നാദാപുരം∙ വൈദ്യുതി ബോർഡുമായുള്ള തർക്കം കാരണം കഴിഞ്ഞ ചൊവ്വാഴ്ച ഒന്നാം നിലയുടെ കോൺക്രീറ്റ് മുടങ്ങിയ നാദാപുരം സ്മാർട് വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ നിർമാണ ജോലികൾ പുനരാരംഭിക്കാനായില്ല. കോൺക്രീറ്റ് ജോലികൾക്കായി സമീപത്തെ വൈദ്യുതി ലൈൻ ഓഫ് ചെയ്യാൻ റവന്യു അധികൃതർ ആവശ്യപ്പെട്ടെങ്കിലും വൈദ്യുതി അധികൃതർ സഹകരിക്കാതിരുന്നതിനാലാണ് പണി മുടങ്ങി തൊഴിലാളികൾ തിരിച്ചു പോകേണ്ടി വന്നത്.
ഇവിടെ പണി നടത്തുന്നതു വഴി വൈദ്യുതി ബോർഡിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ വില്ലേജ് അധികൃതരായിരിക്കും ഉത്തരവാദി എന്നു കാണിച്ചു വില്ലേജിലേക്ക് വൈദ്യുതി അധികൃതർ നോട്ടിസ് അയച്ചിരുന്നു.
ഇക്കാര്യം പണി ഏറ്റെടുത്ത നിർമിത കേന്ദ്രത്തെയും ജില്ലാ ഭരണകൂടത്തെയും അറിയിച്ചതോടെ, തർക്കത്തിൽ തീരുമാനമായ ശേഷം പണി തുടങ്ങിയാൽ മതിയെന്നാണ് ധാരണയിലെത്തിയത്.
ഇന്ന് ആർഡിഒ തലത്തിൽ ചർച്ച നടക്കുമെന്നാണ് സൂചന. വൈദ്യുതി ലൈനുകളും പോസ്റ്റും മാറ്റണമെങ്കിൽ ചെലവ് വരുമെന്നും ഭൂഗർഭ കേബിൾ വഴി ഈ ഭാഗത്തെ വൈദ്യുതി ലൈൻ കൊണ്ടു പോകേണ്ടി വരുമെന്നുമാണ് വൈദ്യുതി ബോർഡിന്റെ നിലപാട്.
ഇതിനുള്ള ചെലവ് കെട്ടിടം നിർമിക്കുന്ന നിർമിതി കേന്ദ്രമോ, റവന്യു അധികൃതരോ വഹിക്കണമത്രെ. എന്നാൽ, വൈദ്യുതി തൂണുള്ളതും ലൈൻ കടന്നു പോകുന്നതും റവന്യൂ വക സ്ഥലത്താണെന്നാണ് റവന്യു അധികൃതർ പറയുന്നത്.
സ്മാർട് വില്ലേജ് ഓഫിസ് കെട്ടിടത്തിനു സമീപത്തു കൂടി വൈദ്യുതി ലൈൻ കടന്നു പോകുന്നത് അപകടങ്ങൾക്ക് ഇടയാക്കുമെന്നും തൽക്കാലം ഓഫ് ചെയ്തതു കൊണ്ട് പ്രശ്നം തീരില്ലെന്നുമാണ് വൈദ്യുതി അധികൃതരുടെ നിലപാട്. ഡിസംബറിൽ പൂർത്തീകരിക്കേണ്ട
സർക്കാർ പ്രവൃത്തികളുടെ പട്ടികയിൽ പെടുത്തിയ വില്ലേജ് ഓഫിസ് കെട്ടിട നിർമാണമാണ് അനിശ്ചിതമായി നീളുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]