കോഴിക്കോട്∙ സൂപ്പർക്രോസ് റേസിങ് ലീഗിനു ശേഷം കോർപറേഷൻ സ്റ്റേഡിയത്തിലെ പുൽമൈതാനം നശിക്കുകയും ഘടന മാറുകയും ചെയ്ത സംഭവത്തിൽ വിദഗ്ധ പരിശോധനകൾ നടന്നില്ല. മേയർ ഒ.സദാശിവൻ കഴിഞ്ഞ ദിവസം വിളിച്ച യോഗത്തിൽ വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിച്ച് സ്റ്റേഡിയത്തിന്റെ പുൽമൈതാനത്തിന്റെ നവീകരണം സംബന്ധിച്ച് റിപ്പോർട്ട് നൽകണമെന്ന് കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷനോട് (കെഡിഎഫ്എ) ആവശ്യപ്പെട്ടിരുന്നു.
ഇതുപ്രകാരം കൊച്ചിയിലെ വിദഗ്ധരുടെ കമ്പനിയോട് പരിശോധന നടത്താൻ ആവശ്യപ്പെട്ടു.
ഇവർ പരിശോധന നടത്താമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും ഇന്നലെ നിലപാട് മാറ്റി. സുപ്പർക്രോസ് റേസിങ് ലീഗിന്റെ ഗുവാഹത്തി സംഘം പരിശോധന നടത്തുന്ന സാഹചര്യത്തിൽ കെഡിഎഫ്എയുടെ പ്രതിനിധികളായി പരിശോധന നടത്താൻ നിയമപരമായി തടസ്സമുണ്ടെന്നാണ് ഇവർ ഇന്നലെ സ്വീകരിച്ച നിലപാട്.
ഒന്നുകിൽ പരിശോധനാ ചുമതല കോർപറേഷൻ രേഖാമൂലം ഏൽപിക്കുകയോ കൺസൽറ്റൻസിയായി നൽകുകയോ ചെയ്താൽ മാത്രമേ പരിശോധന നടത്താൻ ഈ കമ്പനി തയാറാകൂ. ഉന്നതതല ഇടപെടലിനെ തുടർന്നാണ് കമ്പനിയുടെ പിൻമാറ്റമെന്നും സംശയമുണ്ട്.
കൺസൽറ്റൻസിയായി ഒരു കമ്പനിയെ നിയമിക്കണമെങ്കിൽ കോർപറേഷൻ കൗൺസിൽ യോഗം ചേർന്നു തീരുമാനമെടുക്കണം.
എന്നാൽ അടിയന്തര സാഹചര്യത്തിൽ ഇതു സാധ്യമല്ല. സൂപ്പർക്രോസ് റേസിങ് ലീഗിനു വേണ്ടി വിദഗ്ധസംഘം ഇന്നലെ പരിശോധന നടത്തുമെന്ന് ബാൻഡിഡോസ് മോട്ടർ സ്പോർട്സിന്റെ മേധാവി മുർഷിദ് ബാൻഡിഡോസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്നലെ വൈകിട്ട് മൂന്നോടെ ഈ സംഘം പരിശോധന നടത്തുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ ഇന്നലെ പരിശോധന നടന്നിട്ടില്ല.
അതേസമയം മൈതാനത്ത് പുല്ല് മുളപ്പിക്കാൻ സൂപ്പർക്രോസ് ടീമിനുവേണ്ടി അസമിലെ ക്രോക്കജാർ ജില്ലയിൽനിന്നുള്ള തൊഴിലാളികളാണ് നനയ്ക്കുന്നതും വളമിടുന്നതും. പുൽമൈതാനത്തിന്റെ പല ഭാഗവും താഴ്ന്നുപോയതും രൂപഘടന നഷ്ടപ്പെട്ടതും പുല്ലു വളരുന്നതോടെ നേരെയാകുമെന്നാണ് ഇതരസംസ്ഥാന തൊഴിലാളികൾ പറഞ്ഞത്.
പുൽമൈതാനത്ത് ട്രക്കുകളുടെ ടയർപാടുകൾ എങ്ങനെ നേരെയാക്കുമെന്ന് ചോദിച്ചപ്പോൾ ‘യൂറിയ വളമിട്ട് പുല്ല് വളർന്നുകഴിഞ്ഞാൽ ഈ പാടൊന്നും കാണില്ല’ എന്നായിരുന്നു മറുപടി !
കുഴൽക്കിണറിന്റെ പൈപ്പുകൾക്കും കേടുപാട് പറ്റി
കോഴിക്കോട്∙ സ്റ്റേഡിയത്തിൽ മൈതാനം നനയ്ക്കാൻ പുതുതായി നിർമിച്ച കുഴൽകിണറിന്റെ പൈപ്പുകൾക്കും കേടുപാടു പറ്റി. കെഎഫ്എ കഴിഞ്ഞ സീസണിലാണ് സ്റ്റേഡിയത്തിലെ പുൽമൈതാനം നനയ്ക്കാൻ രണ്ടര ലക്ഷത്തോളം രൂപ ചെലവഴിച്ച് പുതിയ കുഴൽകിണർ നിർമിച്ചത്. മൈതാനം നനയ്ക്കാനായി ഇതിന്റെ പൈപ്പുകൾ ഉപയോഗിച്ചിരുന്നു. ഈ പൈപ്പുകൾക്കു കേടുപാടുകൾ പറ്റിയതോടെ ഇന്നലെ ടാങ്കർലോറിയിൽ വെള്ളമെത്തിച്ചാണ് മൈതാനം നനച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

