കോഴിക്കോട്∙ മൂർച്ചയേറിയ വാക്ക്, കൃത്യമായ ലക്ഷ്യം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിൽ യുഡിഎഫ് സ്ഥാനാർഥികളിൽ ഊർജം നിറച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ജില്ലയിലെ പര്യടനം.
പ്രതിപക്ഷത്തെ പ്രധാന നേതാക്കൾ ഒരു മാസത്തോളം ഒറ്റയ്ക്കൊറ്റയ്ക്കു നടത്തിയ പര്യടനങ്ങളെയെല്ലാം ചേർത്ത് ഒറ്റ ദിവസത്തേക്ക് ആറ്റിക്കുറുക്കിയെടുത്താൽ അതായിരുന്നു പ്രതിപക്ഷ നേതാവിന്റെ പര്യടനം.വടകര കുറിഞ്ഞാലിയോട് യുഡിഎഫ്– ആർഎംപി തിരഞ്ഞെടുപ്പു പൊതുയോഗം ഉദ്ഘാടനം ചെയ്യുമ്പോൾ കനത്ത വെയിലിലും വൻ ജനപങ്കാളിത്തം. യുഡിഎഫ് പ്രവർത്തകർക്കു പുറമേ ആർഎംപി പ്രവർത്തകർ കൂടി എത്തിയതോടെ ആവേശം ഇരട്ടിയായി.
സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും അതിരൂക്ഷ വിമർശനം.
എല്ലായ്പ്പോഴും ഭരണവിരുദ്ധ വികാരം ഉണ്ടാകാറുണ്ടെങ്കിലും ഒരു സർക്കാരിനെ ജനം ഇത്രയ്ക്കു വെറുക്കുന്നത് ആദ്യമായാണെന്ന പ്രസംഗത്തിനു നിലയ്ക്കാത്ത കയ്യടി. ശബരിമല സ്വർണക്കവർച്ച മുതൽ തദ്ദേശ സ്ഥാപനങ്ങളുടെ അധികാര കവർച്ച വരെ അക്കമിട്ട് എണ്ണിപ്പറഞ്ഞു.
വാണിമേലിലും ഓർക്കാട്ടേരിയും മുക്കത്തും നടത്തിയ തിരഞ്ഞെടുപ്പ് കൺവൻഷനുകളിലും പ്രതിപക്ഷ നേതാവ് പങ്കെടുത്തു.
മുക്കം അങ്ങാടിയിൽ വൈകിട്ടു 4ന് നടത്തിയ യുഡിഎഫിന്റെ നഗരസഭ റാലിയിൽ പ്രതിപക്ഷ നേതാവ് എത്തിയെങ്കിലും അണികൾ എത്തിത്തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. തുടർന്ന് സമ്മേളനത്തിൽ മുക്കം നഗരസഭയിലെ 34 സ്ഥാനാർഥികളെയും പ്രതിപക്ഷ നേതാവ് മാല അണിയിച്ചു.പ്രതിപക്ഷ നേതാവിനൊപ്പം യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.എം.അഭിജിത്തും കൂടി ചേർന്നതോടെ അത്തോളി പഞ്ചായത്തിലെ റാലിയും പൊതു സമ്മേളനവും അണികളെ ഇളക്കി മറിച്ചു.
അയ്യപ്പവിഗ്രഹവും സിപിഎം മോഷ്ടിച്ചേനെ: സതീശൻ
കോഴിക്കോട് ∙ കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ ശബരിമലയിൽ നിന്ന് അയ്യപ്പന്റെ തങ്ക വിഗ്രഹം കൂടി സിപിഎമ്മുകാർ കക്കുമായിരുന്നുവെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
പറമ്പിൽ ബസാറിൽ യുഡിഎഫ് കുരുവട്ടൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പു റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശബരിമലയിൽ നിന്ന് അയ്യപ്പന്റെ ദ്വാരപാലക ശിൽപത്തിലും കട്ടിളയിലും പൂശിയ സ്വർണം അടിച്ചുമാറ്റിയവരുടെ കൂടാരമാണ് സിപിഎം. ഇതു ചെയ്ത സിപിഎം നേതാക്കളുടെ ഘോഷയാത്ര ജയിലിലേക്കു തുടങ്ങിയിട്ടുണ്ട്.
കൊള്ളക്കാരുടെ സർക്കാരാണ് കേരളം ഭരിക്കുന്നതെന്നു 3 വർഷം മുൻപു പറഞ്ഞതു ശരിയാണെന്ന് ഇപ്പോൾ തെളിഞ്ഞതായും വി.ഡി.സതീശൻ പറഞ്ഞു.
മരിച്ചു സർക്കാർ ആശുപത്രിയിലെത്തിയാൽ മൂക്കിൽ വയ്ക്കാനുള്ള പഞ്ഞിപോലും വാങ്ങിക്കൊടുക്കേണ്ട അവസ്ഥയിലേക്കു നമ്പർ വൺ കേരളം മാറി.
അമിത് ഷാ പറയുന്നിടത്ത് ഒപ്പുവയ്ക്കുകയാണ് പിണറായി ചെയ്യുന്നത്. ഇതിന്റെ ഫലമാണ് മന്ത്രിസഭയോ എൽഡിഎഫോ പോലും അറിയാതെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതെന്നും അദ്ദേഹം പറഞ്ഞു.
ചെയർമാൻ കെ.കെ.അബ്ദു സമദ് അധ്യക്ഷത വഹിച്ചു. അയ്യപ്പന്റെ രൂപം പതിപ്പിച്ച തളിക പ്രതിപക്ഷ നേതാവിനു യുഡിഎഫ് കൺവീനർ യു.പി.സത്യനാരായണൻ സമ്മാനിച്ചു.
ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ, കെപിസിസി വൈസ് പ്രസിഡന്റ് രമ്യ ഹരിദാസ്, ഡിസിസി സെക്രട്ടറി പി.എം.അബ്ദുറഹിമാൻ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഒ.പി.നസീർ, യൂത്ത് ലീഗ് ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് സി.ജാഫർ സാദിഖ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ശ്രീജിത്ത്, കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി സനൂജ് കുരുവട്ടൂർ, മണ്ഡലം പ്രസിഡന്റ് ടി.കെ.റിയാസ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

