കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്ക് സമീപം കന്നാട്ടി പ്രദേശത്ത് രാത്രികാലങ്ങളിൽ വീടുകളുടെ വാതിലിൽ അജ്ഞാതൻ മുട്ടി ഭീതി പരത്തുന്നതായി പരാതി. കഴിഞ്ഞ രണ്ടാഴ്ചയായി ഈ പ്രദേശത്ത് വീടുകൾ മാറിമാറി ലക്ഷ്യമിട്ട് അജ്ഞാതന്റെ രാത്രികാല സന്ദർശനം തുടരുകയാണ്.
പ്രദേശവാസികൾ സംഘടിതമായി വിവിധയിടങ്ങളിൽ കാവൽ ഏർപ്പെടുത്തിയിട്ടും ഇതുവരെ ആളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. സംഭവത്തിന് പിന്നിൽ ഒരാൾ മാത്രമാണോ അതോ ഒരു സംഘമാണോ എന്ന ആശങ്കയിലാണ് ഇപ്പോൾ നാട്ടുകാർ കഴിയുന്നത്.
ഒരു വീടിന്റെ വാതിലിൽ ശക്തിയായി മുട്ടിയ ശേഷം കറുത്ത വേഷം ധരിച്ചെത്തുന്ന ഈ വ്യക്തി പെട്ടെന്ന് തന്നെ അവിടെ നിന്ന് അപ്രത്യക്ഷനാകുകയാണ് പതിവ്. തൊട്ടടുത്ത നിമിഷം തന്നെ കുറച്ചകലെ മറ്റൊരു വീട്ടിലും ഇയാൾ സമാനമായ രീതിയിൽ വാതിലിൽ മുട്ടുന്നു.
ആളുകൾ ശബ്ദം കേട്ട് അവിടേക്ക് ഓടിയെത്തുമ്പോഴേക്കും വീണ്ടും മറയുകയും മറ്റൊരു വീട്ടിൽ പോയി മുട്ടുകയും ചെയ്യുന്നത് പ്രദേശത്ത് സ്ഥിരമായിരിക്കുകയാണ്. ഇതുവരെ വീടുകളിൽ നിന്ന് മോഷണം നടത്തുകയോ ആരെയും ഉപദ്രവിക്കുകയോ ചെയ്തിട്ടില്ലെന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.
സംഭവത്തെ തുടർന്ന് നാട്ടുകാർ പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് രാത്രികാല പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെങ്കിലും അജ്ഞാതനെ പിടികൂടാൻ പൊലീസിനും സാധിച്ചിട്ടില്ല.
ഈ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയിൽന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. വാർഡ് മെംബർമാരായ എം.ബാലൻ, പി.ശാലിനി എന്നിവരുടെ സാന്നിധ്യത്തിലാണ് സർവകക്ഷി ആക്ഷൻ കമ്മിറ്റി യോഗം വിളിച്ചുചേർത്തത്.
എന്നാൽ ഈ കമ്മിറ്റി യോഗം പിരിഞ്ഞ ഉടനെയും പതിവുപോലെ ചില വീടുകളിൽ വാതിലിൽ മുട്ടൽ ശബ്ദം കേൾപ്പിക്കുകയും അജ്ഞാതൻ അപ്രത്യക്ഷനാവുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

