കോഴിക്കോട് ∙ യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ രണ്ടു പേർ കൊണ്ടോട്ടി പൊലീസിന്റെ പിടിയിൽ. കോഴിക്കോട് കിണാശ്ശേരി സ്വദേശി മുഹമ്മദ് ഷാലുവിനെയാണ് അഞ്ചംഗസംഘം മലപ്പുറത്തെ തൃപ്പനച്ചിയിലെത്തിച്ച് മർദ്ദിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചംഗ സംഘത്തിലെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൊറയൂർ സ്വദേശികളായ നബീൽ, ഇർഫാൻ ഹബീബ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.
ബാക്കി മൂന്നുപേർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസം രാവിലെ മലപ്പുറം പുളിക്കലിൽ വച്ചാണ് സ്കൂട്ടറിൽ സഞ്ചരിച്ച മുഹമ്മദ് ഷാലുവിനെ കാറിലെത്തിയ അഞ്ചംഗ സംഘം കാറിലെത്തി തട്ടിക്കൊണ്ടുപോയത്.
ഇത് കണ്ട നാട്ടുകാരിൽ ഒരാൾ പ്രദേശത്തെ പൊതുപ്രവർത്തകന്റെ സഹായത്തോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഇതിനിടെ ഷാലുവിന്റെ വീട്ടുകാരും യുവാവിനെ കാണാനില്ലെന്നു കാട്ടി പൊലീസിനെ സമീപിച്ചു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.
തൃപ്പനച്ചിയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച സംഘം ഷാലുവിനെ കെട്ടിയിട്ട് മർദ്ദിച്ചതായും പരാതിയുണ്ട്. രണ്ടുവർഷം മുമ്പ് നടന്ന സ്വർണക്കടത്ത് ഇടപാടുമായി ബന്ധപ്പെട്ട
സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന വിവരം. മർദ്ദനത്തിൽ പരുക്കേറ്റ ഷാലുവിനെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
മലപ്പുറം വള്ളുവങ്കൽ സ്വദേശി മൻസൂർ അലി എന്നയാളാണ് തട്ടിക്കൊണ്ടുപോകലിന്റെ സൂത്രധാരനെന്നാണ് സൂചന. കൊണ്ടോട്ടി സ്റ്റേഷൻ ഹൗസ് ഓഫിസർ പി.എം.ഷെമീറിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]