
കോഴിക്കോട് ∙ നഗരത്തിലെ പന്നിയങ്കര, ഫറോക്ക് എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലായി എംഡിഎംഎയുമായി നാലുപേർ പിടിയിൽ. പന്നിയങ്കര സ്റ്റേഷൻ പരിധിയിലെ വട്ടക്കിണറിൽ വിൽപനയ്ക്കായി സൂക്ഷിച്ച 1.578 ഗ്രാം എംഡിഎംഎയുമായി അരക്കിണർ ചാക്കേരിക്കാട് സ്വദേശി ചെറിയഒറ്റയിൽ വീട്ടിൽ ജംഷീലിനെ (38) ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള ക്രൈംസ്ക്വാഡ് അംഗങ്ങളായ എസ്ഐ പി.സി.സുജിത്, എഎസ്ഐ അരുൺകുമാർ മാത്തറ, ഫറോക്ക് എസ്ഐ അനൂപ്, പന്നിയങ്കര സ്റ്റേഷനിലെ എസ്ഐമാരായ ജയാനന്ദൻ, വിനോദ്, ഗണേശൻ തുടങ്ങിയവർ അടങ്ങിയ സംഘമാണ് കസ്റ്റഡിയിലെടുത്തത്.
പ്രതിയിൽ നിന്ന് ലഹരിമരുന്നു വിൽപനയിലൂടെ ലഭിച്ച 2500 രൂപയും കണ്ടെടുത്തു.
കോഴിക്കോട്, മലപ്പുറം, കണ്ണൂർ തുടങ്ങിയ ജില്ലകളിലായി വിൽപനയ്ക്കായി ലഹരിമരുന്ന് കൈവശം വച്ചതിനും ഉപയോഗിച്ചതിനും നല്ലളത്ത് കടലുണ്ടി സ്വദേശിനിയുടെ രണ്ടു പവൻ തൂക്കം വരുന്ന സ്വർണ്ണമാല പിടിച്ചു പറിക്കാൻ ശ്രമിച്ചതിനും, ഫറോക്ക് സ്റ്റേഷൻ പരിധിയിലെ സേവാമന്ദിരം സ്കൂളിന് സമീപം വൈദ്യരങ്ങാടി സ്വദേശിനിയുടെ 1.5 പവൻ തൂക്കം വരുന്ന സ്വർണ്ണ മാല പിടിച്ചുപറിച്ചതും അടക്കം എട്ടോളം കേസുകൾ ജംഷീലിനെതിരെയുണ്ട്.
ഫറോക്ക് ബസ് സ്റ്റാൻഡിനു സമീപം വാഹന പരിശോധനയിൽ 1.280 ഗ്രാം എംഡിഎംഎയുമായി മലപ്പുറം മൊറയൂർ സ്വദേശികളായ എടപ്പറമ്പ് ആഫിയ മൻസിലിൽ നസീബ് (21), പള്ളിയാളി വീട്ടിൽ അബ്ദുൽസലാം (21), മലപ്പുറം പാലയകൊട് സ്വദേശി മഞ്ഞളാംകുന്ന് വീട്ടിൽ അഭിജിത്ത് (20) എന്നിവരെയാണ് ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ സുഹൃത്ത് മഞ്ചേരി സ്വദേശി ഷഹീർ പൊലീസിനെ കണ്ട് കാറിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
ഫറോക്ക് പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ വിനയൻ, സജീവൻ എന്നിവരുടെ നേതൃത്വത്തിലുളള അന്വേഷണസംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ബെംഗളൂരുവിൽ നിന്നും ലഹരിമരുന്നു മൊത്തമായി എത്തിച്ച് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പല സ്ഥലങ്ങളിലേക്കും എത്തിക്കുകയും ചില്ലറ വിൽപ്പന നടത്തുകയും ചെയ്യുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണികളാണ് ജംഷീൽ എന്ന ഇഞ്ചീലും മഞ്ചേരി സ്വദേശി ഷഹീറുമെന്ന് കണ്ടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]