
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസ്; ട്രെയിനിൽ നിന്നു ചാടിപ്പോയ പ്രതി അസമിൽ നിന്നു പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നല്ലളം∙ പതിനഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി വിൽപന നടത്തിയ കേസിൽ കസ്റ്റഡിയിലെടുത്തു കൊണ്ടുവരുന്നതിനിടെ ട്രെയിനിൽ നിന്നു കടന്നുകളഞ്ഞ പ്രതി വീണ്ടും പിടിയിൽ. അസം ബാർപെട്ട ഭവാനിപൂർ നസീദുൽ ഷെയ്ഖ് (21) ആണ് അറസ്റ്റിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ചെറുവണ്ണൂർ ശാരദാമന്ദിരത്തിന് സമീപം ആക്രിക്കടയിലെ തൊഴിലാളിയായിരുന്ന നസീദുൽ ഷെയ്ഖ് 2023 ഒക്ടോബറിലാണ് ബംഗാൾ സ്വദേശിയുടെ മകളെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയത്. ഹരിയാനയിൽ എത്തിച്ച കുട്ടിയെ നസീദുൽ ഷെയ്ഖിന്റെ പിതാവ് ലാൽസൻ ഷെയ്ഖിനു കൈമാറുകയും അദ്ദേഹം 25,000 രൂപയ്ക്ക് അവിടത്തെ സുശീൽ കുമാർ എന്നയാൾക്കു വിൽക്കുകയുമായിരുന്നു.
കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിൽ നല്ലളം പൊലീസ് പോക്സോ, മനുഷ്യക്കടത്ത്, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്ത് പ്രതിയെ പിടികൂടാനായി 2024 ഒക്ടോബർ 22ന് അസമിലേക്കു പോയി. അസം പൊലീസിന്റെ സഹായത്തോടെ നവംബർ 5ന് പ്രതിയെ പിടികൂടുകയും ചെയ്തു. യാത്രയ്ക്കിടെ നവംബർ 7ന് ബിഹാറിലെ കത്തിഹാർ റെയിൽവേ സ്റ്റേഷനു സമീപം എത്തിയപ്പോൾ ശുചിമുറിയിൽ പോകണമെന്നു പറഞ്ഞ പ്രതി കൈ വിലങ്ങ് അഴിപ്പിച്ചു പൊലീസിനെ വെട്ടിച്ച് ട്രെയിനിൽ നിന്നു ചാടുകയായിരുന്നു. സംഭവത്തിൽ അന്വേഷണ സംഘത്തിലെ നല്ലളം എസ്ഐ ഉൾപ്പെടെ 4 പൊലീസുകാർക്കെതിരെ അന്നു അച്ചടക്ക നടപടിയുണ്ടായിരുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ തുടർച്ചയായ നിരീക്ഷണത്തിലാണ് പ്രതി അസമിൽ ഉണ്ടെന്നു അറിഞ്ഞതെന്ന് നല്ലളം ഇൻസ്പെക്ടർ കെ.സുമിത് കുമാർ പറഞ്ഞു. കേസിൽ രണ്ടാം പ്രതിയായ ലാൽസൻ ഷെയ്ഖ് ഒളിവിലാണ്. മൂന്നാം പ്രതി സുശീൽ കുമാറിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. നല്ലളം എസ്ഐ കെ.സുനിൽകുമാർ, സീനിയർ സിപിഒ പി.സുഗേഷ്, സിപിഒ ഇ.കെ.സഫിൻ എന്നിവരടങ്ങുന്ന സംഘം അസം പൊലീസിന്റെ സഹായത്തോടെ ബാർപെട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 5ന് വൈകിട്ട് പിടികൂടിയ പ്രതിയെ കഴിഞ്ഞ രാത്രിയാണ് നല്ലളം സ്റ്റേഷനിൽ എത്തിച്ചത്.