
കൊടുവള്ളി∙ ദേശീയപാതയോട് ചേർന്ന് കൊടുവള്ളി വളവിലെ കണ്ണായ സ്ഥലത്ത് കാലപ്പഴക്കത്താൽ ജീർണിച്ച് അപകടാവസ്ഥയിൽ തുടരുന്ന പഴയ വില്ലേജ് ഓഫിസ് കെട്ടിടം പൊളിച്ച് പുതിയ പദ്ധതികൾക്ക് ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ശക്തം. 50 വർഷത്തിലേറെ പഴക്കമുള്ള ഈ കെട്ടിടത്തിലായിരുന്നു മുൻപ് കൊടുവള്ളി വില്ലേജ് ഓഫിസും പഞ്ചായത്ത് കാര്യാലയവും പ്രവർത്തിച്ചിരുന്നത്.കെട്ടിടം സുരക്ഷിതമല്ലാതായതോടെ ഓഫിസുകൾ ഇവിടെ നിന്നു മാറ്റി.
ഇപ്പോൾ താഴത്തെ നിലയിൽ 5 കടമുറികൾ പ്രവർത്തിക്കുന്നു.
കോൺക്രീറ്റ് അടർന്നും ബലക്ഷയം വന്നും നിലം പൊത്താറായ നിലയിലാണ് കെട്ടിടം. വ്യാപാരികളോട് ഒഴിഞ്ഞുപോകാൻ നഗരസഭാധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ റവന്യു വകുപ്പ് കൊടുവള്ളിയിൽ സ്മാർട് വില്ലേജ് ഓഫിസ് കെട്ടിടം നിർമാണത്തിനായി 45 ലക്ഷം രൂപ അനുവദിച്ചിരുന്നു.
സ്ഥലമില്ലാത്തതിനാൽ പദ്ധതി ഇഴയുകയാണ്. പഴയ വില്ലേജ് ഓഫിസ് കെട്ടിടം പൊളിച്ച് ഇവിടെ സ്മാർട് വില്ലേജ് ഓഫിസ്, പൊതു വായനശാല, സാംസ്കാരിക നിലയം എന്നിവ സ്ഥാപിക്കണമെന്നാണ് ആവശ്യം ശക്തമാണ്.
റവന്യു വകുപ്പിന്റെ കൈവശമുണ്ടായിരുന്ന ഈ 18 സെന്റ് സ്ഥലം 1970ലെ ഉത്തരവ് പ്രകാരം വില്ലേജ് ഓഫിസിനു സൗകര്യമൊരുക്കണമെന്ന ഉപാധിയോടെയാണ് അന്നു കൊടുവള്ളി പഞ്ചായത്തിനു നൽകിയിരുന്നത്.
എന്നാൽ പിന്നീട് ഈ ഓഫിസുകൾ പുതിയ കെട്ടിടങ്ങളിലേക്കു മാറിയിട്ടും നഗരസഭ റവന്യു വകുപ്പിനു സ്ഥലം കൈമാറിയിട്ടില്ല. ഇത് നഗരസഭയ്ക്കു തന്നെ വിട്ടുനൽകണമെന്നു മന്ത്രിയോട് കൊടുവള്ളി നഗരസഭാധ്യക്ഷൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മുൻപ് ഓപ്പൺ സ്റ്റേജ് നിലനിന്നിരുന്ന ഈ സ്ഥലത്ത് ഒരു സാംസ്കാരിക നിലയവും വായനശാലയും കോൺഫറൻസ് ഹാളും നിർമിക്കാമെന്നും ഇവിടെ വില്ലേജ് ഓഫിസിനു സ്ഥലം ആവശ്യമെങ്കിൽ നൽകാമെന്നുമാണ് നഗരസഭാധ്യക്ഷന്റെ നിലപാട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]