കോഴിക്കോട് ∙ കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ കന്റീൻ കെട്ടിടത്തിന്റെ ഒരു ഭാഗം കൂടി ഇന്നലെ ഇടിഞ്ഞു. ആശുപത്രിയുടെ മതിലിനോട് ചേർന്നു സുരക്ഷാ മാനദണ്ഡം പാലിക്കാതെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു മണ്ണെടുത്തതിനെ തുടർന്നാണിത്.ഇതുപോലെ മണ്ണുമാറ്റിയതിനെ തുടർന്നു കഴിഞ്ഞ ഓഗസ്റ്റ് രണ്ടിനും ഏഴിനുമായി നേരത്തെ ചുറ്റുമതിൽ ഇടിഞ്ഞിരുന്നു.
തുടർന്നു സുരക്ഷാ മാനദണ്ഡം പാലിച്ച ശേഷം മാത്രമേ ഇവിടെ പ്രവൃത്തി നടത്താൻ പാടുള്ളുവെന്നു കോർപറേഷൻ അധികൃതർ നിർദേശം നൽകിയിരുന്നു.
ഇന്നലെ ചുറ്റുമതിൽ നിർമാണത്തിന്റെ ഭാഗമായി മണ്ണെടുത്തു മാറ്റുമ്പോൾ എൻജിനീയറോ സൂപ്പർവൈസറോ സ്ഥലത്തുണ്ടായിരുന്നില്ല. ഇതിനു ശേഷം സ്ഥലത്തെത്തിയ സൂപ്പർവൈസറോട് പ്രവൃത്തിയെ കുറിച്ച് പൊലീസ് ചോദിച്ചപ്പോൾ അതേ കുറിച്ച് അറിയില്ലെന്നും ഇവിടെ വന്നു നോക്കാനാണു പറഞ്ഞതെന്നുമായിരുന്നു മറുപടി.
സുരക്ഷാ മാനദണ്ഡം പാലിക്കാതെ പ്രവൃത്തി നടത്തരുതെന്നു സ്ഥലത്തെത്തിയ ടൗൺ പൊലീസ് നിർദേശിച്ചു.
കന്റീനു സമീപത്തെ കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ പേ വാർഡ് കെട്ടിടത്തിലുണ്ടായ 11 രോഗികളെ വാർഡുകളിലേക്കു മാറ്റി.കന്റീൻ കെട്ടിടം പ്രവൃത്തിക്കാതെ കിടന്നതിനാലാണു കൂടുതൽ അപകടം ഒഴിവായത്. മണ്ണെടുക്കുന്നതിനു മുന്നോടിയായി കന്റീനിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ നേരത്തെ അഴിച്ചു മാറ്റിയിരുന്നു.
മതിൽ ഇടിയുന്നത് ഒഴിവാക്കാനായി അവിടെ ഇരുമ്പു ഷീറ്റുകൾ ഉപയോഗിച്ച് ബലപ്പെടുത്തുകയോ കന്റീൻ കെട്ടിടത്തിന്റെ സ്ലാബിനെ താങ്ങി നിർത്താനായി ആവശ്യമായ സുരക്ഷാ സംവിധാനമോ ഒരുക്കിയിരുന്നില്ല.ഇന്നലെ രാവിലെ 11.30ന് ഒരു രോഗിയുടെ കൂട്ടിരിപ്പുകാരനാണ് കന്റീനിന്റെ ഒരു ഭാഗത്തെ മതിൽ ഉൾപ്പെടെ വീണതു കണ്ടത്.
ഉടനെ ആശുപത്രി അധികൃതരെ വിവരം അറിയിച്ചു. സൂപ്രണ്ട് ഡോ. എം.സുജാത ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി ബന്ധപ്പെട്ടവരെ വിവരം അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]