കോഴിക്കോട് മുക്കം മണാശ്ശേരിയിൽ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പൊലീസ് പിടിയിലായി. മണാശ്ശേരി മുതുകുറ്റി സ്വദേശിയായ ജയകുമാർ ആണ് അറസ്റ്റിലായത്.
സംഭവത്തിൽ മുതുകുറ്റിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വിനോദ് കുമാർ (58) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് 7.15-ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
തർക്കത്തിനിടെ വിനോദ് കുമാറിന്റെ കഴുത്തിൽ വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മദ്യലഹരിയിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൃത്യത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.
ബുധനാഴ്ച രാവിലെ മണാശ്ശേരി കയ്യേരിക്കലിൽ വെച്ച് ജയകുമാറിനെ കണ്ട ഓട്ടോ ഡ്രൈവർ പ്രതീഷ് ഇയാളെ തടയാൻ ശ്രമിക്കുകയായിരുന്നു.
പ്രതീഷ് ബഹളം വെച്ചതിനെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ തടഞ്ഞുവെച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മുക്കം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

