കോഴിക്കോട്∙ നെല്ലിക്കോട് സ്വകാര്യ ഫ്ലാറ്റ് നിർമാണത്തിനിടെ മണ്ണിടിഞ്ഞു നിർമാണത്തൊഴിലാളി മരിക്കുകയും 2 പേർക്കു പരുക്കേൽക്കുകയും ചെയ്തതിൽ സുരക്ഷാ മുന്നൊരുക്കങ്ങൾ ഇല്ലാതെയും നിർമാണ അനുമതിയുടെ വ്യവസ്ഥകൾ പാലിക്കാതെയും പ്രവൃത്തി നടത്തിയതാണ് അപകടത്തിനു കാരണമെന്നു കോർപറേഷൻ ടൗൺ പ്ലാനിങ് വിഭാഗം. അപകടത്തിൽപെട്ടവർക്കു നഷ്ടപരിഹാരവും ദുരന്തബാധിതരുടെ പുനരധിവാസവും എത്രയും പെട്ടെന്നു നടത്തണമെന്നു മേയർ ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ടു ഫ്ലാറ്റ് നിർമാതാക്കൾക്ക് നിർദേശം നൽകി.
ദുരന്തത്തിൽ മരിച്ച തൊഴിലാളിയുടെ കുടുംബത്തിനു 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന കോർപറേഷന്റെ ആവശ്യം നിർമാതാക്കൾ അംഗീകരിച്ചു. ദുരന്തത്തിൽ പരുക്കേറ്റ തൊഴിലാളികൾക്ക് അടിയന്തരമായി 50,000 രൂപ നഷ്ടപരിഹാരം നൽകാനും ബിൽഡേഴ്സിനോട് ആവശ്യപ്പെട്ടതായി മേയർ പറഞ്ഞു.
വീട്ടിലേക്ക് റോഡ് സൗകര്യം നഷ്ടപ്പെട്ടവർക്ക് റോഡ് പുനർനിർമിക്കുന്നതു വരെ, ദുരന്ത സ്ഥലത്തിന് സമീപത്ത് വാടകയ്ക്കു താമസിച്ചിരുന്നവർക്ക് വാടക വീട് ഏർപ്പെടുത്താനും നിർദേശം നൽകി.
അപകട സ്ഥലം പരിശോധിച്ചു റിപ്പോർട്ട് തയാറാക്കുന്നതിന് ടെക്നിക്കൽ എക്സ്പർട്ട് കമ്മിറ്റി രൂപീകരിച്ചു.
എക്സ്പേർട്ട് കമ്മിറ്റി റിപ്പോർട്ട് പ്രകാരം, മണ്ണിടിച്ചിൽ മൂലം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവർക്ക് ബിൽഡേഴ്സ് നഷ്ടപരിഹാരം നൽകണം.ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷരായ പി.ദിവാകരൻ, പി.സി.രാജൻ, കെ.കൃഷ്ണകുമാരി, വാർഡ് കൗൺസിലർമാരായ സുജാത കൂടത്തിങ്കൽ, എം.പി.സുരേഷ്, കോർപറേഷൻ സെക്രട്ടറി കെ.യു.ബിനി, സൂപ്രണ്ടിങ് എൻജിനീയർ എം.ബിജോയ്, ഡപ്യൂട്ടി ടൗൺ പ്ലാനർ പി.ഗിരീഷ്കുമാർ, പി.വി.സുധീഷ്, തഹസിൽദാർ, ദുരന്ത ബാധിതർ, ബിൽഡേഴ്സ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]