ഫറോക്ക്∙ ബ്രിട്ടിഷുകാർ നിർമിച്ച ഫറോക്ക് പഴയ പാലം അപകടത്തിൽ. ഇരുമ്പു ചട്ടക്കൂടുള്ള പാലത്തിന്റെ ഫറോക്ക് കരയിൽ അടിഭാഗത്തെ ഗർഡറുകൾ തുരുമ്പെടുത്തു ദ്രവിച്ചു. ഗർഡറുകൾ തൂണിൽ ബന്ധിപ്പിക്കുന്ന ഇരുമ്പ് ഭാഗവും നശിച്ചു.
മഴവെള്ളം താഴേക്കു ഒഴുകുന്ന ഭാഗമാണ് തുരുമ്പെടുത്ത് അടർന്നു വീണത്. കഴിഞ്ഞ ഫെബ്രുവരിയിൽ മരാമത്ത് ബ്രിജസ് വിഭാഗം ഡ്രോൺ ഉപയോഗിച്ച നടത്തിയ പരിശോധനയിൽ പാലത്തിന്റെ തകർച്ച കണ്ടെത്തിയിരുന്നു.
ഇതോടെ അടിഭാഗത്ത് അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിന് 85 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതിക്കു സമർപ്പിച്ചു. കണ്ടെയ്നർ ലോറികൾ ഇടിച്ചു ഇരുമ്പ് കമാനങ്ങൾ പൊട്ടിയ പാലം 2022 ഓഗസ്റ്റിൽ 90 ലക്ഷം രൂപ ചെലവിട്ടു നവീകരിച്ചിരുന്നു.
അന്നു പാലത്തിന്റെ മുകൾ ഭാഗവും നടപ്പാതയും മാത്രമാണ് അറ്റകുറ്റപ്പണി നടത്തിയത്. പിന്നീട് 2023 ഡിസംബറിൽ 1.65 കോടി രൂപ ചെലവിട്ടു പാലം പരിസരം സൗന്ദര്യവൽക്കരിച്ചു വിദേശമാതൃകയിൽ ദീപാലംകൃതമാക്കി.
1883ലാണ് ബ്രിട്ടിഷുകാർ ഫറോക്കിൽ ഇരുമ്പ് പാലം നിർമിച്ചത്.
ആദ്യകാലത്ത് ഇതുവഴിയായിരുന്നു ട്രെയിൻ ഗതാഗതം. 1924ൽ പുതിയ റെയിൽപാലം പണിതതോടെയാണു പഴയപാലം റോഡ് ഗതാഗതത്തിനു വിട്ടു നൽകിയത്.
നേരത്തേ 2005ൽ പാലത്തിന്റെ ഇരുമ്പ് പ്ലേറ്റ് തകർന്നു അപകടനിലയുണ്ടായിരുന്നു. തുടർന്ന് പാലം പൂർണമായും അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]