
വിവരം നൽകാതെ മറുപടി അയക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി: വിവരാവകാശ കമ്മിഷണർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ വിവരാവകാശ അപേക്ഷകൾക്ക് മറുപടി നൽകുകയും വിവരം നൽകാതിരിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിവരാവകാശ കമ്മീഷണർ ഡോ. എ അബ്ദുൽ ഹക്കീം. കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ വിവരം നൽകില്ല എന്ന് ബോധപൂർവം തീരുമാനിച്ചുകൊണ്ട് വിവരാവകാശ അപേക്ഷകൾക്ക് പലതരം മറുപടികൾ നൽകുന്ന ഉദ്യോഗസ്ഥരുണ്ട്. അവർ വിവരാവകാശ നിയമത്തെ പരിഹസിക്കുകയാണെന്നും ഇങ്ങനെയുള്ളവർ വിട്ടുവീഴ്ച അർഹിക്കുന്നില്ലെന്നും കമ്മീഷണർ പറഞ്ഞു.
അപേക്ഷകൻ ആവശ്യപ്പെട്ട വിവരങ്ങൾ നൽകാതെ മറ്റു വിവരങ്ങൾ ഉൾപ്പെടുത്തി ഉദ്യോഗസ്ഥർ മറുപടിക്കത്ത് തയ്യാറാക്കരുതെന്നും കമ്മീഷണർ നിർദ്ദേശിച്ചു. വിവരാവകാശ നിയമം വ്യാപകമായി ദുരൂപയോഗം ചെയ്യുന്നുണ്ട്. അവരിൽ പോലീസിന്റെ റൗഡി ലിസ്റ്റുകളിൽ ഉൾപ്പെട്ടവർ വരെയുണ്ടെന്ന വിവരം കമ്മിഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥരെ അസ്വസ്ഥമാക്കണമെന്ന ഉദ്ദേശ്യത്തോടെ സമർപ്പിക്കുന്ന ഇത്തരം വിവരാവകാശ അപേക്ഷകൾ സർക്കാർ ഓഫീസിന്റെ പ്രവർത്തന താളം തെറ്റിക്കുന്നു. നിരപരാധികളായ ഉദ്യോഗസ്ഥരെ ശിക്ഷിക്കൽ കമ്മിഷന്റെ താൽപര്യമല്ല.
കമ്മിഷന്റെ പരിഗണനയിലുള്ള പരാതികളിന്മേൽ തീരുമാനം വരാത്ത ഫയലുകൾ കാലാവധി കഴിഞ്ഞാലും നശിപ്പിക്കാൻ പാടില്ല. സർക്കാർ ഓഫീസുകളിൽ മുഴുവൻ ഫയലുകളും ഏതെങ്കിലുമൊരു ഡിസ്പോസൽ പട്ടികയിൽ ഉൾപ്പെടുത്തേണ്ടതും വിവരാവകാശ നിയമം വകുപ്പ് 4 പ്രകാരം ഫയലുകൾ എല്ലാ ഓഫീസികളിലും ചിട്ടയായി സൂക്ഷിക്കേണ്ടതുമാണ്. ഇവയിൽ നിന്ന് ഏതെങ്കിലും ഒരു ഫയൽ നഷ്ടപ്പെട്ടാൽ പുന:സൃഷ്ടിച്ച് അപേക്ഷന് വിവരം ലഭ്യമാക്കാൻ ഓഫീസ് മേധാവി ബാധ്യസ്ഥനാണെന്നും കമ്മീഷണർ പറഞ്ഞു.
സിറ്റിങ്ങിൽ പരിഗണിച്ച 14 പരാതികളും തീർപ്പാക്കി
കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ക്വാറികൾ സംബന്ധിച്ച വിവരങ്ങൾ 14 ദിവസത്തിനകം അപേക്ഷകന് ലഭ്യമാക്കാനും കോഴിക്കോട് കോർപ്പറേഷനിൽ ഇ പി രാമേശ്വരൻ സമർപ്പിച്ച പരാതിയിൽ കാണാതായ ഫയൽ രണ്ടാഴ്ചയ്ക്കകം പുനർ സൃഷ്ടിച്ച് വിവരം ലഭ്യമാക്കാനും കമ്മീഷണർ ഉത്തരവിട്ടു. കോഴിക്കോട് കോർപ്പറേഷനിൽ അനീഷ് കുമാർ സമർപ്പിച്ച പരാതിയിൽ വിവരം നൽകാതിരുന്ന എസ്പിഐഒക്കെതിരെ വിവരാവകാശ നിയമം 20(1) പ്രകാരം നടപടി സ്വീകരിക്കാൻ തീരുമാനിച്ചു.
ഫറോക്ക് നഗരസഭയിൽ ഷാഹുൽ ഹമീദിന്റെ പരാതിയിൽ വിവരം നിഷേധിച്ച മുൻ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കെതിരെ നടപടി സ്വീകരിനും മറ്റൊരു പരാതിക്കാരനായ സലീം ടി 63 രൂപ നഗരസഭയിൽ അടച്ചാൽ വിവരം ലഭ്യമാക്കാനും നിർദ്ദേശിച്ചു. ഫറോക്ക് നഗരസഭയിൽ മഖ്ബുൾ സമർപ്പിച്ച പരാതിമേൽ 21 ദിവസത്തിനകം വിവരം ലഭ്യമാക്കാൻ കമ്മീഷണർ നിർദ്ദേശിച്ചു. കക്കട്ടിൽ സബ് രജിസ്റ്റർ ഓഫീസിൽ എ രാജൻ സമർപ്പിച്ച അപേക്ഷയിൽ രണ്ടാഴ്ചയ്ക്കകം വിവരം ലഭ്യമാക്കാനും കമ്മീഷണർ ഉത്തരവിട്ടു.