കോഴിക്കോട് ∙ റെയിൽവേ സ്റ്റേഷന്റെ കിഴക്കേ കവാടത്തിലെ പാർക്കിങ് ഏരിയ നോക്കാൻ കരാറുകാരനില്ലാത്തതു ഗുരുതര സുരക്ഷാ ഭീഷണി ഉയർത്തുന്നതായി ആർപിഎഫും റെയിൽവേ പൊലീസും റെയിൽവേ ഉദ്യോഗസ്ഥരും ലോക്കൽ പൊലീസും ചേർന്നു നടത്തിയ പരിശോധനയിൽ കണ്ടെത്തി. സുരക്ഷാ ഭീഷണി സംബന്ധിച്ചു സിറ്റി പൊലീസ് കമ്മിഷണർ വഴി റെയിൽവേ ഡിവിഷനൽ മാനേജർക്കു റിപ്പോർട്ട് നൽകും.
തൃശൂരിൽ റെയിൽവേ സ്റ്റേഷൻ പാർക്കിങ് ഏരിയയിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന. കിഴക്കേ കവാടത്തിലെ പാർക്കിങ് കരാർ കഴിഞ്ഞമാസം 31ന് അവസാനിച്ചിരുന്നു.
പുതിയ കരാറുകാരെ തീരുമാനിച്ചിട്ടില്ല.
സ്ഥിതി ഗുരുതരം
കിഴക്കേ കവാടത്തിൽ ഒന്നാം പ്ലാറ്റ്ഫോമിന്റെ തെക്കേ അറ്റത്തുള്ള പാർക്കിങ് ഏരിയയിൽ 850 ബൈക്കുകളും തൊണ്ണൂറോളം കാറുകളുമാണു പാർക്ക് ചെയ്തിരിക്കുന്നത്. ലഹരിമരുന്നു വിതരണക്കാരടക്കം ഒട്ടേറെ സാമൂഹിക വിരുദ്ധരുടെ സാന്നിധ്യം രാത്രിയും പകലും ഈ ഭാഗത്തുണ്ട്.
ഇവിടെ വാഹനങ്ങളോ അവയുടെ ഭാഗങ്ങളോ പെട്രോളോ മോഷ്ടിക്കാൻ സാധ്യതയേറെയാണ്. ഇതു തീപിടിത്തത്തിനു കാരണമായേക്കാമെന്നും പൊലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
കരാറുകാർ വരുന്നതു വരെ മറ്റൊന്നും ചെയ്യാനില്ലെന്നാണ് റെയിൽവേ ഉദ്യോഗസ്ഥരുടെ നിലപാട്. എത്രയും പെട്ടെന്ന് കരാറുകാരെ നിയോഗിക്കാൻ പൊലീസ് നിർദേശിച്ചു.
കിഴക്കേ കവാടത്തിൽ റെയിൽവേ പൊലീസ്, ആർപിഎഫ്, റെയിൽവേ ഉദ്യോഗസ്ഥർ എന്നിവരുടെ നിരീക്ഷണം ശക്തമാക്കാനും നിർദേശിച്ചു.
പടിഞ്ഞാറെ കവാടത്തിൽ കൂടുതൽ അഗ്നിരക്ഷാ യന്ത്രങ്ങൾ
പടിഞ്ഞാറെ കവാടത്തിൽ നാലാം പ്ലാറ്റ്ഫോമിനോടു ചേർന്നുള്ള, പാർക്കിങ് ഏരിയയിൽ കൂടുതൽ അഗ്നിരക്ഷാ യന്ത്രങ്ങൾ വയ്ക്കും. തൃശൂരിലെ തീപിടിത്തത്തിനു ശേഷം ഇവിടെ 3 അഗ്നിരക്ഷാ യന്ത്രങ്ങൾ വച്ചിരുന്നു.
ഇതു വർധിപ്പിക്കും. കൂടുതൽ ജീവനക്കാരെ നിയോഗിച്ച്, പാർക്ക് ചെയ്ത വാഹനങ്ങൾ അടിക്കടി പരിശോധിക്കാനും പൊലീസ് നിർദേശിച്ചിട്ടുണ്ട്.
കോഴിക്കോട് സ്റ്റേഷൻ മാനേജർ സി.കെ.ഹരീഷ്, സ്പെഷൽ ബ്രാഞ്ച് എസിപി കെ.കെ.വിനോദൻ, ടൗൺ എസിപി ടി.അഷ്റഫ്, ആർപിഎഫ് ഇൻസ്പെക്ടർ എൻ.കേശവദാസ്, ചീഫ് കമേഴ്സ്യൽ ഇൻസ്പെക്ടർ ഖലീൽ റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രണ്ടു കവാടങ്ങളിലെയും പാർക്കിങ് ഏരിയകൾക്കു പുറമേ, പാഴ്സൽ കേന്ദ്രവും പരിശോധിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

