
കാറ്റുള്ളമല നമ്പികുളം ടൂറിസം പദ്ധതി: നിർമാണം മുടങ്ങിയിട്ട് ഒന്നര മാസം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൂരാച്ചുണ്ട് ∙ ടൂറിസം വകുപ്പ് 2018ൽ ഫണ്ട് അനുവദിച്ചു മന്ത്രി പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച കാറ്റുള്ളമല നമ്പികുളം ടൂറിസം വികസന പദ്ധതി 7 വർഷം കഴിഞ്ഞിട്ടും പൂർത്തീകരിച്ചിട്ടില്ല. ആദ്യഘട്ടത്തിൽ 1.5 കോടി രൂപയുടെ പ്രവൃത്തി പൂർണമായും കഴിയാതെ വർഷങ്ങളോളം പദ്ധതി നീണ്ടുപോകുകയായിരുന്നു. രണ്ടാം ഘട്ടത്തിൽ ടൂറിസം വകുപ്പ് അനുവദിച്ച 59 ലക്ഷം രൂപയുടെ പ്രവൃത്തി കഴിഞ്ഞ മാർച്ച് മാസത്തിൽ തുടങ്ങിയെങ്കിലും 10% ജോലി പോലും നടന്നിട്ടില്ല. ഫെൻസിങ്, കുട്ടികളുടെ പാർക്ക്, കഫറ്റീരിയ, ശുദ്ധജലം, പ്ലമിങ്, സംരക്ഷണ ഭിത്തി, ലാൻഡ്സ്കേപ്, പ്രവൃത്തികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ലാൻഡ്സ്കേപ്പിനു വേണ്ടി ജെസിബി പണിയും സംരക്ഷണ ഭിത്തി നിർമാണവുമാണു തുടങ്ങിയത്.
കഴിഞ്ഞ ഒന്നര മാസത്തോളമായി പ്രവൃത്തി നിർത്തിവച്ചിരിക്കുകയാണ്. 2025 മാർച്ച് മാസത്തിൽ ടൂറിസം പദ്ധതി ഉദ്ഘാടനം നടത്താൻ കെ.എം.സച്ചിൻദേവ് എംഎൽഎ ഉൾപ്പെടെ അധികൃതർ സ്ഥലം സന്ദർശിച്ചു തീരുമാനമെടുത്തെങ്കിലും നടപ്പായില്ല.ആദ്യഘട്ടത്തിലെ പ്രവൃത്തിയിൽ ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച വ്യൂ ടവർ ഇപ്പോൾ തുരുമ്പെടുത്തു നശിക്കുകയാണ്. സമുദ്ര നിരപ്പിൽ നിന്നും 2400 അടിയോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ഈ സ്ഥലം ടൂറിസ്റ്റുകളുടെ പ്രധാന ആകർഷണമാണ്. സർക്കാരിന്റെ അനാസ്ഥയിൽ അവഗണനയിൽ കഴിയുന്ന ടൂറിസ്റ്റ് കേന്ദ്രത്തിലെ പ്രവൃത്തി പൂർത്തിയാക്കാൻ അധികൃതരും ശ്രമിക്കുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്.
ഡിടിപിസിയാണ് പദ്ധതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.6 മാസം മുൻപ് ടൂറിസം ഭൂമി ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ലീസിന് എടുത്തിരുന്നു. എസ്റ്റിമേറ്റ് പ്രകാരം ടൂറിസ്റ്റ് കേന്ദ്രത്തിലെ പ്രവൃത്തി വൈകുന്നതിനാൽ കാറ്റുള്ളമല ടൂറിസം പദ്ധതിക്കു തടസ്സം നേരിടുകയാണ്.എംഎൽഎ ഉൾപ്പെടെ പദ്ധതിയെ അവഗണിക്കുന്നതാണു ടൂറിസം പദ്ധതി ഉദ്ഘാടനം വൈകാൻ കാരണമെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവരുടെ യോഗം വിളിച്ചു പ്രവൃത്തി പൂർത്തീകരിച്ചു പദ്ധതി യാഥാർഥ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.