കോഴിക്കോട് ∙ സംസ്ഥാന സ്കൂൾ കായികമേള ജില്ലയിൽ വീണ്ടും സംഘടിപ്പിക്കുമെന്ന പ്രഖ്യാപനത്തിന്റെ ആവേശത്തിലാണ് മലബാറിലെ കായികപ്രേമികളും താരങ്ങളും. ദീർഘകാലത്തെ ഇടവേളയ്ക്കുശേഷമെത്തുന്ന ഈ കായികമാമാങ്കം എക്കാലത്തെയും വലിയ വിജയമാക്കി മാറ്റുമെന്നാണ് അധ്യാപക സമൂഹം വ്യക്തമാക്കുന്നത്.
ഇത്തവണ മത്സരങ്ങൾക്കായി വേദിയാകുന്നത് എൻഐടി മൈതാനത്ത് പുതുതായി നിർമിച്ച സിന്തറ്റിക് ട്രാപ്പാണ്. നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെത്തിനിൽക്കുന്ന ഈ മൈതാനം, ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷമായിരിക്കും കായികമേളയ്ക്കായി കൈമാറുക.
പഴയ ആർഇസി ക്രിക്കറ്റ് മൈതാനം സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് നിലവിൽ എൻഐടി പുതിയ സ്പോർട്സ് അരീന യാഥാർത്ഥ്യമാക്കുന്നത്. ഇതിന്റെ ഭാഗമായി 43 കോടിയിലധികം രൂപ ചെലവുവരുന്ന ഇൻഡോർ കോർട്ട് കോംപ്ലക്സ് അടക്കമുള്ള വികസന പദ്ധതികളും വരും ദിവസങ്ങളിൽ ഇവിടെ നടപ്പാക്കാനുണ്ട്.
ഫ്ലഡ് ലൈറ്റുകൾ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളുടെ നിർമാണ ജോലികൾ ഇനി പൂർത്തിയാകാന ബാക്കിയുള്ളൂ. ഓട്ടമാറ്റിക് സ്പ്രിംഗ്ലർ സംവിധാനം, വിഐപി ലോഞ്ചുകൾ, കായിക ഉപകരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സ്റ്റോർ റൂം തുടങ്ങിയ സജ്ജീകരണങ്ങളെല്ലാമുള്ള ഈ പദ്ധതിക്കായി ഏകദേശം 8.9 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത്.
ഇതിന്റെ ഭാഗമായി സിന്തറ്റിക് ട്രാക്കും ഇലവൻസ് ഫുട്ബോൾ ടർഫും ഇപ്പോൾ യാഥാർത്ഥ്യമായിട്ടുണ്ട്. 450 മീറ്റർ നീളത്തിലുള്ള ഈ സിന്തറ്റിക് ട്രാക്കിൽ 8 ട്രാക്കുകളാണുള്ളത്.
കൂടാതെ ലോങ് ജംപ്, ഹൈജംപ് എന്നിവയ്ക്കായുള്ള പിറ്റുകളുടെ നിർമാണവും അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അന്താരാഷ്ട്ര ഒളിംപിക്സ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ് സിന്തറ്റിക് ട്രാക്കും ജംപിങ് പിറ്റുകളും രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കാണികൾക്കായി ഗാലറിയും, വിവിധ മുറികളും, സ്റ്റോറേജ് സൗകര്യങ്ങളും ഒപ്പം ശുചിമുറികളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രേറ്റ് സ്പോർട്സ് ടെക് എന്ന കമ്പനിക്കാണ് നിർമാണ ചുമതല.
പുതിയ സിന്തറ്റിക് ട്രാക്കിനോട് ചേർന്നാണ് എൻഐടിയുടെ ക്രിക്കറ്റ് മൈതാനം സ്ഥിതി ചെയ്യുന്നത്. രണ്ട് പിച്ചുകൾ ഉൾക്കൊള്ളുന്ന ഈ പരിസ്ഥിതി സൗഹൃദ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അടുത്തിടെ രഞ്ജി ട്രോഫി ജൂനിയർ വിഭാഗം മത്സരങ്ങളും വിജയകരമായി നടത്തിയിരുന്നു.
നിലവിലെ സിന്തറ്റിക് ട്രാക്ക് നിർമിച്ചിരിക്കുന്ന ഈ മൈതാനത്ത് മുൻകാലങ്ങളിൽ വിശിഷ്ട വ്യക്തികളുമായി ഹെലികോപ്റ്ററുകൾ വന്നിറങ്ങിയിരുന്ന ചരിത്രവുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

