
പാച്ചാക്കിൽ തോട് നവീകരണം പാളി; ചെറുവറ്റിങ്ങരതോട് ഭാഗം മുങ്ങുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ ഇടുങ്ങിയ തോടും ചെങ്കുത്തായ റോഡും… മഴക്കാലം ചേവരമ്പലം – പാറോപ്പടി റോഡ് ചെറുവറ്റിങ്ങര തോട് പ്രദേശവാസികൾക്കു ദുരിത കാലം. മെഡിക്കൽ കോളജ് ഭാഗത്തു നിന്നാരംഭിച്ചു പാച്ചാക്കിൽ വഴി ദേശീയപാത കടന്നു പുഞ്ചയിൽ എത്തി കനോലി കനാലിലേക്ക് ഒഴുകുന്ന പാച്ചാക്കിൽ തോടിന്റെ അശാസ്ത്രീയ നവീകരണം പ്രദേശത്തിനു ശാപമായി മാറി.ഈ തോട് വാളാംകുളം മുതൽ ചെറുവറ്റിങ്ങര തോട് വരെ ഇരു പാർശ്വഭിത്തി കല്ലിട്ടു കെട്ടി വീതിയും ഉയരവും കൂട്ടി നവീകരിച്ചിട്ടുണ്ട്. അതു കഴിഞ്ഞു ഒരു കിലോമീറ്ററിൽ താഴെ ദൂരം തോട് ഇടുങ്ങിയതും പല ഭാഗത്തും ഇടിഞ്ഞതുമാണ്.
പിന്നീട് ഇരു ഭാഗത്തും കല്ലിട്ടു കെട്ടി നവീകരിച്ചിട്ടുണ്ട്. മഴക്കാലത്തു മെഡിക്കൽ കോളജ് ഭാഗത്തു നിന്നുള്ള വെള്ളം തോട്ടിലൂടെ കുത്തിയൊഴുകി ചേവരമ്പലം – പാറോപ്പടി റോഡ് ചെറുവറ്റിങ്ങര തോട് ഭാഗത്ത് എത്തുമ്പോൾ തടസ്സം നേരിടും. ഇടുങ്ങിയ തോട്ടിലൂടെ വെള്ളം ഒഴുകാതെ റോഡിലേക്കും ഇരുകരയിലേക്കും പരക്കും. ചേവരമ്പലം – പാറോപ്പടി റോഡിൽ ഈ ഭാഗത്തു റോഡിനു കുറുകെയുള്ള പാലം വർഷങ്ങൾക്കു മുൻപു തകർന്നു. പിന്നീട് നല്ല ഉയരത്തിലാണു പുതുക്കി പണിതത്. അതിനാൽ ഇവിടെ റോഡ് ഇരുഭാഗത്തു നിന്നു ചെങ്കുത്തായി ഇറങ്ങിവരുന്ന അവസ്ഥയാണ്.
തെക്കു ഭാഗത്തു നിന്നും വടക്കു ഭാഗത്തു നിന്നും മഴക്കാലത്തു വെള്ളം ഒഴുകിയെത്തും.തെക്കു ഭാഗം ചേവരമ്പലം ഭാഗത്തു നിന്നു റോഡിലൂടെ പുഴ കണക്കെ വെള്ളം ഒഴുകിയെത്തും അതു റോഡിൽ തന്നെ കെട്ടിക്കിടക്കും. തോടിന്റെ ഒഴുക്കു തടസ്സപ്പെട്ടുണ്ടാകുന്ന വെള്ളവും റോഡിലൂടെ വരുന്ന വെള്ളവും അവിടെ കേന്ദ്രീകരിച്ചു കെട്ടിക്കിടക്കുന്നതിനാൽ മഴക്കാലത്തു പ്രദേശം മുഴുവൻ വെള്ളത്തിനടിയിലാകും. ഒട്ടേറെ വീട്ടുകാരും ഇതുവഴിയുള്ള യാത്രക്കാരും ഗതികേടിലാകുകയാണ്. തോടിന്റെ വീതി കൂട്ടി പാർശ്വഭിത്തി ഉയർത്തി കെട്ടുകയും റോഡ് ഉയരം കൂട്ടി രണ്ടു ഭാഗത്തും വീതിയുള്ള ഓട നിർമിക്കുകയും ചെയ്താൽ പ്രശ്നത്തിനു പരിഹാരമാകും.