
കോഴിക്കോട്∙ സമ്പർക്കക്രാന്തി എക്സ്പ്രസിൽ നിന്ന് തൃശൂർ സ്വദേശി അമ്മിണി ജോസിന്റെ ബാഗ് മോഷ്ടിച്ച ശേഷം അവരെ തള്ളിയിട്ട പ്രതി മുഹമ്മദ് സെയ്ഫ് അസ്ഗർ അലിയും ഉടനെ പുറത്തേക്ക് ചാടി.
ഈ സമയം മംഗളൂരു ഭാഗത്തേക്ക് പോകുന്ന അന്ത്യോദയ എക്സ്പ്രസ് അതുവഴി വന്നിരുന്നു. കവർച്ചയ്ക്കിടെ അമ്മിണി ജോസ് പുറത്തേക്ക് തെറിച്ചു വീണ സംഭവത്തെ തുടർന്ന് അന്ത്യോദയ എക്സ്പ്രസ് ഫ്രാൻസിസ് റോഡ് മേൽപാലത്തിനു താഴെ ഭാഗത്തായി നിർത്തിയിരുന്നു.
ഈ സമയം വട്ടാംപൊയിൽ ഭാഗത്തു നിന്നു ട്രാക്കിന്റെ പടിഞ്ഞാറു ഭാഗത്തൂ കൂടെ ഓടി വന്ന മുഹമ്മദ് സെയ്ഫ് അന്ത്യോദയ എക്സ്പ്രസ്സിൽ ചാടി കയറി.
മംഗളൂരിവിൽ ഇറങ്ങി. ഇവിടെ നിന്നു 9.26ന് പൂനെ എക്സ്പ്രസിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തതിന് ടിടിഇ മുഹമ്മദ് സെയ്ഫിനു പിഴ ചുമത്തിയിരുന്നു.
അമ്മിണി ജോസ് നൽകിയ മൊഴിക്കു സാമ്യതയുള്ള മോഷ്ടാവിന്റെ ദൃശ്യങ്ങൾ മംഗളൂരു, ഗോവ, പനവേൽ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു ലഭിച്ചിരുന്നു. ജനറൽ കോച്ചിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുകയാണ് മുഹമ്മദ് സെയ്ഫിന്റെ രീതി.
ഓരോ കംപാർട്മെന്റിലുമെത്തി യാത്രക്കാരെ നിരീക്ഷിച്ചാണ് കവർച്ച നടത്തുന്നത്. പനവേലിൽ നിന്നാണ് മുഹമ്മദ് സെയ്ഫും സമ്പർക്കക്രാന്തി എക്സ്പ്രസിൽ കയറിയത്.
ട്രെയിൻ രത്നഗിരി സ്റ്റേഷനിൽ എത്തിയപ്പോഴാണ് അമ്മിണി ജോസിനെ മുഹമ്മദ് സെയ്ഫ് കാണുന്നത്.
അപ്പോഴെല്ലാം സഹോദരൻ വർഗീസ് ഒപ്പമുണ്ടായതിനാൽ ബാഗ് എടുക്കാനായില്ല. കോഴിക്കോട് സ്റ്റേഷൻ വിട്ടപ്പോൾ വർഗീസ് ശുചിമുറിയിലേക്കു പോയ സമയം നോക്കിയാണ് കവർച്ചയ്ക്കു തിരഞ്ഞെടുത്തതെന്നു മുഹമ്മദ് സെയ്ഫ് പൊലീസിനോടു പറഞ്ഞു. റെയിൽവേ പൊലീസ് ഡിഎസ്ആർപി എം.ശശിധരൻ, ആർപിഎഫ് ഇൻസ്പെക്ടർ കേശവദാസ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു കേസ് അന്വേഷണം.
റെയിൽവേ പൊലീസ് എസ്ഐമാരായ സുഭാഷ് ചന്ദ്രൻ, പി.കെ.ബഷീർ, പി.ജയകൃഷ്ണൻ, എഎസ്ഐ പി.ടി.ഷാജി, സീനിയർ സിപിഒമാരായ ജോസ്, അഖിലേഷ്, ബിപിൻമാത്യു, ആർപിഎഫ് എസ്ഐമാരായ സുനിൽ കുമാർ, അജിത് അശോക്, ഹെഡ് കോൺസ്റ്റബിൾമാരായ അബ്ബാസ്, ബൈജു, അജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]