
പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റാൻ നീക്കം: കോഴിക്കോട് നഗരം വിറപ്പിച്ച് പ്രതിഷേധം
കോഴിക്കോട്∙ പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റുന്നതിനെതിരെ പച്ചക്കറി കച്ചവടക്കാരുടെയും തൊഴിലാളികളുടെയും സമരത്തിൽ വിറച്ച് നഗരം. കോർപറേഷൻ ഓഫിസിന്റെ എല്ലാ കവാടങ്ങളും ഉപരോധിച്ചതോടെ ഓഫിസ് പ്രവർത്തനം ഉച്ചവരെ പൂർണമായും സ്തംഭിച്ചു.
മേയറെ കോർപറേഷൻ ഓഫിസിന്റെ ഗേറ്റിൽ തൊഴിലാളികൾ തടഞ്ഞു. മതിൽ ചാടി അകത്തുകയറാൻ ശ്രമിച്ച ജീവനക്കാരനെ പിടിച്ച് പുറത്തിറക്കിയതിനെ തുടർന്ന് പൊലീസുമായി വാക്കേറ്റമുണ്ടായി.
ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് പാളയത്തുനിന്ന് ജില്ലാ വെജിറ്റബിൾ മാർക്കറ്റ് കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം തുടങ്ങിയത്. പച്ചക്കറി ഫ്രൂട്സ് മാർക്കറ്റ് പാളയത്തു തന്നെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ടു കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കോർപറേഷൻ ഓഫിസ് ഉപരോധിച്ച സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു ചിത്രം: മനോരമ
പഴം പച്ചക്കറി മാർക്കറ്റ് പാളയത്തു സംരക്ഷിക്കണമെന്നും വികസനത്തിന്റെ പേരിൽ കല്ലുത്താൻകടവിലെ സ്വകാര്യകമ്പനിയുടെ കെട്ടിടത്തിലേക്ക് മാറ്റരുതെന്നും ആവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്.
കോർപറേഷൻ ഓഫിസ് പരിസരത്ത് മാർച്ച് അവസാനിച്ചു. തുടർന്ന് ഓഫിസിന്റെ എല്ലാ കവാടങ്ങളും തൊഴിലാളികൾ ഉപരോധിച്ചു.
പഴം–പച്ചക്കറി കടയുടമകൾ, തൊഴിലാളികൾ, ഉന്തുവണ്ടി കച്ചവടക്കാർ, ചുമട്ടുതൊഴിലാളികൾ തുടങ്ങിയ ആയിരത്തോളം പേരാണ് സമരത്തിൽ പങ്കെടുത്തത്. കോർപറേഷൻ ഓഫിസ് ഉപരോധ സമരത്തിനിടെ ഓഫിസിലേക്കു എത്തിയ മേയർ ബീന ഫിലിപ്പിനെ സമരക്കാർ തടഞ്ഞപ്പോൾ.
ചിത്രം: മനോരമ
കോർപറേഷൻ ഓഫിസിലേക്ക് വന്ന മേയർ ബീന ഫിലിപ്പിനെ ഗേറ്റിനു മുന്നിൽ തൊഴിലാളികൾ തടഞ്ഞതിനെത്തുടർന്ന് മേയർ തിരികെപ്പോയി. ഇതിനിടെ കോർപറേഷൻ ഓഫിസിലെ ജീവനക്കാരൻ മതിൽ ചാടിക്കടന്ന് അകത്തുകയറാൻ ശ്രമിച്ചു.
ഇയാളെ പ്രതിഷേധക്കാർ പുറത്തേക്ക് ഇറക്കിവിട്ടു. ഇതോടെ പൊലീസുമായി വാക്കേറ്റവുമുണ്ടായി.
കോർപറേഷൻ ഓഫിസിന്റെ പ്രധാന കവാടത്തിനുമുന്നിൽ ഉപരോധസമരം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ് അധ്യക്ഷനായിരുന്നു.
