കോഴിക്കോട്∙ഗവ. മെഡിക്കൽ കോളജിന് ബോംബ് ഭീഷണി.
പൊലീസ് വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മെഡിക്കൽ കോളജ് പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ചേർന്ന് അത്യാഹിത വിഭാഗം, ഒപി, മോർച്ചറി, പാർക്കിങ് പരിസരങ്ങൾ എന്നിവിടങ്ങളിൽ തിരച്ചിൽ നടത്തി.
ആശുപത്രിയിൽ എത്തിയ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ബാഗുകളും പരിശോധിച്ചു. ആശുപത്രിക്കുളളിലും വാർഡുകളിലും പ്രത്യേകം പരിശോധനയും നടത്തി. പുലർച്ചെ 3.23ന് ആണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം പ്രിൻസിപ്പൽ ഡോ.കെ.ജി.സജീത് കുമാറിന്റെ ഇ മെയിലിൽ ലഭിച്ചത്.
തമിഴ്നാട്ടിൽ നിന്ന് മുഹമ്മദ് വിക്രം രാജ് ഗുരു എന്ന ഐഡിയിൽ നിന്നു വന്ന ഭീഷണി സന്ദേശത്തിൽ 3 ആർഡിഎക്സ് ഐഇഡി ബോംബുകൾ ആശുപത്രിക്കുളളിൽ സ്ഥാപിച്ചതായി പറയുന്നു.
ഒപിയിലും ക്ലാസുകളിലും ഉൾപ്പെടെ മൂന്നു സ്ഥലങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് 1.35 ന് രോഗികളെയും മറ്റും ആശുപത്രിയിൽ നിന്നു മാറ്റണമെന്നും സന്ദേശത്തിൽ പറയുന്നു. 1979 ലെ നൈനാർ ദാസ് തമിഴ്നാട് പൊലീസ് സബ്ഓഡിനേറ്റ്സ് അസോസിയേഷൻ നിർദേശങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബോംബ് ഭീഷണി. മുൻപ് കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലെ കലക്ടറേറ്റിലും ഇതേ രീതിയിൽ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു.
ഉച്ചയ്ക്ക് ഒന്നരയ്ക്ക് ബോംബ് പൊട്ടുമെന്നും ജീവനക്കാരെ ഒഴിപ്പിക്കണമെന്നുമാണ് മദ്രാസ് ടൈഗേഴ്സിന്റെ പേരിൽ വന്ന സന്ദേശത്തിൽ പറഞ്ഞിരുന്നത്.
തൃശൂരിൽ റെയിൽവേ പാർക്കിങ്ങിൽ ഉണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ രാവിലെ ഫയർ ഓഡിറ്റിന്റെ ഭാഗമായി മെഡിക്കൽ കോളജ് പൊലീസ് ആശുപത്രിയിൽ എത്തിയിരുന്നു. അപ്പോഴാണ് ഇത്തരത്തിൽ ഇമെയിൽ സന്ദേശം ലഭിച്ച വിവരം സൂപ്രണ്ട് പൊലീസിനെ അറിയിച്ചത്. മെഡിക്കൽ കോളജ് എസിപി ആർ.ഹരിപ്രസാദ്, ഇൻസ്പെക്ടർ ബൈജു കെ.ജോസ്, സംസ്ഥാന ഇന്റലിജൻസ് ഡിവൈഎസ്പി വിശ്വാസ്, ബോംബ് സ്ക്വാഡിലെ എസ്ഐ എ.അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ഡോഗ് സ്ക്വാഡിൽ നിന്ന് സീനിയർ സിപിഒമാരായ എ.സുനൂബ്, സജീഷ് എന്നിവരും പൊലീസ് ഡോഗ് റാംബോയുമായാണ് പരിശോധന നടത്തിയത്. മെഡിക്കൽ കോളജ് പൊലീസ് ഉദ്യോഗസ്ഥരും പങ്കാളികളായി.
ഇ മെയിലിനെ കുറിച്ച് സൈബർ സെൽ പരിശോധന നടത്തും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

