കോഴിക്കോട് ∙ പായ്വഞ്ചിയിൽ മൂന്നു സമുദ്രങ്ങളും നാലു ഭൂഖണ്ഡങ്ങളും ചുറ്റിയ അറിവുകൾ വിദ്യാർഥികളുമായി പങ്കിട്ട് ലഫ്റ്റനന്റ് കമാൻഡർ ദിൽന ദേവദാസ്. നടക്കാവ് ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പൂർവ വിദ്യാർഥി കൂടിയായ ദിൽന എത്തിയത്.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ 120 ൽ ഏറെ വിദ്യാർഥികളുമായാണ് ദിൽന അടുത്തയിടെ ലോകം ഏറെ ശ്രദ്ധിച്ച പായ്വഞ്ചി യാത്രയിലെ അനുഭവങ്ങൾ പങ്കുവച്ചത്.
2014 ൽ ഇന്ത്യൻ നാവികസേനയിൽ ചേർന്ന ദിൽന, സേനയുടെ പായ്വഞ്ചിയായ ഐഎൻഎസ്വി തരിണിയിൽ നാവികസേനയിലെ സഹപ്രവർത്തകയും തമിഴ്നാട്ടുകാരിയുമായ ലഫ്റ്റനന്റ് കമാൻഡർ രൂപയ്ക്കൊപ്പമാണ് എട്ടു മാസത്തെ യാത്രയിൽ 25,400 നോട്ടിക്കൽ മൈലിൽ ഏറെ സഞ്ചരിച്ച് മടങ്ങിയെത്തിയത്.
സമുദ്ര പര്യവേഷണത്തിൽ നിന്നുള്ള ഉൾക്കാഴ്ചകളും പ്രതികൂല കാലാവസ്ഥയിലൂടെ സഞ്ചരിക്കുമ്പോൾ ആവശ്യമായ ശാരീരികവും മാനസികവുമായ തയാറെടുപ്പുകൾ, സഹിഷ്ണുത, ടീം വർക്കിന്റെ പ്രാധാന്യം, നാവികസേന ആവശ്യപ്പെടുന്ന മാനസിക ധീരത തുടങ്ങിയവ അവർ വിദ്യാർഥികളോട് വിശദീകരിച്ചു. പ്രഫഷനൽ, വ്യക്തിഗത മേഖലകളിലെ വിജയത്തിന് അത്യാവശ്യമായ ഗുണങ്ങളിലേക്കാണ് ഇതിലൂടെ വിദ്യാർഥികൾ കാതോർത്തത്.
ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ, സ്കൂൾ അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങോടെയാണ് പരിപാടി അവസാനിച്ചത്.
സ്കൂൾ പ്രിൻസിപ്പൽ സി.ഗിരീഷ്കുമാർ, ഹൈസ്കൂൾ വിഭാഗത്തിലെ അധ്യാപകരായ ടി.ദിവ്യ, ഹരിത, അനുഷ, ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ പ്രോഗ്രാം ഓഫിസർ റോഷൻ ജോൺ, അഗീഷ്മ, അദ്നാൻ തുടങ്ങിയവരും പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