കോർപറേഷൻ ഓഫിസ് ഉപരോധ സമരത്തിൽ പ്രവേശന കവാടം എല്ലാം സമരക്കാർ അടച്ചതിനെത്തുടർന്നു മതിൽ ചാടിക്കടക്കുന്ന കോർപറേഷൻ ജീവനക്കാരൻ (ചിത്രം–1), കോർപറേഷൻ അങ്കണത്തിൽ പ്രവേശിച്ച ജീവനക്കാരനെ സമരക്കാർ മതിലിനു മുകളിലൂടെ തന്നെ വലിച്ചു പുറത്താക്കുന്നു. ചിത്രം: മനോരമ
ഐഎൻടിയുസി ജില്ലാപ്രസിഡന്റ് കെ.രാജീവ്, എസ്ടിയു ജില്ലാപ്രസിഡന്റ് എൻ.കെ.സി.ബഷീർ, ബിഎംഎസ് ജില്ലാപ്രസിഡന്റ് വി.വി.രാജേഷ്, മനാഫ് കാപ്പാട് തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.
പ്രതിഷേധം ശക്തമായതോടെ പൊലീസെത്തി കവാടത്തിനുമുന്നിൽനിന്ന് അഞ്ഞൂറോളം തൊഴിലാളികളെ അറസ്റ്റുചെയ്തു നീക്കി. സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിയുടെ ജില്ലാപ്രസിഡന്റ് ഇ.സി.സതീശൻ, പി.രമേശൻ, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറി പി.സുനിൽകുമാർ, മനാഫ് കാപ്പാട്, കോർഓഡിനേഷൻ കമ്മിറ്റി നേതാക്കളായ പി.കെ.കൃഷ്ണദാസ്, എ.ടി.അബു, നാസർ കരിമഠം തുടങ്ങിയ നേതാക്കളെയും തൊഴിലാളികളെയുമാണ് അറസ്റ്റ് ചെയ്തത്.
സിഐടിയു മാത്രമാണ് സമരത്തിൽനിന്നു വിട്ടുനിന്നത്. പച്ചക്കറി–പഴം വിപണി സ്തംഭിച്ചു
കോഴിക്കോട്∙ പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റുന്നതിനെതിരെ പച്ചക്കറി കച്ചവടക്കാരുടെയും തൊഴിലാളികളുടെയും കോർപറേഷൻ ഉപരോധ സമരത്തോടനുബന്ധിച്ച് പാളയം മാർക്കറ്റ് അടച്ചിട്ടതോടെ ജില്ലയിലെ പച്ചക്കറി–പഴം വിപണി സ്തംഭിച്ചു.
സമരത്തിനു മുന്നോടിയായി രാത്രി 12 മുതൽ ഉച്ച വരെ പാളയം മാർക്കറ്റ് അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് കടയുടമകളും ചുമട്ടുതൊഴിലാളികളും പ്രഖ്യാപിച്ചിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള പച്ചക്കറിയും പഴവും പാളയത്തെ മൊത്തക്കച്ചവടക്കാരിൽനിന്നാണ് ചെറുകിട
കച്ചവടക്കാർ വാങ്ങുന്നത്.
പുലർച്ചെ പച്ചക്കറി ലോഡുമായി ലോറികൾ വന്നെങ്കിലും കടകൾ അടഞ്ഞുകിടക്കുന്നതിനാൽ കച്ചവടം നടന്നില്ല. കോർപറേഷന്റെ എല്ലാ ഗേറ്റുകളും ഉപരോധിച്ചതോടെ ജീവനക്കാർക്ക് അകത്തുകടക്കാനായില്ല.
രാവിലെ സ്ഥലത്തെത്തിയ ജീവനക്കാരിൽ പലരും കടപ്പുറത്ത് സർക്കാരിന്റെ എന്റെ കേരളം പ്രദർശനസ്ഥലത്തേക്ക് പോയി. പതിനൊന്നരയോടെ സമരക്കാരെ പൊലീസ് അറസ്റ്റു ചെയ്ത ശേഷമാണ് ഗേറ്റുകൾ തുറന്ന് ജീവനക്കാർ അകത്തുകയറിയത്.
