കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ വിവിധ റെയിൽവേ വികസന പദ്ധതികളും യാത്രാദുരിതങ്ങളും പരിഹരിക്കുക ലക്ഷ്യമിട്ട് എം.കെ. രാഘവൻ എംപി പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജരുമായി ചർച്ച നടത്തി.
പാലക്കാട് ഡിആർഎം ഓഫീസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ഡിആർഎം മധുകർ റാവുത്ത് ആണ് പങ്കെടുത്തത്. മണ്ഡലത്തിലെ വികസന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയതായി എംപി വ്യക്തമാക്കി.
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പുനർവികസനത്തിൽ ഉണ്ടാകുന്ന കാലതാമസം യോഗത്തിൽ ഗൗരവമായി ചർച്ച ചെയ്തു. കരാറുകാരുടെ ഭാഗത്തുനിന്നും നിരന്തരം വീഴ്ചകളുണ്ടാകുന്ന പശ്ചാത്തലത്തിൽ നിലവിലുള്ള കരാർ റദ്ദാക്കി പുതിയ ഏജൻസിയെ ചുമതലപ്പെടുത്താൻ തീരുമാനമായിട്ടുണ്ട്.
ഇതിനായുള്ള തുടർനടടികൾ വേഗത്തിൽ റെയിൽവേയുടെ ഭാഗത്തുനിന്നും ഉണ്ടാകും. യാത്രക്കാരുടെ ദുരിതം ലഘൂകരിക്കുന്നതിന്റെ ഭാഗമായി മംഗലാപുരം – പാലക്കാട് പാതയിൽ പുതിയ മെമു സർവീസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
പാലക്കാട് ഷെഡിലേക്ക് അനുവദിക്കുന്നതിനായി ചെന്നൈ ഹെഡ്ക്വാർട്ടേഴ്സിലേക്ക് അയച്ച 5 മേമു റേക്കുകൾ അതിവേഗം ലഭ്യമാക്കാനും തീരുമാനമായിട്ടുണ്ട്. ഉത്തര മലബാറിൽ നിന്ന് പാലക്കാട് വഴി ബെംഗളൂരുവിലേക്ക് പുതിയ പ്രതിദിന വന്ദേ ഭാരത് സ്ലീപ്പർ അല്ലെങ്കിൽ എക്സ്പ്രസ് ട്രെയിൻ അനുവദിക്കണമെന്ന ആവശ്യം റെയിൽവേ ബോർഡിന് മുൻപാകെ ശക്തമായി ഉന്നയിക്കും.
നിലവിൽ യാത്രക്കാരുടെ കുറവുള്ള ഗോവ- മംഗളൂരു വന്ദേഭാരത് ട്രെയിൻ കോഴിക്കോട് വരെ നീട്ടണമെന്നും, മംഗലാപുരം ഭാഗം ദക്ഷിണ പശ്ചിമ റെയിൽവേയിലേക്ക് മാറിയതുമൂലമുള്ള പ്രതിസന്ധികൾ മറികടക്കാൻ 24 കോച്ചുകൾ വരെ പരിപാലിക്കാൻ ശേഷിയുള്ള പിറ്റ്ലൈൻ സ്ഥാപിക്കണമെന്നും റെയിൽവേ ബോർഡിനോട് ഡിവിഷൻ ആവശ്യപ്പെടും. അമലാപുരി (പി.ടി.
ഉഷ റോഡ്), പണിക്കർ റോഡ്, വെസ്റ്റ് ഹിൽ ചുങ്കം എന്നിവിടങ്ങളിലെ മേൽപ്പാലങ്ങളുടെയും അണ്ടർപാസുകളുടെയും അന്തിമ അനുമതിയും നിർമ്മാണ പ്രവർത്തനങ്ങളും ത്വരിതപ്പെടുത്താനും യോഗത്തിൽ ധാരണയായി. ഫറോക്കിലും കടലുണ്ടിയിലും പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നത് സജീവമായ പരിഗണനയിലാണെന്ന് അധികൃതർ അറിയിച്ചു.
ഡിവിഷനിലെ ജീവനക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്കും അടിയന്തര പരിഹാരം കാണണമെന്ന് എംപി ആവശ്യപ്പെട്ടു. കല്ലായിലെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമായി ലിമിറ്റഡ് യൂസ് സബ്വേ അനുവദിക്കുക, കടലുണ്ടിയിൽ റെയിൽവേ ഭൂമിയിലൂടെയുള്ള റോഡ് പുനരുദ്ധാരണത്തിനുള്ള അനുമതി നൽകുക, ഫറോക്കിലെ റെയിൽവേ ഭൂമി മുനിസിപ്പാലിറ്റിയുടെ വികസന പ്രവർത്തനങ്ങൾക്കായി ലീസിന് നൽകുക തുടങ്ങിയ വിഷയങ്ങൾ നേരിട്ട് പരിശോധിച്ച് തീരുമാനമെടുക്കുന്നതിനായി ഡിആർഎമ്മിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പ്രസ്തുത പ്രദേശങ്ങൾ സന്ദർശിക്കും.
റെയിൽവേ ബോർഡിന്റെ അനുമതി ആവശ്യമായ കാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ വേഗത്തിലാക്കാൻ ബോർഡ് തലത്തിൽ ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് എം.കെ. രാഘവൻ എംപി കൂട്ടിച്ചേർത്തു.
ഡിആർഎം മധുകർ റാവുത്ത്, സീനിയർ ഡിഇഎൻ കോ–ഓർഡിനേഷൻ മുഹമ്മദ് ഇസ്ലാം, കോഴിക്കോട് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ (കൺസ്ട്രക്ഷൻ) ഹബീബ് റഹ്മാൻ, ആർബി ഡിസികെ ഡിജിഎം ദേവേഷ്, കെആർഡിസിഎൽ മാനേജർ വിനയൻ തുടങ്ങിയ പ്രമുഖരും യോഗത്തിൽ സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

