്നണി കൊട്ടിഘോഷിക്കുന്ന വികസന കാര്യങ്ങളിൽ അവർക്കു പോലും വിശ്വാസമില്ലെന്ന നിലയാണെന്ന് യുഡിഎഫ് പറയുന്നു. എൻ.സുബ്രഹ്മണ്യൻ, വിദ്യ ബാലകൃഷ്ണൻ, ദിനേശ് മണി എന്നിവരാണ് എലത്തൂരിലേക്കുള്ള യുഡിഎഫിന്റെ സാധ്യതാ പട്ടികയിലുള്ളത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