മാർക്കറ്റ് മാറ്റരുത്
കോഴിക്കോട്∙ നഗരത്തിന്റെ പ്രധാന വാണിജ്യ മുഖമായ പാളയം പച്ചക്കറി മാർക്കറ്റ് പൈതൃകം നിലനിർത്തി പാളയത്തുതന്നെ നില നിർത്തണമെന്ന് പിപ്പിൾസ് ആക്ഷൻ ഗ്രൂപ്പ് പൊതുയോഗത്തിൽ പ്രമേയം.
മാർക്കറ്റ് കല്ലുത്താൻ കടവിലെക്ക് മാറ്റാനുള്ള തീരുമാനം പുനഃപരിശോധിക്കണം. തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഉപഭോക്താക്കളെയും പരിഗണിക്കണമെന്നും പറഞ്ഞു.
എം.എ.സത്താർ, എം.എസ്.മെഹബൂബ്, യൂനസ് പരപ്പിൽ, കെ.സന്തോഷ് കുമാർ, പി. മോഹനൻ, പി.പി.സതീശൻ എന്നിവർ പ്രസംഗിച്ചു.
സമരം ശക്തമാക്കും
കോഴിക്കോട്∙ പാളയം പച്ചക്കറിമാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ജില്ലാ പച്ചക്കറി മാർക്കറ്റ് കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ് പറഞ്ഞു. കോർപറേഷൻ അധികൃതർ ചർച്ചയ്ക്കു വിളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം പറഞ്ഞു. കോർപറേഷൻ ഓഫിസ് ഉപരോധിച്ച സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം സ്വകാര്യ ബസിൽ കയറ്റി സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നു.
പൊലീസ് ബസുകൾ പൂരത്തിനു പോയി; സമരക്കാരെ കൊണ്ടുപോവാൻ സിറ്റി ബസ്
കോഴിക്കോട്∙ പൊലീസുകാരും പൊലീസ്ബസുകളും തൃശൂർ പൂരം ഡ്യൂട്ടിക്കുപോയി, പ്രതിഷേധക്കാരെ അറസ്റ്റുചെയ്ത് കൊണ്ടുപോവാൻ സ്വകാര്യബസ് വിളിച്ചു.
പതിവ് ധർണയ്ക്കുണ്ടാവുന്ന ജനങ്ങളെ മാത്രമാണ് ഇന്നലെ രാവിലെ കോർപറേഷൻ ഉപരോധത്തിനും പൊലീസ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇന്നലെ കോർപറേഷൻ ഓഫിസിന്റെ രണ്ടു ഗേറ്റുകളും പ്രതിഷേധക്കാർ ഉപരോധിച്ചു.
രണ്ടു മിനി ബസ്സുകളിലും നാലു ജീപ്പുകളിലുമായി ഏതാനും സമരക്കാരെ പൊലീസ് കൊണ്ടുപോയെങ്കിലും നൂറുകണക്കിനാളുകൾ കോർപറേഷന്റെ ഗേറ്റിനുമുന്നിലുണ്ടായിരുന്നു.
ഇതോടെ ഒരു സിറ്റിബസ് കൊണ്ടുവന്ന് അതിൽകൊള്ളാവുന്നയത്ര ആളുകളെ ബസ്സിൽ കയറ്റി. ഇതിനിടെ സ്വകാര്യബസ്സിൽ കയറില്ലെന്നു സമരക്കാരും വാദമുന്നയിച്ചതോടെ പൊലീസ് കുടുങ്ങി.
പല തവണകളായാണ് സമരക്കാരെ അറസ്റ്റു ചെയ്ത് കൊണ്ടുപോയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]