എയ്ഡഡ് മേഖലയിൽ ഒബിസി വിദ്യാർഥികൾക്ക് സംവരണം അനുവദിക്കണം: മുസ്ലിം ലീഗ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ എയ്ഡഡ് മേഖലയിൽ ഒബിസി വിദ്യാർഥികൾക്ക് സംവരണം അനുവദിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകൾ ഭൂരിപക്ഷവും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്. എന്നാൽ ഈ സ്ഥാപനങ്ങളിൽ ഒബിസി വിഭാഗം വിദ്യാർഥികൾക്ക് പ്രവേശനത്തിൽ സംവരണം അനുവദിക്കുന്നില്ല. ഇത് കാരണം നിരവധി ഒബിസി വിഭാഗം വിദ്യാർഥികൾക്ക് ഇഷ്ടപ്പെട്ട സയൻസ് വിഷയങ്ങൾക്ക് പ്രവേശനം ലഭിക്കുന്നില്ല. പലരുടെയും ഉന്നത വിദ്യാഭ്യാസം ഇത് മൂലം തടസ്സപ്പെടുകയാണ്. സംവരണം അനുവദിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കെപിസിആർ പ്രകാരമുള്ള ഫീസാനുകൂല്യങ്ങൾ അനുവദിക്കാൻ പാടില്ല എന്ന വ്യവസ്ഥയുണ്ട്. എന്നിട്ടും നിയമവിരുദ്ധമായി അവിടെ ഈ ആനുകൂല്യങ്ങൾ അനുവദിക്കുന്നുണ്ട്.- പി.എം.എ സലാം പറഞ്ഞു.
എയ്ഡഡ് സ്ഥാപനങ്ങളിലും ഒബിസി വിഭാഗത്തിന് പ്രവേശനത്തിൽ സംവരണം അനുവദിക്കണമെന്നും നിരവധി നിവേദനങ്ങൾ സർക്കാരുകൾക്കു മുമ്പിൽ ഉണ്ട്. അതിനൊരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല. പിന്നോക്ക സമുദായ സംഘടനകളും നേതാക്കളും വിദ്യാർഥികളും രക്ഷകർത്താക്കളും ഈ പ്രശ്നത്തെ ഗൗരവപൂർവ്വം കാണേണ്ടതുണ്ട്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒബിസി വിദ്യാർഥികൾക്ക് പ്രവേശനത്തിൽ അടിയന്തരമായി സംവരണം ഉറപ്പാക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രി നടപടികൾ സ്വീകരിക്കണമെന്നും പി.എം.എ സലാം ആവശ്യപ്പെട്ടു.